മതേവൂസിന്‍റെ ഓർമയിൽ ഡീഗോക്കൊപ്പം കളിച്ച ഫൈനലുകൾ
text_fieldsഏറ്റവും കൂടുതൽ ലോകകപ്പ് പങ്കാളിത്തമുള്ള താരമാണ് ജർമൻ ഇതിഹാസം ലോഥർ മതേവൂസ്. അഞ്ചു ലോകകപ്പ് ചാമ്പ്യൻഷിപ്പുകളിൽ ബൂട്ട് കെട്ടിയവർ മൂന്നേ മൂന്ന് ഫുട്ബാൾ താരങ്ങളിൽ ഒരാൾ. 25 മത്സരങ്ങളിൽ കളിച്ച പരിചയം. 1990 ഇറ്റലി ലോകകപ്പിൽ കിരീടം ചൂടിയ ജർമൻപടയുടെ നായകൻ. ലോകകപ്പിന്‍റെ മുറ്റങ്ങളിൽ ചിരപരിചിതനാണ് ഈ മിഡ്ഫീൽഡ് മാർഷൽ.
1982ൽ കരിയറിലെ ആദ്യ ലോകകപ്പ് കളിക്കുമ്പോൾ 21 ആയിരുന്നു പ്രായം. അന്ന് കാൾ ഹെൻസ് റുമിനിഷും ക്ലോസ് ഫിഷറും വാണ ജർമൻ ടീമിൽ റിസർവ് ബെഞ്ചിലായിരുന്നു ഏറെയും സ്ഥാനം. ഫൈനലിൽ ഇറ്റലിയോട് തോറ്റ് ജർമനി മടങ്ങി. 1986 മെക്സികോയിൽ മറഡോണ തേരോട്ടം നടത്തിയപ്പോൾ ടീമിലെ പ്രധാനിയായിരുന്നു. 1990 ഇറ്റലിയിലെത്തിയപ്പോൾ വീണ്ടും മറഡോണയുടെ സംഘവുമായി കോർത്തപ്പോൾ കിരീടവിജയവുമായി മതേവൂസ് താരമായി. പിന്നീട് 1994 ഇറ്റാലിയയിലും 1998 ഫ്രാൻസിലും കളിച്ച് 150 മത്സരങ്ങളുടെ അനുഭവ സമ്പത്തുമായാണ് പടിയിറങ്ങുന്നത്. ലോകകപ്പിലെ ഏറ്റവും മികച്ച ഓർമകളായി ജർമൻ താരം എപ്പോഴും പങ്കുവെച്ചത് ഡീഗോ മറഡോണക്കെതിരെ പന്തു തട്ടിയ നിമിഷങ്ങളാണ്. രണ്ടു ലോകകപ്പ് ഫൈനലുകളിലായിരുന്നു ഇരുവരും മുഖാമുഖം മാറ്റുരച്ചത്.
1. ലോഥർ മതേവൂസ് ഡീഗോ മറഡോണക്കൊപ്പം 2. ലോഥർ മതേവൂസ് 1990 ലോകകപ്പ് കിരീടവുമായി
ഇക്കഴിഞ്ഞ ജൂണിൽ ഡീഗോയുടെ 1986ലെ കിരീട വിജയത്തിന്‍റെ 36ാം വാർഷികത്തിലായിരുന്നു ലോതർ മതേവൂസ് ഈ ഓർമകൾ പങ്കുവെച്ചത്. കളത്തിൽ എതിരാളികളായിരുന്നുവെങ്കിലും ഡീഗോയുമായി വലിയൊരു സൗഹൃദം എന്നും നിലനിർത്തിയതായി ജർമൻ താരം ഓർക്കുന്നു. 1986, 1990 ഫൈനലിൽ തങ്ങളുടെ ടീമുകൾ മുഖാമുഖം മാറ്റുരച്ചും ആദ്യം മറഡോണ കിരീടമണിഞ്ഞതും അടുത്ത ഫൈനലിൽ തന്‍റെ ടീം കിരീടമണിഞ്ഞതും ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തങ്ങളായി അദ്ദേഹം പങ്കുവെക്കുന്നു. 'ഞങ്ങൾ ഇരുവരും രണ്ടു ലോകകപ്പ് ഫൈനലുകളിൽ ഏറ്റുമുട്ടി. ഇറ്റലിയിലെ സീരി 'എ' ചാമ്പ്യൻഷിപ്പിൽ ഞങ്ങൾ ഇന്‍റർമിലാൻ-നാപോളി ടീമുകളിലായി ഏറെ മത്സരങ്ങളിൽ മാറ്റുരച്ചിരുന്നു. അതിലുപരി വലിയൊരു സൗഹൃദവും കാത്തുസൂക്ഷിച്ചു. പരസ്പര ബഹുമാനത്തോടെയുള്ള സൗഹൃദം. കളത്തിൽ പലതവണ കൊമ്പുകോർത്തെങ്കിലും രാത്രികളിൽ ഒന്നിച്ച് വെളുക്കുവോളം ഏറെ ആഘോഷമാക്കിയിരുന്നു' -മതേവൂസ് ഓർക്കുന്നു.
ലോകതാരങ്ങളും ഇന്ത്യൻ ഫുട്ബാൾ ഇതിഹാസങ്ങളും ലോകകപ്പ് ഫുട്ബാൾ ഓർമപുതുക്കുന്ന 'മെമ്മറി കിക്കിൽ' ഖത്തറിലെ വായനക്കാർക്കും തങ്ങളുടെ ഓർമയിലെ ലോകകപ്പ് നിമിഷങ്ങൾ പങ്കുവെക്കാം. ലോകകപ്പ് ഓർമ എഴുതി 'മെമ്മറി കിക്കിലേക്ക്' അയക്കാം. (ഇ മെയിൽ: qatar@gulfmadhyamam.net, വാട്സാപ്: 5528 4913)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

