മെസ്സി Vs ക്രിസ്റ്റ്യാനോ; പി.എസ്.ജിയും അൽനസ്ർ-അൽഹിലാൽ സംഘവും നാളെ നേർക്കുനേർ
text_fieldsറിയാദ്: രണ്ടു വർഷത്തിനുശേഷം ലോക ഫുട്ബാളിലെ എക്കാലത്തെയും മികച്ച രണ്ടു താരങ്ങൾ വീണ്ടും മുഖാമുഖം വരുന്നു. പി.എസ്.ജിയുടെ അർജന്റൈൻ ഹീറോ ലയണൽ മെസ്സിയും അൽനസ്റിന്റെ പോർചുഗൽ സൂപ്പർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയും വ്യാഴാഴ്ച റിയാദ് കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന സീസൺ കപ്പ് ഫുട്ബാളിൽ ഇറങ്ങുന്നു. ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിയോട് ഏറ്റുമുട്ടുന്ന അൽനസ്ർ-അൽഹിലാൽ സംയുക്ത ടീമിനെ നയിക്കുന്നത് ക്രിസ്റ്റ്യാനോയാണ്. അൽനസ്റിലെത്തിയശേഷം ക്രിസ്റ്റ്യാനോയുടെ ആദ്യ മത്സരംകൂടിയാണിത്. മെസ്സിക്കൊപ്പം മറ്റു സൂപ്പർ താരങ്ങളായ നെയ്മറും കിലിയൻ എംബാപ്പെയുമെല്ലാം ഇറങ്ങും.
അൽനസ്ർ-അൽഹിലാൽ സംയുക്ത ടീമിലെ കളിക്കാരുടെ പേരുകൾ ടീം മാനേജർ ഖാലിദ് അൽഷാനിഫാൻ പുറത്തുവിട്ടു. മുഹമ്മദ് അൽഉവൈസ്, അമീൻ ബുഖാരി (ഗോൾകീപ്പർമാർ), അബ്ദുല്ല അൽഅംറി, അലി ലഗാമി, സഊദ് അബ്ദുൽ ഹമീദ്, ജാങ് ഹ്യൂൻ സൂ, അബ്ദുല്ല മാദു, സുൽത്താൻ അൽഗനാം, ഖലീഫ അൽദോസരി, അലി അൽബുലൈഹി, ലൂയി ഗുസ്താവോ, അബ്ദുല്ല അൽഖൈബരി, അബ്ദുല്ല അതീഫ്, മുഹമ്മദ് കുനോ, സാലിം അൽദോസരി, സാമി അൽനജ്ഇ, മാത്യൂസ് പെരേര, താലിസ്ക, ബെറ്റി മാർട്ടിനെസ്, അന്ദ്രിയ കാരിയോ, മൂസ മരിഗ എന്നിവരാണ് ടീം അംഗങ്ങൾ. അർജന്റീനക്കാരൻ മാർസലോ ഗല്ലാർഡോ ആണ് പരിശീലകൻ. വ്യാഴാഴ്ച രാത്രി ഇന്ത്യൻ സമയം 10.30നാണ് മത്സരം. 2020 ഡിസംബറിലാണ് മെസ്സിയും ക്രിസ്റ്റ്യാനോയും അവസാനം ഏറ്റുമുട്ടിയത്. അന്ന് ക്രിസ്റ്റ്യാനോയുടെ യുവന്റസ് മെസ്സി നയിച്ച ബാഴ്സലോണയെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

