സൗദി ഫുട്‌ബാൾ ടീമിനെ പരിശീലിപ്പിക്കാന്‍ മാൻസീനി എത്തുന്നത് 223 കോടി രൂപ വാർഷിക ശമ്പളത്തിൽ!
text_fieldsസൗദി ഫുട്‌ബാൾ ടീമിനെ ഉയരങ്ങളിലെത്തിക്കാന്‍ ഇനി ഇറ്റാലിയൻ സൂപ്പർ പരിശീലകൻ. ഇറ്റലിയെ യൂറോകപ്പ് കിരീടത്തിലേക്കും 37 മത്സരങ്ങളിൽ പരാജയമറിയാതെ റെക്കോഡിലേക്കും നയിച്ച റോബർട്ടോ മാൻസീനിയാണ് സൗദി പരിശീലകനായി ചുമതല ഏറ്റെടുത്തത്. 25 മില്യൻ യൂറോയുടെ (ഏകദേശം 223 കോടി രൂപ) വാർഷിക ശമ്പളം നൽകിയാണ് 58കാരനെ കൊണ്ടുവരുന്നത്. 2027 വരെയാണ് കരാര്‍. 1984 മുതൽ 1994 വരെ ഇറ്റലിക്ക് വേണ്ടി കളിച്ച മാൻസീനിയെ അടുത്ത ദിവസം വാർത്താ സമ്മേളനത്തിലൂടെ പരിശീലകനായി അവതരിപ്പിച്ചേക്കും. സെപ്റ്റംബർ എട്ടിന് കോസ്റ്റാറിക്കക്കെതിരെയാകും അദ്ദേഹത്തിന്റെ ആദ്യ മത്സരം. സൗദി പരിശീലകനായിരുന്ന ഹെർവ് റെനാർഡ് കഴിഞ്ഞ ലോകകപ്പിന് ശേഷം ഫ്രാൻസ് വനിത ടീമിനൊപ്പം ചേർന്നിരുന്നു.
''യൂറോപ്പിൽ ചരിത്രം കുറിച്ചാണ് ഞാൻ വരുന്നത്. ഇനി സൗദിയിലും ചരിത്രം സൃഷ്ടിക്കാനുള്ള സമയമാണിത്''-സൗദി അറേബ്യൻ ഫുട്‌ബാൾ ഫെഡറേഷൻ (സാഫ്) സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ മാൻസീനി പറഞ്ഞു.
ഈ അഭിമാനകരമായ ഉത്തരവാദിത്തത്തിന് തെരഞ്ഞടുക്കപ്പെട്ടതിലൂടെ താൻ ആദരിക്കപ്പെട്ടിരിക്കുകയാണെന്ന് റോബർട്ടോ മാൻസീനി 'എക്‌സി'ൽ കുറിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഞാൻ ചെയ്തതിനുള്ള അംഗീകാരമാണിത്. ഇതിന് സൗദി ഫുട്‌ബാൾ ഫെഡറേഷൻ പ്രസിഡന്റ് യാസിർ അൽമിസ്ഹലിനോട് നന്ദി പറയുന്നു. ഏറെ ആകാംക്ഷ നിറഞ്ഞ പുതിയ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. ദേശീയ ഫുട്‌ബാളിനൊപ്പം യുവ പ്രതിഭകളെയും ഭാവിതലമുറയെയും വളർത്തുക എന്നൊരു ദൗത്യമാണ് മുന്നിലുള്ളതെന്നും അദ്ദേഹം കുറിച്ചു.
ആഗസ്റ്റ് ആദ്യമാണ് റോബർട്ടോ മാൻസീനി ഇറ്റാലിയൻ ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞത്. 2021ലെ യൂറോപ്യൻ ചാംപ്യൻഷിപ്പ് കിരീടത്തിലേക്ക് ഇറ്റലിയെ നയിച്ചത് അദ്ദേഹമായിരുന്നു. അതേസമയം, ഖത്തർ ലോകകപ്പിന് ഇറ്റലിക്ക് യോഗ്യത നേടിക്കൊടുക്കാനാവാത്തത് തിരിച്ചടിയായി. ഇന്റർ മിലാന് വേണ്ടി മൂന്ന് സീരി എ കിരീടങ്ങളും 2012ൽ മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടവും മാന്‍സീനി നേടിക്കൊടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

