ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്
text_fieldsമാഞ്ചസ്റ്റർ: ഇത്തിഹാദ് സ്റ്റേഡിയം നിറഞ്ഞ കാണികളുടെ ആവേശത്തള്ളിച്ചക്കിടെ രണ്ടു ഗോൾ പിറകിൽ നിന്നശേഷം സ്വരൂപം പുറത്തെടുത്ത മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം നിലനിർത്തി.
അഞ്ചു മിനിറ്റിനിടെ മൂന്നു ഗോൾ മടക്കിയാണ് ആസ്റ്റൻ വില്ലക്കെതിരെ 3-2 ജയത്തോടെ സിറ്റി പ്രീമിയർ ലീഗിന്റെ 2021-22 സീസണിൽ തങ്ങൾക്ക് ഒത്ത എതിരാളികളില്ലെന്നതിന് അടിവരയിട്ടത്. 37 റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ സിറ്റിക്ക് ഒരു പോയന്റ് മാത്രം പിറകിൽ നിന്ന ലിവർപൂളിന് ഒന്നിനെതിരെ മൂന്നു ഗോൾ ജയവുമായി വൂൾവ്സിന് തോൽപിച്ചിട്ടും രക്ഷയുണ്ടായില്ല. സിറ്റി 93ഉം ലിവർപൂൾ 92ഉം പോയന്റിൽ പോരാട്ടം അവസാനിപ്പിച്ചു.
ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി സിറ്റിയും വില്ലയും മുന്നോട്ടുനീങ്ങിയ മത്സരത്തിന്റെ 37ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറക്കുന്നത്. മാറ്റി കാഷിലൂടെ വില്ല മുന്നിലെത്തി. ഒറ്റ ഗോൾ ലീഡുമായി കളി അവസാന 20 മിനിറ്റിലേക്ക് കടക്കാനിരിക്കെ ഫിലിപ്പ് കുടീന്യോ സ്കോർ രണ്ടാക്കിയപ്പോൾ സിറ്റി ക്യാമ്പിൽ നിരാശപടർന്നു. ഇൽകൈ ഗുൻഡോഗൻ 75ാം മിനിറ്റിൽ വില്ല വലയിൽ പന്തെത്തിച്ചതോടെ ആവേശം വീണ്ടെടുത്തു.
78ാം മിനിറ്റിൽത്തന്നെ റോഡ്രിഗോയുടെ വക സമനില ഗോൾ. കിരീടദാഹവുമായി ആർത്തലച്ച ആരാധകർക്കുള്ള സമ്മാനമായി 81ാം മിനിറ്റിൽ ഗുൻഡോഗന്റെ മൂന്നാം ഗോളുമെത്തിയതോടെ സ്കോർ 3-2. സമനിലയെങ്കിലും പിടിക്കാൻ ആസ്റ്റൻ വില്ല നടത്തിയ നീക്കങ്ങളൊന്നും ഫലംകണ്ടില്ല. സിറ്റിയുടെ അഞ്ചാം പ്രീമിയർ ലീഗ് കിരീടമാണിത്. 2011-12, 2013-14, 2017-18, 2018-19, 2020-21 സീസണുകളിലും ഒന്നാമതെത്തി.
അതേസമയം, പെഡ്രോ നെറ്റോ മൂന്നാം മിനിറ്റിൽത്തന്നെ ഗോൾ നേടിയെങ്കിലും സാദിയോ മാനേ (24), മുഹമ്മദ് സലാഹ് (84), റോബർട്ട്സൺ (89) എന്നിവരിലൂടെ ലിവർപൂൾ വിജയത്തിലെത്തി. നോർവിച് സിറ്റിയെ എതിരില്ലാത്ത അഞ്ചു ഗോളിന് തോൽപിച്ച ടോട്ടൻഹാം (71) ചെൽസിക്കു (74) പിന്നിൽ നാലാമതായി ഫിനിഷ് ചെയ്ത് ചാമ്പ്യൻസ് ലീഗ് യോഗ്യത കരസ്ഥമാക്കി. എവർട്ടനെതിരെ 5-1ന് ആഴ്സനലും ജയിച്ചു. അഞ്ചാം സ്ഥാനക്കാരായ ആഴ്സനലിന് (69) യൂറോപ ലീഗ് യോഗ്യത ലഭിച്ചു.
ബ്രൈറ്റനോട് 1-3ന് വെസ്റ്റ് ഹാം (56) തോറ്റതിനാൽ ക്രിസ്റ്റൽ പാലസിനോട് 0-1ന്റെ പരാജയം രുചിച്ചിട്ടും മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ആറാം സ്ഥാനവും യൂറോപ ടിക്കറ്റും നഷ്ടമായില്ല. ന്യൂകാസിൽ യുനൈറ്റഡിനോട് 1-2ന് തോറ്റ ബേൺലി (35) രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു. ബ്രന്റ്ഫോഡിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തോൽപിച്ചാണ് ലീഡ്സ് യുനൈറ്റഡ് (38) ഈ ഭീഷണി ഒഴിവാക്കിയത്. നോർവിച്ചും (22) വാറ്റ്ഫോഡും (23) നേരത്തേത്തന്നെ തരംതാഴ്ത്തപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

