Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസെവൻസും അർജന്‍റീനയും...

സെവൻസും അർജന്‍റീനയും ഹരമായ അരീക്കോടൻ ഫുട്ബാൾ പ്രണയം

text_fields
bookmark_border
സെവൻസും അർജന്‍റീനയും ഹരമായ അരീക്കോടൻ ഫുട്ബാൾ പ്രണയം
cancel
camera_alt

1990 ലോ​ക​ക​പ്പ്​ ഫൈ​ന​ലി​നു​മു​മ്പ് ഡീഗോ മറഡോണയും ലോതർ മതേവൂസും

കോഴിക്കോട്ട് ജനിച്ചുവളർന്ന എനിക്ക് ഫുട്ബാൾ അത്ര ഹരമല്ലായിരുന്നു. എല്ലാവരും ക്രിക്കറ്റ് ആരാധകർ. അസ്ഹറുദ്ദീനും കപിൽദേവും ഒക്കെ ആയിരുന്നു പ്രിയ താരങ്ങൾ. അങ്ങനെയിരിക്കെയാണ് പെട്ടെന്നു ഫുട്ബാളിന്റെ നാടായ അരീക്കോട്ടേക്ക് ഒരു പറിച്ചുനടൽ. ഫുട്ബാളിനെ അത്രയധികം നെഞ്ചിലേറ്റിയ ഒരു ഗ്രാമമായിരുന്നു അരീക്കോട്. അന്നാണ് ഈ കളിയെ പ്രണയിച്ചുതുടങ്ങിയത്. ഇവിടെ എല്ലാ കുട്ടികളുടെയും കാലിൽ പന്തുണ്ടാവും.

കളിയിലും അല്ലാത്തപ്പോഴും പന്താണ് കൂട്ട്. പന്തുകളി എന്താണെന്നും എന്താണ് സെവൻസെന്നും എത്ര പേരാണ് കളിയിലെന്നും എല്ലാം അവിടെനിന്നാണ് പഠിക്കുന്നത്. അങ്ങനെ ഞാൻ ഫുട്ബാളിനെ സ്നേഹിക്കുന്ന അരീക്കോട്ടുകാരിയായി മാറി. ഞങ്ങൾ അരീക്കോട്ടുകാർക്കു സെവൻസ് എന്നും ഹരമായിരുന്നു. അതു പോലെയായിരുന്നു അർജന്റീനയും. സഹോദരൻ നാട്ടിലും ജില്ലയിലുമെല്ലാമായി അറിയപ്പെടുന്ന ഗോൾകീപ്പറായിരുന്നു. സെവൻസ് തുടങ്ങിയാൽ ഞങ്ങൾക്കും നല്ല കോളാവും. ഇക്കാക്കാനേ ഓരോ ടീമിലേക്കും കളിക്കാനായി വിളിക്കും. അന്ന് ബൂസ്റ്റ് ഒക്കെയാണ് കളികഴിഞ്ഞാൽ സമ്മാനമായി കിട്ടുക. പുത്തലത്ത് ഞങ്ങളുടെ വീടിനടുത്തായി ഒരു പാടമുണ്ട്. വേനൽക്കാലത്ത് കളിയും അല്ലാത്ത സമയത്ത് കൃഷിയുമാണിവിടെ മുഖ്യം. ഇന്നത് നല്ലൊരു സ്റ്റേഡിയമായി മാറിയിട്ടുണ്ട്.

വൈകീട്ട് നാലുമണിയായാൽ കളിയുടെ ആരവം തുടങ്ങും. പ്രായഭേദമന്യേ എല്ലാവരും ഗ്രൗണ്ടിലേക്കോടും. കളി തുടങ്ങിയാൽ ഞങ്ങളുടെ പപ്പ ഡോ. വി. മുഹമ്മദ് രോഗികളെ പരിശോധിക്കുന്നതെല്ലാം നിർത്തി കളികാണാനിറങ്ങും. എല്ലാവരും നിന്നുകാണുമ്പോൾ പപ്പക്ക് അവർ കസേര ഇട്ടുകൊടുക്കും. മഗ്‌രിബ് കൊടുക്കുന്നതുവരെയാണ് കളിസമയം. ടൂർണമെന്‍റുകൾ കുറെ ദിവസം ഉണ്ടാവും. ഏറ്റവും ഒടുവിലായി നടക്കുന്ന ഫൈനൽ ഒരു വികാരമാണ്. തല്ലും തർക്കവും അടിപിടിയുമെല്ലാമുണ്ടാവും. അന്ന് ഹമീദ്ക്കയായിരുന്നു റഫറി. കളത്തിനു ചുറ്റുപാടും ഓടി അദ്ദേഹം നന്നായി കളി നിയന്ത്രിക്കും.

