മെസ്സി, നെയ്മർ, എംബാപെ വീണ്ടും ദോഹയിൽ
text_fieldsഖത്തർ സന്ദർശനം അറിയിച്ച് പി.എസ്.ജി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം
ദോഹ: ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപെയും ഉൾപ്പെടെ ലോകഫുട്ബാളിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന പാരിസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) ടീം ഈ മാസം 18ന് ദോഹയിലെത്തും. ദോഹയിൽ ഖലീഫ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങുന്ന ടീം ഖത്തറിലെ സ്പോൺസർമാരുടെ പരിപാടികളിലും സാന്നിധ്യമറിയിക്കും. ഖത്തർ എയർവേസ്, എ.എൽ.എൽ, ഖത്തർ ടൂറിസം, ഖത്തർ നാഷനൽ ബാങ്ക്, ഉരീദു, ആസ്‍പെറ്റാർ തുടങ്ങിയവയാണ് പി.എസ്.ജിയുടെ ഖത്തറിലെ സ്പോൺസർമാർ.
ടീം ജനുവരി 17ന് ഖത്തറിലേക്ക് പറക്കും. ഖത്തറിൽനിന്ന് 19ന് ടീം സൗദി അറേബ്യയിലേക്ക് പോകും. സൗദിയിൽ അൽ ഹിലാൽ ക്ലബിലെയും അൽ നസ്ർ ക്ലബിലെയും താരങ്ങൾ അണിനിരക്കുന്ന ഓൾ സ്റ്റാർ ഇലവനുമായി 19ന് പി.എസ്.ജി സൗഹൃദ മത്സരം കളിക്കും. മെസ്സിയും നെയ്മറും എംബാപെയുമുള്ള ടീമിനെതിരെ പോർചുഗലിന്റെ സൂപ്പർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലിറങ്ങുമെന്നതിനാൽ ഈ മത്സരം ഇപ്പോൾതന്നെ ലോകശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. നിലവിൽ അൽ നസ്ർ ക്ലബ് താരമാണ് റൊണാൾഡോ. മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് പടിയിറങ്ങിയശേഷം ലോക റെക്കോഡ് തുകക്കാണ് ക്രിസ്റ്റ്യാനോ സൗദി ക്ലബിലെത്തിയത്.
ജനുവരി 19ന് റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിലാണ് പി.എസ്.ജിയും ഓൾ സ്റ്റാർ ഇലവനുമായുള്ള സൗഹൃദമത്സരം. ഈ കളി ബീൻ സ്പോർട്സ് നെറ്റ്‍വർക്കും പി.എസ്.ജി ടിവിയും പി.എസ്.ജി സോഷ്യൽ മീഡിയയും തത്സമയം സംപ്രേഷണം ചെയ്യും. മത്സരത്തിനുപിന്നാലെ റിയാദിൽനിന്ന് മെസ്സിയും സംഘവും പാരിസിലേക്ക് തിരിച്ചുപറക്കും.
2022 ലോകകപ്പിന്റെ തകർപ്പൻ സംഘാടനത്തിനു പിന്നാലെ, രാജ്യത്തെ കായിക മേഖലയെയും അതിന്റെ വിശാലമായ സൗകര്യങ്ങളെയും ഒരിക്കൽകൂടി ലോകത്തിനുമുന്നിൽ ഉയർത്തിക്കാട്ടാൻ ഉതകുന്നതാകും പി.എസ്.ജിയുടെ സന്ദർശനം. കഴിഞ്ഞ പത്തുവർഷത്തിനിടെ, നിരവധി പി.എസ്.ജി ടീമുകൾ ഖത്തറിൽ സന്ദർശനത്തിനെത്തിയിട്ടുണ്ട്. 2014ലും 2015ലും ഖത്തർ ഹാൻഡ്ബാൾ ടൂർ, 2015ൽ ഖത്തർ ലേഡീസ് ടൂർ, 2013, 2015, 2017, 2018, 2019, 2022 വർഷങ്ങളിൽ ഖത്തർ ടൂർ എന്നിങ്ങനെയായിരുന്നു പി.എസ്.ജി സന്ദർശനങ്ങൾ. ജർമൻ ബുണ്ടസ് ലിഗ ചാമ്പ്യന്മാരായ ബയേൺ മ്യുണിക് ടീം നിലവിൽ ഖത്തറിൽ പരിശീലനത്തിനെത്തിയിട്ടുണ്ട്. ദോഹ ആസ്പയർ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന ടീം ജനുവരി 12 വരെ ഖത്തറിൽ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

