ബെർണബ്യൂവിൽ എംബാപ്പെക്ക് ഹാട്രിക്; റയൽ സോസിഡാഡിനെ തകർത്ത് റയൽ മഡ്രിഡ്
text_fieldsമഡ്രിഡ്: ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ തകർപ്പൻ ഹാട്രിക്കാണ് മിന്നും ജയം സമ്മാനിച്ചത്. ഈ ആധികാരിക വിജയത്തോടെ സ്പാനിഷ് ലാ ലിഗ പോയന്റ് ടേബിളിൽ റയൽ ഒന്നാം സ്ഥാനത്തേക്ക് കയറി. 13 വർഷങ്ങൾക്കുശേഷം പരിശീലകനായി ജോസെ മൗറീഞ്ഞോ റയൽ മഡ്രിഡിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ ഹോം മത്സരമായിരുന്നു ഇത്.
ആദ്യ മണിക്കൂറിൽ താളം കണ്ടെത്താൻ പാടുപെട്ടപ്പോൾ ഗാലറിയിൽ നിന്ന് ആരാധകരുടെ കൂവൽ കേൾക്കേണ്ടി വന്നെങ്കിലും പിന്നീട് മികവുകാട്ടി വിജയം സ്വന്തമാക്കി. 40ാം മിനിറ്റിൽ എംബാപ്പെയിലൂടെ റയൽ ആണ് ആദ്യം അക്കൗണ്ട് തുറന്നത്. എന്നാൽ, നാല് മിനിറ്റിനുള്ളിൽ സൊസൈഡാഡിന്റെ ലൂക്ക സുസിച്ച് ഒരു ഗോളടിച്ച് സമനില പിടിച്ചു. ജോബ് ഒച്ചിയെങ്ങിന്റെ മുന്നേറ്റത്തിൽ നിന്നാണ് ഈ ഗോൾ പിറന്നത്. രണ്ടാം പകുതിയിൽ, കളിയുടെ 60ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ പാസിൽ നിന്ന് എംബാപ്പെ റയലിന്റെ രണ്ടാം ഗോൾ നേടി. എട്ട് മിനിറ്റുകൾക്കുശേഷം വിനീഷ്യസ് ജൂനിയർ ലീഡ് ഉയർത്തി. ബെല്ലിങ്ഹാമിന്റെ മികച്ചൊരു മുന്നേറ്റമാണ് ഇതിന് വഴിയൊരുക്കിയത്. തുടർന്ന് 80ാം മിനിറ്റിൽ വിനീഷ്യസിന്റെ പാസിൽ നിന്ന് ലഭിച്ച പന്ത് മികച്ചൊരു ചിപ്പിലൂടെ വലയിലെത്തിച്ച് എംബാപ്പെ ഹാട്രിക് പൂർത്തിയാക്കി. ‘‘എംബാപ്പെ ഈ ടീമിൽ ചരിത്രം സൃഷ്ടിക്കാൻ വിശന്നിരിക്കുകയാണ്,’’ എന്ന് മത്സരശേഷം മൗറീഞ്ഞോ പ്രതികരിച്ചു. ആരാധകരുടെ കൂവലുകൾ ചിലപ്പോൾ നീതിയുക്തമാണെന്നും, കളിക്കാരെ മെച്ചപ്പെടാൻ അത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

