മഗ്വയർ ഏതു ടീമിലാ... സെവിയ്യ മൈതാനത്ത് കളി മറന്ന് യുനൈറ്റഡ്; യുവെ, സെവിയ്യ, റോമ, ലെവർകൂസൻ യൂറോപ ലീഗ് സെമിയിൽ
text_fieldsഇടവിട്ട് ഏറ്റവും നന്നായി കളി നയിച്ച് ആരാധകരെ ആവേശത്തിലാഴ്ത്തുന്നവർ ഒരുനാൾ എല്ലാം മറന്ന് പെരുവഴിയിൽ നിന്നാലോ? മാപ്പർഹിക്കാത്ത വൻവീഴ്ചകളുമായി സെവിയ്യക്കെതിരെ അവരുടെ തട്ടകത്തിൽ പന്തു തട്ടിയ യുനൈറ്റഡ് ചോദിച്ചുവാങ്ങിയത് ഞെട്ടിക്കുന്ന തോൽവി. യൂറോപ ലീഗിൽ യുനൈറ്റഡ് പുറത്തായ ദിവസം സെമി യോഗ്യത നേടി യുവൻറസ്, സെവിയ്യ, റോമ, ബയേർ ലെവർകൂസൻ ടീമുകൾ.
ആദ്യ പാദ സ്കോർ തുല്യത പാലിച്ചായിരുന്നു റാമൺ സാഞ്ചസ് പിസ്വാൻ മൈതാനത്ത് ബുധനാഴ്ച സെവിയ്യക്കെതിരെ മാഞ്ചസ്റ്റർ ഇറങ്ങിയത്. എതിരാളികളുടെ വലയിൽ പന്ത് എത്തിക്കാൻ മറന്നവർ സ്വന്തം വല നിറക്കാൻ സഹായിക്കുകയും ചെയ്തു. എട്ടാം മിനിറ്റിൽ യുനൈറ്റഡ് പ്രതിരോധ താരം ഹാരി മഗ്വയർ തളികയിലെന്ന പോലെ വെച്ചുനൽകിയ പന്ത് ഗോളാക്കി യൂസുഫ് നസീരിയാണ് സെവിയ്യയെ മുന്നിലെത്തിച്ചത്. യുനൈറ്റഡ് ഗോളി ഡി ഗിയയുടെ സമാനമായൊരു വീഴ്ച നസീരി വീണ്ടും ഗോളിലെത്തിച്ച കളിയിൽ ലോയിക് ബേഡ് അവശേഷിച്ച ഗോളും നേടി. മൂന്ന് സെവിയ്യ താരങ്ങൾ ചുറ്റും നിൽക്കെ പന്ത് ഗോളി ഡി ഗിയക്ക് മൈനസ് പാസ് നൽകാനുള്ള ശ്രമമാണ് മഗ്വയർക്ക് പാരയായതെങ്കിൽ അനായാസം കാലിലൊതുക്കാവുന്ന പന്ത് കൈവിട്ടാണ് ഡി ഗിയ എതിരാളികളെ സഹായിച്ചത്. ബ്രൂണോ ഫെർണാണ്ടസ്, റാഫേൽ വരാനെ, ലിസാന്ദ്രോ മാർടിനെസ് തുടങ്ങിയവരില്ലാതെ ഇറങ്ങിയ യുനൈറ്റഡ് പിന്നിലും മധ്യത്തിലും ദയനീയ പരാജയമായപ്പോൾ ഗോൾ ശ്രമങ്ങൾ പോലും കാര്യമായി പിറന്നില്ല. പരിക്കിൽനിന്ന് ഇനിയും പൂർണമായി മുക്തനാകാത്ത റാഷ്ഫോഡ് തീർത്തുംനിറം മങ്ങുകയും ചെയ്തു.
ഓൾഡ് ട്രാഫോഡിൽ രണ്ടു ഗോൾ ലീഡ് നേടിയ ടീം പിന്നീട് ഇരു കളികളിലായി അഞ്ചെണ്ണം വാങ്ങിക്കുട്ടി ദുരന്തനായകന്മാരായതിനെതിരെ കടുത്ത അമർഷമാണ് സമൂഹ മാധ്യമങ്ങളിൽ. മറുവശത്ത്, ലാ ലിഗയിൽ ഏറെ പിറകിലാണെങ്കിലും യൂറോപയിൽ കരുത്തു കാട്ടുന്നവരെന്ന പേര് അന്വർഥമാക്കുന്നതായി അൻദലൂസ്യൻ ടീമിന്റെ വൈറ്റ്‍വാഷ്. യൂറോപയിൽ ഏഴു തവണ കിരീടം ചൂടിയ ടീമിന് ഇറ്റാലിയൻ ടീമായ യുവന്റസാകും അവസാന നാലിലെ എതിരാളികൾ. സ്പോർടിങ്ങിനെ 2-1ന് മറികടന്നാണ് യുവെ സെമി ഉറപ്പാക്കിയത്.
മറ്റു മത്സരങ്ങളിൽ എ.എസ് റോമ ഡച്ച് എതിരാളികളായ ഫെയനൂർദിനെ 4-1ന് (ഇരു പാദ സ്കോർ 4-2) വീഴ്ത്തിയപ്പോൾ ജർമൻ കരുത്തരായ ബയേർ ലെവർകൂസൻ ബെൽജിയൻ ടീമായ യൂനിയൻ സെന്റ് ഗിലോയ്സിനെ അതേ സ്കോറിന് (ഇരു പാദ സ്കോർ 5-2)നും മറികടന്നു.