ഖത്തറിലേക്ക് ടിക്കറ്റെടുത്ത് ഫ്രാൻസും ബെൽജിയവും
text_fieldsനിലവിലെ ജേതാക്കളായ ഫ്രാൻസും ലോക ഒന്നാം നമ്പർ ടീം ബെൽജിയവും അടുത്തവർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പിന് യോഗ്യതയുറപ്പിച്ചു. യൂറോപ്യൻ മേഖല യോഗ്യത മത്സരങ്ങളിൽ ഒരു റൗണ്ട് ബാക്കിയിരിക്കെയാണ് ഡെന്മാർകിനും ജർമനിക്കും പിന്നാലെ ഫ്രാൻസും ബെൽജിയവും ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചത്. ദക്ഷിണ അമേരിക്കയിൽനിന്ന് ബ്രസീൽ കഴിഞ്ഞദിവസം യോഗ്യത നേടിയിരുന്നു.
യൂറോപ്പിലെ 10 ഗ്രൂപ്പുകളിൽ ഒന്നാം സ്ഥാനം നേടുന്നവരാണ് നേരിട്ട് യോഗ്യത നേടുക. ഗ്രൂപ് എഫിൽനിന്ന് ഡെന്മാർക്, ജെയിൽനിന്ന് ജർമനി, ഡിയിൽനിന്ന് ഫ്രാൻസ്, ഇയിൽനിന്ന് ബെൽജിയം എന്നിവയാണ് ഇതുവരെ യോഗ്യരായത്. ബാക്കി ഗ്രൂപ് ജേതാക്കളെ വരുംദിവസങ്ങളിലറിയാം. ശേഷിക്കുന്ന നാലു സ്ഥാനങ്ങളിലേക്കുള്ള പ്ലേഓഫിൽ കളിക്കാൻ അവസരം കിട്ടുമെന്നതിനാൽ രണ്ടാം സ്ഥാനത്തിനുള്ള പോരാട്ടവും കനത്തതാണ്.
നാലടിച്ച് എംബാപെ; എട്ടടിച്ച് ഫ്രാൻസ്
സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപെയുടെ നാല് ഗോളുകളുടെ കരുത്തിൽ കസാഖ്സ്താനെ 8-0ത്തിന് തകർത്താണ് ഫ്രാൻസ് ഗ്രൂപ് ഡിയിൽ 15 പോയൻറ് സ്വന്തമാക്കിയത്. ഒരു കളി മാത്രം ബാക്കിയിരിക്കെ 14 പോയൻറുമായി നാലാമതുള്ള ഫിൻലൻഡിന് ഫ്രാൻസിനെ തൊടാനാവില്ല. യുക്രെയ്ൻ (9), ബോസ്നിയ (7), കസാഖ്സ്താൻ (3) എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ പോയൻറ് നില.
എംബാപെയുടെ ഗോൾവർഷത്തിനുപിന്നാലെ കരീം ബെൻസേമ (2), അഡ്രിയൻ റാബിയോട്ട്, അേൻറായിൻ ഗ്രീസ്മാൻ എന്നിവരും ഫ്രാൻസിനായി വലകുലുക്കി. ഫിൻലൻഡ് 3-1ന് ബോസ്നിയയെ തോൽപിച്ചു.
വിജയ ബെല്ലടിച്ച് ബെൽജിയം
തുടർവിജയങ്ങളുമായി കുതിക്കുന്ന ബെൽജിയം എസ്തോണിയയെ 3-1ന് തോൽപിച്ചാണ് ഇ ഗ്രൂപിൽ 19 പോയേൻറാടെ ഒന്നാം സ്ഥാനമുറപ്പാക്കിയത്. ബെൽജിയത്തിനായി ക്രിസ്റ്റ്യൻ ബെൻറ്റെകെ, യാനിക് കരാസ്കോ, തോർഗൻ ഹസാഡ് എന്നിവർ ഗോൾ നേടി. ബെലറൂസിനെ 5-1ന് തോൽപിച്ച വെയിൽസാണ് (14) രണ്ടാമത്. വെയിൽസിനായി ആരോൺ റാംസി (2), നികോ വില്യംസ്, ബെൻ ഡേവിസ്, കോണോർ റോബർട്സ് എന്നിവർ സ്കോർ ചെയ്തു. ചെക് റിപ്പബ്ലിക് (11), എസ്തോണിയ (4), ബെലറൂസ് (3) ടീമുകൾ പുറത്തായി.
ഫോട്ടോഫിനിഷിലേക്ക് മൂവർസംഘം
കളി തീരാൻ 10 മിനിറ്റ് ശേഷിക്കെ വരെ യോഗ്യതയുറപ്പിച്ചുനിന്നിരുന്ന നെതർലൻഡ്സിന് അവസാന നിമിഷങ്ങളിലെ അശ്രദ്ധക്ക് വൻ വില കൊടുക്കേണ്ടിവരുമോ? നോർവേക്കെതിരായ അടുത്ത കളി അതിനുത്തരം നൽകും. ജയിച്ചിരുന്നെങ്കിൽ യോഗ്യത ഉറപ്പാക്കാമായിരുന്ന ഗ്രൂപ് ജിയിലെ കളിയിൽ മോണ്ടിനെഗ്രോയാണ് ഡച്ചുപടയെ 2-2ന് തളച്ചത്.
മെംഫിസ് ഡിപായിയുടെ ഇരട്ടഗോളുകളിൽ 55 മിനിറ്റാവുേമ്പാഴേക്കും 2-0ത്തിന് മുന്നിലെത്തിയ ഡച്ചുകാർക്കെതിരെ 82, 86 മിനിറ്റുകളിലായിരുന്നു മോണ്ടിനെഗ്രോയുടെ ഗോളുകൾ. യോഗ്യത റൗണ്ടിൽ ടോപ്സ്കോററായ ഡിപായിയുടെ 10, 11 ഗോളുകളായിരുന്നു ഇത്. ജയിച്ചാൽ ഒപ്പമെത്താമായിരുന്ന നോർവേ ദുർബലരായ ലാത്വിയയോട് ഗോൾരഹിത സമനില വഴങ്ങിയത് ഏതായാലും നെതർലൻഡ്സിന് ആശ്വാസമായി. തുർക്കി 6-0ത്തിന് ജിബ്രാൾട്ടറിനെ തകർത്ത് സാധ്യത നിലനിർത്തി.
നെതർലൻഡ്സും (20) നോർവേയും (18) തമ്മിലാണ് അവസാന റൗണ്ട് മത്സരം. സമനില നേടിയാൽ ഡച്ചുകാർക്ക് ഖത്തറിലെത്താം. മോണ്ടിനെഗ്രോയെ നേരിടുന്ന തുർക്കിക്കും (20) സാധ്യതയുണ്ട്.
തുർക്കിയും നോർവേയും ജയിച്ചാൽ ഇരുടീമുകളും തുല്യ പോയേൻറാടെ നെതർലൻഡ്സിനെ മറികടക്കും. അപ്പോൾ ഗോൾശരാശരിയാവും ഗ്രൂപ് ജേതാക്കളെ നിർണയിക്കുക. നിലവിൽ തുർക്കിക്ക് +10ഉം നോർവേക്ക് +9ഉം ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

