മാഞ്ചസ്റ്റർ യുനൈറ്റഡ് തളർന്നിട്ടില്ല; തകർപ്പൻ ജയവുമായി തിരിച്ചുവരവ്
text_fieldsദിവസങ്ങൾക്ക് മുമ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനോട് എതിരില്ലാത്ത ഏഴ് ഗോളിന് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ മാഞ്ചസ്റ്റർ യുനൈറ്റഡിന് തകർപ്പൻ തിരിച്ചുവരവ്. യൂറോപ്പ ലീഗ് പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ റിയൽ ബെറ്റിസിനെ 4-1നാണ് ടെറിക് ടെൻഹാഗിന്റെ കുട്ടികൾ തകർത്തുവിട്ടത്. 1931ന് ശേഷമുള്ള ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയ യുനൈറ്റഡിനും ആരാധകർക്കും ആശ്വാസം നൽകുന്നതാണ് ഇന്നലത്തെ വിജയം. ‘ഒരു വലിയ തിരിച്ചടിക്ക് ശേഷം ടീം എങ്ങനെ പ്രതികരിച്ചുവെന്ന് നിങ്ങൾക്ക് കാണാം’ എന്നായിരുന്നു വിജയത്തിന് ശേഷം പരിശീലകൻ എറിക് ടെൻഹാഗിന്റെ പ്രതികരണം.
സീസണിലെ 26ാം ഗോളുമായി മാർകസ് റാഷ്ഫോഡാണ് ടീമിന് ലീഡ് സമ്മാനിച്ചത്. അപ്പോൾ കളി തുടങ്ങി ആറ് മിനിറ്റേ പിന്നിട്ടിരുന്നുള്ളൂ. എന്നാൽ, 32ാം മിനിറ്റിൽ അയോസ് പെരസിന്റെ ലോങ് ഷോട്ട് യുനൈറ്റഡ് വലയിൽ കയറി. ആദ്യപകുതിയിൽ ഇരു ടീമും ഈ ഗോളുകളുമായാണ് പിരിഞ്ഞത്.
എന്നാൽ, രണ്ടാം പകുതിയിൽ യുനൈറ്റഡ് രണ്ടും കൽപിച്ചാണ് ഇറങ്ങിയത്. 52ാം മിനിറ്റിൽ ആന്റണിയിലൂടെ അതിന് ഫലവും കണ്ടു. കഴിഞ്ഞ കളിയിൽ ഏറെ വിമർശനം ഏറ്റുവാങ്ങിയ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിന്റെ ഊഴമായിരുന്നു അടുത്തത്. ആന്റണി ലീഡ് നൽകി ആറ് മിനിറ്റിന് ശേഷമാണ് ഈ ഗോൾ പിറന്നത്. കളി തീരാൻ എട്ട് മിനിറ്റ് ശേഷിക്കെ വൗട്ട് വെഗോസ്റ്റും ലക്ഷ്യം കണ്ടതോടെ മാഞ്ചസ്റ്ററുകാർക്ക് ആധികാരിക ജയമായി. എതിർ ടീമിന്റെ ഗോൾമുഖത്ത് 25 ഷോട്ടുകളാണ് യുനൈറ്റഡ് താരങ്ങൾ ഉതിർത്തത്. ഇതിൽ 13ഉം വലക്ക് നേരെയായിരുന്നു.
അതേസമയം, പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സണൽ പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ്ങിനോട് 2-2ന് സമനില വഴങ്ങി. ഗണ്ണേഴ്സിനായി വില്യം സാലിബ ഗോൾ നേടിയപ്പോൾ എതിർ താരം മോറിറ്റ സെൽഫ് ഗോളും സമ്മാനിച്ചു. സ്പോർട്ടിങ്ങിനായി ഗോൺസാലോ ഇനാസിയോയും പൗളീഞ്ഞോയും ലക്ഷ്യം കണ്ടു. മറ്റു മത്സരങ്ങളിൽ യുവന്റസ് എഫ്.സി ഫ്രെയ്ബർഗിനെ എതിരല്ലാത്ത ഒരു ഗോളിനും സെവിയ്യ 2-0ത്തിന് ഫെനർബാഷെയെയും തോൽപിച്ചു. യുവന്റസിനായി എയ്ഞ്ചൽ ഡി മരിയയാണ് ഗോൾ നേടിയത്.