Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right2026 ഫിഫ ലോകകപ്പ്;...

2026 ഫിഫ ലോകകപ്പ്; ഇന്ത്യയില്ലെങ്കിലും കളിക്കളത്തിൽ സാന്നിധ്യമായി നാല് താരങ്ങൾ

text_fields
bookmark_border
2026 ഫിഫ ലോകകപ്പ്; ഇന്ത്യയില്ലെങ്കിലും കളിക്കളത്തിൽ സാന്നിധ്യമായി നാല് താരങ്ങൾ
cancel
camera_alt

തഹ്‌സിൻ മുഹമ്മദ്, സർപ്രീത് സിങ്, നിഷാൻ വേലുപ്പിള്ള, സാമുവൽ മൗട്ടൂസാമി

ന്യൂഡൽഹി: ഫുട്ബാൾ ലോകം കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിന് പന്തുരുളാൻ ഇനി നാളുകൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ ഫുട്ബാൾ ആരാധകർക്ക് ആവേശം പകരുന്ന വാർത്തകൾ പുറത്തുവരുന്നു. ടൂർണമെന്റിലേക്ക് യോഗ്യത നേടാൻ ഇന്ത്യൻ ദേശീയ ടീമിന് സാധിച്ചില്ലെങ്കിലും, ഇത്തവണത്തെ ലോകകപ്പ് വേദിയിൽ ഇന്ത്യൻ വംശജരായ നാല് താരങ്ങൾ വിവിധ രാജ്യങ്ങൾക്കായി ബൂട്ടണിയും. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന, ചരിത്രത്തിലെ ഏറ്റവും വലിയ 48 ടീമുകളുടെ ലോകകപ്പിലാണ് ഈ അപൂർവ്വ ഇന്ത്യൻ കണക്ഷൻ.

ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഖത്തറിനും കുവൈത്തിനും പിന്നിൽ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്തായതോടെയാണ് ഇന്ത്യ പുറത്തായത്. 1950-ൽ ലോകകപ്പിന് യോഗ്യത നേടിയിട്ടും പല കാരണങ്ങളാൽ പിന്മാറിയ ചരിത്രമുള്ള ഇന്ത്യക്ക്, അതിനുശേഷം ഇന്നുവരെ ലോകകപ്പിന്റെ പ്രധാന വേദിയിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ആഗോള വേദിയിൽ ഇന്ത്യൻ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, ഖത്തർ, ഡി.ആർ കോംഗോ എന്നീ ടീമുകളിലൂടെ നാല് കളിക്കാർ ഇത്തവണ അണിനിരക്കും.

1. തഹ്സിൻ മുഹമ്മദ് ജംഷീദ് (ഖത്തർ)

മലയാളികൾക്ക് ഏറെ അഭിമാനിക്കാവുന്ന പേരാണ് ഖത്തർ വിങ്ങറായ തഹ്സിൻ മുഹമ്മദ് ജംഷീദിന്റേത്. കേരളത്തിലെ കണ്ണൂരിൽ നിന്ന് 1996-ൽ ഖത്തറിലേക്ക് കുടിയേറിയ ജംഷീദിന്റെയും ഷൈമയുടെയും മകനായി 2006 ജൂൺ 16-നാണ് തഹ്സിൻ ജനിച്ചത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫുട്ബാൾ താരമായിരുന്ന പിതാവിന്റെ വഴി പിന്തുടർന്ന തഹ്സിൻ, ഖത്തറിലെ പ്രശസ്തമായ ആസ്പയർ അക്കാദമിയിലൂടെയാണ് വളർന്നുവന്നത്.

നിലവിൽ അൽ ദുഹൈൽ ക്ലബ്ബിന്റെ പ്രധാന താരമായ ഈ 19-കാരൻ, ഖത്തർ സ്റ്റാർസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെ സീനിയർ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച തഹ്സിൻ, ഇത്തവണ ലോകകപ്പിനുള്ള ഖത്തറിന്റെ അന്തിമ സ്ക്വാഡിലും ഇടംപിടിച്ചു കഴിഞ്ഞു.

2. സാർപ്രീത് സിങ് (ന്യൂസിലാൻഡ്)

ഇന്ത്യൻ വേരുകളുള്ള കളിക്കാരിൽ നിലവിൽ ഏറ്റവും പരിചിതനായ മുഖമാണ് ന്യൂസിലാൻഡ് മിഡ്‌ഫീൽഡർ സാർപ്രീത് സിങ്. പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള ദമ്പതികളുടെ മകനായി വെല്ലിംഗ്ടണിലാണ് 27-കാരനായ സാർപ്രീത് ജനിച്ചത്. 2019-ൽ വെല്ലിംഗ്ടൺ ഫീനിക്സിലെ മികച്ച പ്രകടനത്തെ തുടർന്ന് ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക് സാർപ്രീതിനെ ടീമിലെത്തിച്ചിരുന്നു. ജർമ്മനി, പോർച്ചുഗൽ എന്നിവിടങ്ങളിലെ ക്ലബ് കരിയറിന് ശേഷം, നിലവിൽ സെർബിയൻ ക്ലബ്ബായ ടി.എസ്.സിയിൽ നിന്ന് ലോൺ വ്യവസ്ഥയിൽ വെല്ലിംഗ്ടൺ ഫീനിക്സിനായി തന്നെയാണ് താരം കളിക്കുന്നത്. ന്യൂസിലാൻഡിനായി 24 അന്താരാഷ്ട്ര മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം പരിക്കിൽ നിന്ന് പൂർണ്ണമായി മോചിതനായി ലോകകപ്പിൽ ടീമിന്റെ മധ്യനിര നിയന്ത്രിക്കാൻ മുന്നിലുണ്ടാകും.

