Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇത്തിഹാദിൽ സിറ്റി...

ഇത്തിഹാദിൽ സിറ്റി തന്നെ രാജാക്കന്മാർ; റെക്കോഡുകളുടെ സുൽത്താനായി ഹാലൻഡ്

text_fields
bookmark_border
ഇത്തിഹാദിൽ സിറ്റി തന്നെ രാജാക്കന്മാർ; റെക്കോഡുകളുടെ സുൽത്താനായി ഹാലൻഡ്
cancel

പ്രിമിയർ ലീഗിലും പുറത്തും പ്രകടന മികവിന്റെ ഒന്നാം പാഠമായി നിറഞ്ഞുനിന്നിട്ടും അകന്നുനിൽക്കുന്ന ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് വലിയ ചുവടുവെച്ച് മാഞ്ചസ്റ്റർ സിറ്റി. സ്വന്തം തട്ടകത്തിൽ നടന്ന ക്വാർട്ടർ ഒന്നാം പാദത്തിൽ കരുത്തരായ ​ബയേണിനെ ഏതിരില്ലാത്ത കാൽഡസൻ ഗോളുകൾക്ക് മുക്കിയാണ് ടീം ചാമ്പ്യൻസ് ലീഗ് സെമി പ്രതീക്ഷകൾ സജീവമാക്കിയത്. ഇതിനിടെ ബുണ്ടസ് ലിഗയിൽനിന്ന് കൂറുമാറി ഇംഗ്ലണ്ടിലെത്തി ആദ്യ സീസൺ പാതിപിന്നിടുമ്പോഴേക്ക് ഗോൾ സമ്പാദ്യം 45ലെത്തിച്ച് എർലിങ് ഹാലൻഡ് അത്യപൂർവ ഗോൾ ചരിത്രവും സ്വന്തം പേരിലാക്കി.

പോരാട്ടം തുല്യം, ​ഗോൾ സമ്പന്നം

കൊണ്ടും കൊടുത്തും തുല്യ ശക്തികളുടെ പോരാട്ടം കണ്ട മൈതാനത്ത് എല്ലാ മേഖലകളിലും ആതിഥേയർ ഒരു പണത്തൂക്കം മുന്നിൽനിന്നു. ഇരുടീമുകളുടെയും പ്രതിരോധം ഉരുക്കുകോട്ട തീർത്തതിനിടെയും കരുത്തരായ മുന്നേറ്റനിരകൾ ഇരട്ട എഞ്ചിനായി ഓടിയെത്തി ഇരു വശത്തും ഗോൾവലകൾക്കു മുന്നിൽ പ്രകമ്പനം തീർത്തു. 27ാം മിനിറ്റിൽ റോഡ്രിയാണ് ഗോൾദാരിദ്ര്യം അവസാനിപ്പിച്ച് ആദ്യം വല കുലുക്കിയത്. മനോഹരമായ ഇടങ്കാലൻ ​​ഡ്രൈവിൽ പോസ്റ്റിന്റെ മുകളറ്റത്തുകൂടി മൂളിക്കയറിയ പന്ത് ബയേൺ ഗോളി യാൻ സോമർക്ക് അവസരമേതും നൽകിയില്ല.

എന്നിട്ടും അരിശമടങ്ങാതെ ഓടിനടന്ന സിറ്റിയും ഗോൾ മടക്കാൻ ദാഹിച്ച് ബയേണും സൃഷ്ടിച്ച അവസരങ്ങൾക്കൊടുവിൽ 70ാം മിനിറ്റിൽ ഹാലൻഡ് സ്പർശമുള്ള രണ്ടാം ഗോളെത്തി. താരം നൽകിയ അനായാസ ക്രോസിൽ തലവെച്ച് ബെർണാഡോ സിൽവയായിരുന്നു സ്കോറർ. വൈകാതെ ഹാലൻഡ് വക ഗോളും പിറന്നു. ജോൺ സ്റ്റോൺസ് തലവെച്ചുനൽകിയ പന്ത് അനായാസം തട്ടിയിട്ടായിരുന്നു ലീഡ് കാൽഡസനായി ഉയർത്തിയത്.

