കപ്പിനൊപ്പം കിടന്നുറങ്ങി മെസ്സി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
text_fieldsവിശ്വകിരീടവും കെട്ടിപിടിച്ചുറങ്ങുന്ന ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. താരം തന്നെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
ബൂയൻ ഡീയാ (സുപ്രഭാതം) എന്ന അടിക്കുറിപ്പോടെയാണ് മെസ്സി ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റു ചെയ്തത്. തലയിണയിൽ വെച്ച സ്വർണ കപ്പും ചേർത്തുപിടിച്ച് ഉറങ്ങുന്നതാണ് ആദ്യത്തെ ചിത്രം. കപ്പ് ശരീരത്തോട് ചേർത്ത് തലയിണയിൽ ചിരിച്ചുകൊണ്ട് ചാരിക്കിടക്കുന്ന ചിത്രവും കപ്പു ചേർത്തുപിടിച്ച് എന്തോ കുടിക്കുന്ന ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം രണ്ടു മണിക്കൂർ കൊണ്ട് ഒരു കോടിയിലധികം പേരാണ് ലൈക്ക് ചെയ്തത്. ചിത്രത്തിന് ആദ്യം കമന്റിട്ടത് സഹതാരമായ പൗളോ ഡിബാലയാണ്. നല്ല പ്രഭാതം അല്ലേ എന്നാണ് ഡിബാലയുടെ ചോദ്യം. സ്വപ്നം സത്യമായെന്ന് നിരവധി പേർ കമന്റ് ചെയ്തപ്പോൾ ഗോട്ട് എന്നും ലജൻഡ് എന്നും പ്രതികരിച്ചവര് ഏറെ. ഇതുപോലെ ഉണരണം എന്നാണ് അഡിഡാസ് ഫുട്ബാൾ കമന്റിട്ടത്.
ലോക ഫുട്ബാൾ മാമാങ്കം ജയിച്ച് ചൊവ്വാഴ്ച പുലർച്ചെ നാട്ടിലെത്തിയ മെസ്സിക്കും കൂട്ടർക്കും രാജകീയ വരവേൽപ്പാണ് നൽകിയത്. പ്രാദേശിക സമയം പുലർച്ചെ 2.40 ഓടെയാണ് കോച്ച് സ്കലോണിയും 26 അംഗ സംഘവും ബ്വേനസ് ഐറിസിലെ ഇസീസ വിമാനത്താവളത്തിൽ ഇറങ്ങിയത്. കിരീടം കൈയിലേന്തി വിമാനത്തിൽനിന്ന് ആദ്യം പുറത്തെത്തിയ മെസ്സിക്കും സ്കലോണിക്കും പിറകെ സഹതാരങ്ങളും ഇറങ്ങിയതോടെ വിമാനത്താവള പരിസരം ആവേശക്കടലിലായി.
കപ്പുമായി തലസ്ഥാന നഗരത്തിലൂടെ യാത്രയാരംഭിച്ച സംഘത്തിന് അഭിവാദ്യം നേർന്ന് റോഡിനിരുവശവും ആയിരങ്ങളാണ് അണിനിരന്നത്. ഷൂട്ടൗട്ടിലേക്കു നീണ്ട കളിയിൽ ഫ്രാൻസിനെ വീഴ്ത്തിയായിരുന്നു അർജന്റീനയുടെ ജയം. ടൂർണമെന്റിലുടനീളം നിറഞ്ഞുകളിച്ച മെസ്സി തന്നെയായിരുന്നു ഫൈനലിലും ടീമിന്റെ വിജയനായകൻ.