3. നിഷാൻ വേലുപ്പിള്ള (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയയുടെ ലോകകപ്പ് സ്ക്വാഡിലുള്ള നിഷാൻ വേലുപ്പിള്ളയും ശക്തമായ ദക്ഷിണേഷ്യൻ പാരമ്പര്യമുള്ള കളിക്കാരനാണ്. മെൽബൺ വിക്ടറി ക്ലബ്ബിന്റെ വിങ്ങറായ ഈ 25-കാരൻ 2001 മേയ് 7-നാണ് ജനിച്ചത്. നിഷാന്റെ പിതാവ് ശ്രീലങ്കൻ തമിഴ് വേരുകളുള്ള മലേഷ്യൻ സ്വദേശിയും മാതാവ് ആംഗ്ലോ-ഇന്ത്യനുമാണ്.

മെൽബൺ വിക്ടറിയുടെ അക്കാദമിയിലൂടെ വളർന്ന് ക്ലബ്ബിനായി 128-ലധികം മത്സരങ്ങൾ കളിച്ച താരം, ചൈനക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയാണ് ഓസ്‌ട്രേലിയൻ ദേശീയ ടീമിൽ അരങ്ങേറിയത്. ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി വരവറിയിച്ച നിഷാൻ, ലോകകപ്പ് വേദിയിലെത്തുന്നതോടെ ഫുട്ബാൾ ലോകത്തെ ഏറ്റവും പ്രമുഖനായ തമിഴ് പാരമ്പര്യമുള്ള കളിക്കാരിലൊരാളായി മാറും.

4. സാമുവൽ മൗട്ടൂസാമി (ഡി.ആർ കോംഗോ)

തമിഴ് വേരുകളുള്ള മറ്റൊരു താരമാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ മധ്യനിര താരം സാമുവൽ മൗട്ടൂസാമി. ഫ്രാൻസിലെ പാരിസിൽ ജനിച്ച 29-കാരനായ സാമുവലിന്റെ മാതാവ് കോംഗോ സ്വദേശിയും പിതാവ് തമിഴ് പാരമ്പര്യമുള്ള ഇൻഡോ-ഗ്വാഡലൂപ്പിയനുമാണ്. ഫ്രഞ്ച് ക്ലബ്ബായ നാന്റസിനായി 144 മത്സരങ്ങൾ കളിച്ചിട്ടുള്ള സാമുവൽ നിലവിൽ ഗ്രീക്ക് ക്ലബ്ബായ അട്രോമിറ്റോസിന് വേണ്ടിയാണ് ബൂട്ടണിയുന്നത്. ഡി.ആർ കോംഗോക്കായി 57 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുള്ള ഈ ഡിഫൻസീവ് മിഡ്‌ഫീൽഡർ, ഇത്തവണ പോർച്ചുഗൽ, കൊളംബിയ, ഉസ്ബെക്കിസ്ഥാൻ എന്നിവരടങ്ങുന്ന ശക്തമായ ഗ്രൂപ്പിൽ ടീമിന്റെ പ്രധാന കരുത്താണ്.

ഈ താരങ്ങളുടെ സാന്നിധ്യം ഇന്ത്യൻ ഫുട്ബാൾ ലോകത്തും വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. മുൻപ് 2006 ലോകകപ്പിൽ ഫ്രാൻസിന് വേണ്ടി കളിച്ച് റണ്ണറപ്പായ വികാഷ് ദൊരസൂവിനെപ്പോലുള്ള (ആന്ധ്രാപ്രദേശ് വേരുകളുള്ള താരം) അപൂർവ്വം കളിക്കാർ മാത്രമാണ് മുൻപ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. കോൺഗ്രസ് എം.പി ശശി തരൂർ ഉൾപ്പെടെയുള്ള പ്രമുഖർ ഈ ചരിത്ര നിമിഷത്തെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചു. ഇന്ത്യക്ക് നേരിട്ട് ലോകകപ്പ് യോഗ്യത നേടാൻ ഇനിയും ദൂരമേറെയുണ്ടെങ്കിലും, ഈ നാല് താരങ്ങളിലൂടെ വരാനിരിക്കുന്ന ലോകകപ്പിൽ ഇന്ത്യൻ ആരാധകർക്കും അഭിമാനത്തോടെ പന്തുരുളുന്നത് കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA 2026Tahsin Mohammed JamshidNishan VelupillaySarpreet SinghSamuel Moutoussamy
News Summary - Meet the four Indian-origin players representing four nations at the 2026 FIFA World Cup
Next Story