ആരാധകനെതിരെ ഇൻസ്റ്റഗ്രാമിലൂടെ വംശീയാധിേക്ഷപം; കവാനിക്ക് വിലക്കും പിഴയും
text_fieldsഎഡിൻസൺ കവാനി
ലണ്ടൻ: ആരാധകനെ ഇൻസ്റ്റഗ്രാമിലൂടെ വംശീയമായി അധിക്ഷേപിച്ച കുറ്റത്തിന് മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ യുറുഗ്വായ് സ്ട്രൈക്കർ എഡിൻസൺ കവാനിക്ക് വിലക്കും പിഴയും. ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷനാണ് കവാനിയെ മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കിയത്. വിലക്കിന് പുറമേ താരം 136,500 ഡോളർ പിഴയും ഒടുക്കണം.
കവാനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വംശീയാധിക്ഷേപം സംബന്ധിച്ച പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് എഫ്.എ നേരത്തെ കണ്ടെത്തിയിരുന്നു. നവംബർ 29നാണ് സംഭവം.
സതാംപ്റ്റണിനെതിരെ യുനൈറ്റഡ് 3-2ന് വിജയിച്ച മത്സരത്തിലെ കവാനിയുടെ പ്രകടനത്തെ അഭിനന്ദിച്ച് സന്ദേശമയച്ച ആരാധകനെ വംശീയമായി അഭിസംബോധന ചെയ്തതാണ് കവാനിയെ കുടുക്കിയത്. ഇഞ്ചുറി സമയത്ത് നേടിയ ഗോളിലൂടെ കവാനിയാണ് അന്ന് ടീമിനെ ജയത്തിലെത്തിച്ചത്.
സംഭവം വിവാദമായതോടെ താരം പോസ്റ്റ് പിൻവലിച്ചിരുന്നു. കവാനിയുടെ വിശദീകരണം കേട്ട ശേഷമാണ് ശിക്ഷ വിധിച്ചത്. അതേസമയം കവാനി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അധിക്ഷേപമെന്ന് വിലയിരുത്തേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു ക്ലബ് പ്രസ്താവന ഇറക്കിയത്.