'കണക്കുകൾ സാക്ഷി'; പ്രധാന ടൂർണമെന്റുകളിലെ നിർണായക മത്സരങ്ങളിലും കേമൻ മെസ്സി തന്നെ
text_fieldsബ്യൂണസ് ഐറിസ്: കോപ്പ ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെതിരെയുള്ള മായിക പ്രകടനത്തോടെ പ്രധാന ടൂർണമെന്റുകളിലെ നോക്ഔട്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകളിൽ പങ്കാളിയാകുന്ന താരമെന്ന റെക്കോർഡും സ്വന്തം പേരിലെഴുതി ലയണൽ മെസ്സി. ഇക്വഡോറിനെതിരായ മത്സരത്തിൽ രണ്ടു അസിസ്റ്റുകളും ഉഗ്രൻ ഫ്രീകിക്ക് ഗോളും അടക്കം മെസ്സി നിറഞ്ഞാടിയിരുന്നു.
ഗോളും അസിസ്റ്റും കൂട്ടിയാൽ പ്രധാന ടൂർണമെന്റുകളിലെ നോക്ഔട്ട് മത്സരങ്ങളിൽ മെസ്സിയുടെ സംഭാവന 20 ഗോളുകളാണ്. കോപ്പയിലെയും ലോകകപ്പിലെയും നോക്ഔട്ട് മത്സരങ്ങളിൽ മെസ്സി കുറിച്ചത് അഞ്ചുഗോളും 15 അസിസ്റ്റുമാണ്. ഇക്കാര്യത്തിൽ 17 എണ്ണമുള്ള ബ്രസീലിന്റെ റൊണാൾഡോയാണ് രണ്ടാമതുള്ളത്. 13 ഗോളുകളും നാലു അസിസ്റ്റുമാണ് റൊണാൾഡോയുടെ പേരിലുണ്ട്. ഫ്രാൻസിന്റെ അേന്റായിൻ ഗ്രിസ്മാൻ എട്ടുഗോളുകളും അഞ്ചു അസിസ്റ്റുകളും നൽകിയിട്ടുണ്ട്. പെലെ ഏഴുഗോളുകളും രണ്ട് അസിസ്റ്റുകളും നൽകിയിട്ടുണ്ട്. പെലെയുടെ കാലത്ത് കോപ്പ അമേരിക്കയിൽ നോക്ഒൗട്ട് ടൂർണമെന്റുകളില്ലായിരുന്നുവെന്നതും കൂട്ടിവായിക്കണം.
കണക്കുകൾ ഇങ്ങനെയാണെങ്കിലും കോപ്പയിലോ ലോകകപ്പിലോ മുത്തമിടാൻ ഇനിയും മെസ്സിക്കായില്ല. ഫൈനൽ കടമ്പ കടക്കാൻ കഴിയാതെ കാലിടറുന്നതാണ് ടീമിന്റെ രീതി.
അവലംബം: goal.com

