
ഇതിഹാസം ഇനി പാരീസിൽ; പി.എസ്.ജിയുമായി ചർച്ച പൂർത്തിയായി
text_fieldsപാരിസ്: ഇനി ഔദ്യോഗിക പ്രഖ്യാപനത്തിന്‍റെ കേവല പന്തകലം മാത്രം. അർജന്‍റീനയുടെ വിഖ്യാതതാരം ലയണൽ മെസ്സി ഫ്രഞ്ച് ലീഗിലെ മുൻനിരക്കാരായ പാരിസ് സെന്‍റ് ജെർമെയ്ന്റെ കുപ്പായമണിയും. ക്ലബും താരവുമായി ഇക്കാര്യത്തിൽ നടത്തിയ ചർച്ച വിജയകരമായി പൂർത്തിയായി.
രണ്ടു വർഷത്തെ കരാറിലാണ് മെസ്സി പി.എസ്.ജിയുമായി ഒപ്പുവെക്കുന്നത്. മൂന്നാം വർഷത്തിലേക്ക് വേണമെങ്കിൽ കരാർ നീട്ടാമെന്ന ഉപാധി കൂടി ചേർത്താണ് താരവും ക്ലബും തമ്മിൽ ധാരണയിലെത്തിയത്.
നൂകാമ്പിൽനിന്ന് പാർക് ഡി പ്രിൻസെസിലേക്ക് വൈകാതെ ഇതിഹാസതാരം കൂടുമാറും. കൂട്ടുകാരനായ നെയ്മറിനും ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെക്കുമൊപ്പം മെസ്സി കൂടി അണിനിരക്കുന്ന തകർപ്പൻ മുന്നേറ്റങ്ങളിലേക്ക് ആവേശപൂർവം ലോകം കൺപാർക്കുന്ന ദിനങ്ങളാവുമിനി.
13ാം വയസ്സിൽ പന്തുതട്ടിത്തുടങ്ങിയ ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ച സാഹചര്യത്തിൽ മെസ്സിയുടെ അടുത്ത തട്ടകം പി.എസ്.ജി ആയിരിക്കുമെന്ന് നേരത്തേ, സൂചനയുണ്ടായിരുന്നു. ഫ്രഞ്ച് ക്ലബ് ഉടമയായ ഖത്തർ അമീറിന്‍റെ സഹോദരൻ ഖാലിദ് ബിൻ ഹമദ് ബിൻ ഖലീഫ ആൽതാനി വാർത്ത നേരത്തേ സ്ഥിരീകരിക്കുകയും ചെയ്തു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി െമസ്സിക്കായുള്ള മത്സരത്തിൽനിന്ന് നേരത്തെ പിൻവാങ്ങിയതോടെ മെസ്സി പി.എസ്.ജിക്കൊപ്പമാകുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. വമ്പൻ പ്രതിഫലം നൽകേണ്ട താരത്തെ ഏറ്റെടുക്കാൻ ക്ലബുകളിൽ പലതിന്‍റെയും സാമ്പത്തിക സ്ഥിതി അനുവദിക്കാത്തതാണ് പി.എസ്.ജിക്ക് അനുഗ്രഹമായത്. 2003 മുതൽ ബാഴ്സലോണ സീനിയർ ടീമിൽ ഇടംപിടിച്ച 34 കാരൻ 778 മത്സരങ്ങളിൽ 672 ഗോളുകൾ നേടിയിട്ടുണ്ട്. ആറു തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സിയും ബാഴ്സയുമായുള്ള കരാർ ജൂലൈ ഒന്നിന് അവസാനിച്ചിരുന്നു.
കഴിഞ്ഞ സീസണോടെ ക്ലബിലെ പ്രശ്നങ്ങളെ തുടർന്ന് ടീം വിടാൻ മെസ്സി ഒരുങ്ങിയിരുന്നുവെങ്കിലും ട്രാൻസ്ഫർ വ്യവസ്ഥകളിൽ കുരുങ്ങി. ഇത്തവണ കരാർ കാലാവധി അവസാനിച്ചതോടെ പകുതി തുക നൽകി നിലനിർത്താമെന്ന് ക്ലബ് സമ്മതിച്ചിരുന്നുവെങ്കിലും താരം വഴങ്ങിയില്ല.
സെർജിയോ റാമോസ്, ജോർജിനോ വിജ്നാൾഡം, ജിയാൻലൂയിജി ഡൊണാറുമ തുടങ്ങിയവർ നേരത്തെ പി.എസ്.ജിയുമായി കരാറിലൊപ്പുവെച്ചിട്ടുണ്ട്. ഇവർക്കു പിന്നാലെയാണ് പാരീസിലേക്ക് മെസ്സിയുടെ വരവ്. ഇനി താരത്തെ ആേഘാഷമായി പി.എസ്.ജി പാരീസിൽ അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
