നെയ്മറിന് ഉൾപ്പെടെ അഞ്ച് ചുവപ്പു കാർഡും 12 മഞ്ഞ കാർഡും; പി.എസ്.ജിക്ക് രണ്ടാം മത്സരത്തിലും തോൽവി
text_fieldsപാരിസ്: റഫറിക്ക് അഞ്ച് ചുവപ്പു കാർഡും 12 മഞ്ഞ കാർഡും പുറത്തെടുക്കേണ്ടി വന്ന മത്സരത്തിൽ ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിക്ക് തോൽവി. ലീഗ് വണ്ണിൽ ആദ്യ ജയം തേടിയിറങ്ങിയ ചാമ്പ്യന്മാർക്ക് ഒളിമ്പിക്കോ മാഴ്സിലേക്കു മുന്നിലാണ് മുടക്കുമടക്കേണ്ടി വന്നത്. ആദ്യ മത്സരത്തിൽ ആർ.സി ലെൻസിനോടും പി.എസ്.ജി തോറ്റിരുന്നു.
മത്സരം തുടക്കം മുതൽ കയ്യാങ്കളിയോടെയാണ് മുന്നേറിയത്. മത്സരത്തിൽ 31ാം മിനുട്ടിൽ ഫ്ലോറിയാൻ തോവിനിലൂടെ മാഴ്സെയുടെ വിജയഗോൾ പിറന്നത്. പയെറ്റ് ആണ് ഗോൾ ഒരുക്കിയത്.
കൊവിഡ് മുക്തനായി എത്തിയ നെയ്മറും ഡി മരിയയും കളത്തിലിറങ്ങിയിരുന്നെങ്കിലും ഗുണമുണ്ടായില്ല. മത്സരത്തിെൻറ അവസാന നിമിഷങ്ങളിൽ കളിക്കാർ നിയന്ത്രണം വിട്ടതോടെയാണ് റഫറിക്ക് ചുവപ്പ് കാർഡുകൾ പുറത്തെടുക്കേണ്ടി വന്നത്.
പി.എസ്.ജിയുടെ ലെയ്വിൻ കുർസാവ, നെയ്മർ, ലിനാർഡോ പാരെദസ് എന്നിവർക്കും മാഴ്സെയുടെ ജോഡൻ അമാവി, ബെനെഡെറ്റോ എന്നിവർക്കുമാണ് ചുവപ്പ് കണ്ട് പുറത്തു പോകേണ്ടി വന്നത്.

