
ജർമൻ ക്ലബിനെ വീഴ്ത്തി സിറ്റി; അറ്റ്ലാന്റയോട് രക്ഷപ്പെട്ട് റയൽ
text_fields
ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ ജയം പിടിച്ച് വമ്പന്മാർ. ജർമൻ ക്ലബായ ബൊറൂസിയ മൊൻഷെൻഗ്ലാഡ്ബാഹിനെ പ്രിമിയർ ലിഗ് ഒന്നാമൻമാരായ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തിയപ്പോൾ ഒരു ഗോളിന്‍റെ വ്യത്യാസവുമായാണ് റയൽ ഇറ്റാലിയൻ ടീമായ അറ്റ്ലാന്റക്കെതിരെ ആദ്യ പാദത്തിൽ കടന്നുകൂടിയത്.
അതിവേഗ ഗെയിമുമായി ഉടനീളം നിറഞ്ഞുനിന്ന സിറ്റിക്ക് താരതമ്യേന ദുർബലരായ എതിരാളികൾ ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്തിയില്ല. ഇരു പകുതികളിൽ ബെർണാഡോ സിൽവ (29)യും ഗബ്രിയേൽ ജീസസും (65) ആയിരുന്നു സ്കോറർമാർ. ഇത്തവണ യൂറോപ്യൻ ലീഗുകളിലെ കളിമികവിന് മാർക്കിട്ടാൽ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാൻ കൂടുതൽ സാധ്യത കൽപിക്കപ്പെടുന്ന േക്ലാപിന്‍റെ കുട്ടികൾ പിന്നീടും ഒന്നിലേറെ തവണ ഗോളിനരികെയെത്തിയെങ്കിലും നിർഭാഗ്യം വില്ലനായി. ജൊആവോ കാൻസലോ നൽകിയ ക്രോസിൽ മനോഹരമായി തലവെച്ചായിരുന്നു സിൽവയുടെ ഗോൾ. രണ്ടാം പകുതിയിൽ ഇരുവരും ചേർന്ന് നടത്തിയ മുന്നേറ്റം ജീസസിന് തളികയിൽ വെച്ചുനൽകി രണ്ടാം ഗോളിനും വഴി തുറന്നു.
നീണ്ട 43 വർഷത്തിനിടെ ആദ്യമായി ചാമ്പ്യൻസ് ലീഗിൽ ഇടം പിടിച്ച മൊൻഷെൻഗ്ലാഡ്ബാഹിന് ഒരു ഘട്ടത്തിലും അവസരം നൽകാതെയായിരുന്നു സിറ്റി പടയോട്ടം. ഗോൾകീപർ എഡേഴ്സൺ ആകെ പരീക്ഷിക്കപ്പെട്ടതാകട്ടെ, കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ലഭിച്ച ഏക പന്തും. അത് അനായാസം കൈപിടിയിലൊതുക്കി രക്ഷപ്പെടുത്തുകയും ചെയ്തു. പ്രിമിയർ ലീഗിൽ എതിരാളികളെ ബഹുദൂരം പിറകിലാക്കി കുതിക്കുന്ന സിറ്റിക്ക് രണ്ടാം പാദ മത്സരം ഇനി മാർച്ച് 16ന് സ്വന്തം മൈതാനത്താണ്.
രണ്ടാമത്തെ മത്സരത്തിൽ 10 പേരായി ചുരുങ്ങിയ അറ്റലാന്‍റക്കെതിരെ മെൻഡിയാണ് റയലിന് ഭാഗ്യവും ജയവും നൽകിയത്. കളിയുടെ 17ാം മിനിറ്റിൽ ചുവപ്പു കാർഡ് കണ്ട റെമോ ഫ്രൂളറെ നഷ്ടമായിട്ടും പതറാതെ കളിച്ച ടീം റയലിനെ വരിഞ്ഞുകെട്ടുന്നതിൽ വിജയിച്ചു. പരിക്കിൽ വലഞ്ഞ നായകൻ സെർജിയോ റാമോസ്, കരീം ബെൻസേമ, എഡൻ ഹസാർഡ്, ഡാനി കർവയാൽ തുടങ്ങിയവരെ പുറത്തിരുത്തിയത് റയലിന്‍റെ മുന്നേറ്റങ്ങൾക്ക് മൂർച്ച കുറച്ചു. പ്രതിരോധത്തിന് അറ്റ്ലാൻറ കൂടുതൽ പ്രാമുഖ്യം നൽകിയതാണ് മാർജിൻ കുറച്ചതെന്ന് റയൽ കോച്ച് സിനദിൻ സിദാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
