ലാലിഗയിൽ മെസ്സി 500 മത്സരം പൂർത്തിയാക്കി, ഇനി മുമ്പിൽ ഒരാൾ മാത്രം
text_fieldsനേട്ടങ്ങൾ പോക്കറ്റിലാക്കി ലയണൽ മെസ്സി. സ്പാനിഷ് ലാ ലിഗയിൽ ഹ്യുവസ്കക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയാണ് മെസ്സി രണ്ടു നാഴികക്കല്ലുകൾ പിന്നിട്ടത്. ആദ്യത്തേത്, ലാ ലിഗയിൽ 500 മത്സരം എന്ന നേട്ടം. ഇതാദ്യമായാണ് സ്പാനിഷുകാരനല്ലാത്ത ഒരു താരം ബാഴ്സലോണ കുപ്പായത്തിൽ 500 ലീഗ് മത്സരം കളിക്കുന്നത്.
മറ്റ് ഇതര ചാമ്പ്യൻഷിപ്പുകളും സൗഹൃദമത്സരങ്ങളും ഉൾപ്പെടെയുള്ള കളിയുടെ എണ്ണം 750ലും എത്തിച്ചു. രണ്ടിലും ഇനി മെസ്സിക്കു മുന്നിൽ ഇതിഹാസതാരം സാവി മാത്രം. ലാ ലിഗയിൽ 505ഉം ആകെ മത്സരങ്ങളുടെ കണക്കിൽ 767ഉം ആണ് സാവിയുടെ റെക്കോഡ്.ഒരു ക്ലബിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരം എന്ന റെക്കോഡ് രണ്ടാഴ്ചമുമ്പാണ് പെലെയെ മറികടന്ന് മെസ്സി സ്വന്തമാക്കിയത് (644 ഗോളുകൾ). തൊട്ടുപിന്നാലെയാണ് കളിയുടെ എണ്ണത്തിലും നാഴികക്കല്ല് പിന്നിട്ടത്.
ഹ്യുവസ്കക്കെതിരായ മത്സരത്തിൽ ഫ്രെങ്കി ഡി ജോങ്ങിെൻറ ഗോളിൽ ബാഴ്സലോണ 1-0ത്തിന് ജയിച്ചു.