ഫൈനലിൽ ഞങ്ങളുടെ ഇക്കാക്കയുടെ ടീമും, അക്കാലത്ത് പ്രദേശത്തെ നല്ല കാളിക്കാരായ സാക്കിർ, റഷീദ് എന്നിവരുടെ ടീമും തമ്മിലായിരുന്നു മത്സരം. വാശിയേറിയ മത്സരത്തിനൊടുവിൽ സാക്കിറിന്‍റെ ടീം വിജയിച്ചു. ജയിക്കുന്നവർക്ക് ബിരിയാണി പപ്പയുടെ വകയായിരുന്നു ഓഫർ ചെയ്തത്. ചാമ്പ്യന്മാർക്കുള്ള സമ്മാനമായി ബിരിയാണിയും കഴിച്ച് അവർ പോയപ്പോൾ, തോറ്റതിന്‍റെയും ബിരിയാണി നഷ്ടമായതിന്‍റെയും നിരാശയിൽ സഹോദരനും കൂട്ടുകാരും പിണങ്ങിയതെല്ലാം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ആ സെവൻസായിരുന്നു പപ്പയുടെ അവസാന ഫുട്ബാൾ കാഴ്ചകൾ.

1990ലെ ലോകകപ്പ് ഇന്നും ഓർക്കുന്നു. അന്നവിടെ ടി.വി ആന്റിന പരമാവധി ഉയരത്തിൽവെച്ചാലേ സിഗ്‌നൽ കിട്ടൂ. ഒരു കാറ്റടിച്ചാൽ അതു തിരിയും. രാത്രി സമയത്തും ഉയരത്തിൽ കയറി ശേഷം, 'കിട്ടിയോ.. കിട്ടിയോ..' എന്ന ചോദ്യങ്ങളും സിഗ്നൽ കിട്ടിയില്ലെങ്കിൽ എല്ലാവരുടെയും മുഖത്തുവരുന്ന ദേഷ്യവുമൊക്കെ, ലോകം മറ്റൊരു ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുമ്പോൾ മനസ്സിൽ മിന്നിമറയുന്നു. 1994ലെ ലോകകപ്പ് കാണാൻ കാത്തുനിൽക്കാതെ 1993 ഡിസംബറിൽ പപ്പ പോയി.

പപ്പ മരിച്ചതോടെ ഞങ്ങൾ ആ നാടുവിട്ടു. എന്നാലും ഫുട്ബാൾ കളിയോടുള്ള സ്നേഹം ഇന്നും മനസ്സിൽ കൊണ്ടുനടക്കുന്നു. ആ സമയത്ത് 50 പൈസ കൊടുത്താൽ റോബർട്ടോ ബാജിയോ, റൊണാൾഡോ, റൊമാരിയോ, സിദാൻ ഇവരുടെയൊക്കെ ഫോട്ടോ കിട്ടും. അതുപോലെ എല്ലാ പേപ്പർ കട്ടിങ്ങുകളും എടുത്തുവെക്കും. അത് അലമാരയുടെ ഉള്ളിലൊക്കെ ഒട്ടിച്ചുവെക്കും. ഇതുകാണുമ്പോൾ വലിയുമ്മക്ക് ദേഷ്യം കയറും. വീട്ടിൽ മലക്കു കയറില്ല എന്നുപറഞ്ഞ് വലിയുമ്മ എല്ലാം പറിച്ചെറിയും. ഫുട്ബാളെന്ന് കേൾക്കുമ്പോൾ അങ്ങനെ എത്രയെത്ര ഓർമകൾ. ഓരോ ലോകകപ്പ് വരുമ്പോഴും ഇതെല്ലാം മനസ്സിലൂടെ മിന്നിമായും. ഈ ഓർമകൾക്കൊക്കെ കണ്ണുനീരിന്റെ നനവാണ്‌. പപ്പയും ഫുട്ബാളും ആ നാട്ടിലെ പ്രിയപ്പെട്ട നാട്ടുകാരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Memories of football fans
News Summary - Memories of football fans
Next Story