പ്ലീസ്, എന്നെ മാറ്റൂ...! പരിശീലക സ്ഥാനത്തുനിന്ന് ഒഴിവാക്കാൻ ഫെഡറേഷനോട് അഭ്യർഥിച്ച് മനോലോ മാർക്വേസ്?
text_fieldsമുംബൈ: മനോലോ മാർക്വേസിനു കീഴിൽ 11 മാസമായി പരിശീലിക്കുന്ന ഇന്ത്യക്ക് ഒരു മത്സരത്തിൽ മാത്രമാണ് ഇതുവരെ ജയിക്കാനായത്. റാങ്കിങ്ങിൽ തങ്ങളേക്കാൾ പിന്നിലുള്ള ടീമുകളോടുപോലും ടീം ദയനീയമായി പരാജയപ്പെടുകയാണ്. 2024 മുതൽ ഇതുവരെ 16 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്, ജയിച്ചത് ഒരു മത്സരത്തിൽ മാത്രം. ചൊവ്വാഴ്ച എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത മൂന്നാം റൗണ്ടിൽ ഹോങ്കോങ്ങിനോടും ഇന്ത്യ തോറ്റു. ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽവി.
തോൽവിയോടെ ഇന്ത്യയുടെ യോഗ്യത തുലാസിലായി. രണ്ടു മത്സരങ്ങളില്‍ ഒരു സമനിലയും തോൽവിയുമായി ഇന്ത്യ ഗ്രൂപ്പിൽ സിയിൽ നാലാം സ്ഥാനത്താണ്. നാലു പോയന്‍റുമായി ഹോങ്കോങ് ഒന്നാമതെത്തി. മാർക്വേസിനു കീഴിൽ ടീമിന് വലിയ പുരോഗതിയില്ലെന്നു മാത്രമല്ല, നിലവിലുള്ള റാങ്കിങ്ങിൽനിന്ന് താഴോട്ട് വീഴുകയും ചെയ്തു. ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ സൂപ്പർ താരം സുനിൽ ഛേത്രിയെ പകരക്കാരുടെ ബെഞ്ചിലിരുത്തിയതും വലിയ വിമർശനത്തിനിടയാക്കി.
ഇതിനിടെയാണ് ഇന്ത്യൻ ഫുട്ബാൾ പരിശീലക സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കി തരണമെന്ന് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനോട് (എ.ഐ.എഫ്.എഫ്) മാർക്വേസ് അഭ്യർഥിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. രണ്ടു വർഷത്തെ കരാറിലാണ് അദ്ദേഹം ഇന്ത്യൻ ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇനിയും ഒരു വർഷത്തിലധികം കരാർ കാലാവധി ബാക്കിയുണ്ട്.
അതേസമയം, പരിശീലക സ്ഥാനത്തുനിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് മാർക്വേസ് കത്തൊന്നും നൽകിയിട്ടില്ലെന്ന് എ.ഐ.എഫ്.എഫുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞു. അദ്ദേഹം അത്തരമൊരു ആവശ്യം ഫെഡറേഷനെ അറിയിച്ചാൽ അപ്പോൾ ചർച്ച ചെയ്യാമെന്നും എ.ഐ.എഫ്.എഫ് വൃത്തങ്ങൾ പ്രതികരിച്ചു. ഒക്ടോബർ ഒമ്പതിന് സിംഗപ്പൂരുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
അന്ന് ഇന്ത്യൻ പരിശീലക സ്ഥാനത്ത് മാർക്വേസ് ഉണ്ടാകുമോ എന്നതിൽ ഉറപ്പില്ല. ഇൻജുറി ടൈമിന്‍റെ നാലാം മിനിറ്റിൽ (90+4) പെനാൽറ്റി വഴങ്ങിയാണ് ഇന്ത്യ ഹോങ്കോങ്ങിനോട് തോറ്റത്. ബോക്സിനുള്ളിൽ ഹോങ്കോങ് താരം സ്റ്റെഫാൻ പെരേരയെ ഇന്ത്യൻ ഗോൾ കീപ്പർ വിശാൽ കെയ്ത് ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്.
കിക്കെടുത്ത പെരേരെ പന്ത് അനായാസം വലയിലാക്കി. മത്സരത്തിൽ ഇന്ത്യ ഒന്നിലധികം സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. മാർച്ചിൽ നടന്ന ആദ്യ കളിയിൽ ബംഗ്ലാദേശിനോട് ഇന്ത്യ സമനില വഴങ്ങിയിരുന്നു. നാല് ടീമുകളടങ്ങുന്ന ഗ്രൂപ്പിലെ മറ്റൊരു സംഘം സിംഗപ്പൂരാണ്. ഹോങ്കോങ്ങും സിംഗപ്പൂരും തമ്മിൽ നടന്ന കളിയും സമനിലയിലാണ് കലാശിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.