'കായികമന്ത്രി പറഞ്ഞതിൽ ഒരു കുഴപ്പമുണ്ട്, മെസ്സി വരില്ലാന്ന് പറയാൻ പറ്റില്ലാന്നാണ് പറഞ്ഞത്, വരുമോ എന്നാണ് പറയേണ്ടത്'; മന്ത്രി അബ്ദുറഹ്മാനെ ട്രോളി സാദിഖലി ശിഹാബ് തങ്ങൾ
text_fieldsമലപ്പുറം: അർജന്റീനയും മെസ്സിയും കേരളത്തിൽ പന്തുതട്ടുമോ ഇല്ലയോ എന്ന വിവാദങ്ങൾ പുരോഗമിക്കവേ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും.
'വരും വലൂലാ' എന്നൊക്കെ മന്ത്രി ഇങ്ങനെ പറയുന്നത് സംസ്ഥാനത്തിന് തന്നെ മാനക്കേടാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കാര്യങ്ങൾ കുറച്ചൊക്കെ ആലോചിച്ചിട്ട് പറയേണ്ടതാണെന്നും ഇതിന്റെ ചിലവ് വഹിക്കാൻ കഴിഞ്ഞില്ലാന്ന് പറയുന്നത് നമുക്ക് തന്നെ ഒരു നാണക്കേടല്ലേയെന്നും ശരിയായ വിവരം ജനങ്ങളെ അറിയിക്കണമെന്നും മന്ത്രി വി.അബ്ദുറഹിമാനോട് പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
അതേസമയം, മന്ത്രി പറഞ്ഞതിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി സാദിഖലി ശിഹാബ് തങ്ങളും കായികമന്ത്രിയെ 'ട്രോളി'. 'കായികമന്ത്രി പറഞ്ഞതിൽ ഒരു കുഴപ്പമുണ്ട്. വരില്ലാന്ന് പറയാൻ പറ്റിലാന്നാണ് പറഞ്ഞത്. വരുമോ എന്നാണ് പറയേണ്ടത്'-എന്ന് സാദിഖലി ശിഹാബ് തങ്ങൾ തമാശ രൂപേണ മാധ്യമങ്ങളോട് പ്രതികരിച്ചു.
ലയണൽ മെസ്സിയും സംഘവും കേരളത്തിൽ വരില്ലെന്ന വാർത്ത വന്നതോടെ മെസ്സി വരില്ലെന്ന് പറയാനാവില്ലെന്നാണ് കായിക മന്ത്രി പറഞ്ഞത്. മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നുവെന്നും ഇക്കാര്യത്തില്‍ ആശങ്കവേണ്ടെന്നും സ്‌പോണ്‍സര്‍മാരോട് പണം വേഗത്തില്‍ അടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്പോൺസർമാർ കരാർ തുക അടക്കാത്തതിനാൽ ഒക്ടോബറിൽ കേരളത്തിൽ പന്തുതട്ടാൻ അർജന്‍റീന ഫുട്ബാൾ ടീമും മെസ്സിയും വരില്ലെന്നായിരുന്നു വാർത്തകൾ. 300 കോടിയിലധികം രൂപയാണ് ടീമിനെ എത്തിക്കാനായി സ്പോൺസർമാർ നൽകേണ്ടിയിരുന്നത്. എന്നാൽ, തുക നൽകാതിരുന്നതോടെ, ഒക്ടോബറിൽ ചൈനയിൽ രണ്ടു മത്സരങ്ങൾ കളിക്കാൻ അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, മെസ്സിയും സംഘവും കേരളത്തിൽ കളിക്കാനെത്തുമെന്നും ഒരാഴ്ചകകം അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നും സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