ഒന്നെങ്കിലും തിരിച്ചടിക്കാനൊരുങ്ങി കോമാനും കൂട്ടരും സിറ്റി പകുതിയിൽ വട്ടമിട്ടുനിന്നെങ്കിലും പ്രതിരോധ മതിലിൽ തട്ടി മടങ്ങി.

അലയൻസ് അറീനയിൽ രണ്ടാം പാദവും ജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിക്ക് സെമിയിൽ റയൽ മഡ്രിഡ്- ചെൽസി ക്വാർട്ടറിലെ എതിരാളികളുമായാകും മുഖാമുഖം. പെപ് ഗാർഡിയോള എത്തി വർഷങ്ങളായിട്ടും ചാമ്പ്യൻസ് ലീഗിൽ ടീം കിരീടം തൊട്ടിട്ടില്ല. ഈ ദാരിദ്ര്യം അവസാനിപ്പാക്കാനാണ് ഇത്തവണ ടീം ലക്ഷ്യമിടുന്നത്.

ഭീമൻ ഹാലൻഡ് വന്നു, ചരിത്രം വഴിമാറി

22കാരനായ ​എർലിങ് ഹാലൻഡ് സീസൺ ആദ്യത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമെത്തുമ്പോഴേ കാര്യങ്ങൾ വ്യക്തമായിരുന്നു. പഴയ റെക്കോഡുകൾ പലതും കടപുഴകാൻ ഏറെ വേണ്ടിവരില്ലെന്ന്. ഡി ബ്രുയിൻ മധ്യനിര ഭരിക്കുന്ന സിറ്റിയിൽ ഗോളുത്സവം തീർക്കുന്ന താരം ചൊവ്വാഴ്ച ബയേണിനെതിരെ ഗോളടിച്ച് നേടിയതും അപൂർവ ചരിത്രം. ഒരു പ്രിമിയർ ലീഗ് താരം ഒരു സീസണിൽ നേടുന്ന ഏറ്റവും കൂടുതൽ ഗോളുകളെന്ന റെക്കോഡാണ് താരത്തിനു മുന്നിൽ വീണത്. പ്രിമിയർ ലീഗ് നിലവിൽ വന്ന 1992-93 വർഷത്തിനു ശേഷം ആദ്യമായാണ് ഒരു താരം സീസണിൽ 45 ഗോളുകൾ നേടുന്നത്. 2002-03ൽ യുനൈറ്റഡ് താരം റൂഡ് വാൻ നിസ്റ്റൽറൂയിയും 2017-18ൽ ലിവർപൂളിനായി മുഹമ്മദ് സലാഹും 44 വീതം ഗോളുകൾ നേടിയതാണ് ഇതുവരെയുള്ള റെക്കോഡ്.

ഇംഗ്ലീഷ് നഗരമായ ലീഡ്സിൽ പിറന്ന ഹാലൻഡ് മൂന്നാം വയസ്സിൽ നോർവേയിലെത്തിയതാണ്. അവിടെ പൗരത്വം സ്വീകരിച്ച താരം ഈ സീസണിലാണ് ആദ്യമായി ഇംഗ്ലണ്ടിൽ കളിക്കുന്നത്.

ഇടം​കാലു കൊണ്ട് 28 ഗോളുകൾ സ്വന്തമാക്കിയ താരത്തിനു മുകളിലാണ് സലാഹിന്റെ റെക്കോഡ്. 44ൽ 36ഉം ഇടംകാലനായിരുന്നു. എന്നാൽ, നിസ്റ്റൽറൂയിയുടെത് 33ഉം വലംകാലു കൊണ്ടും.

അതേ സമയം, പ്രിമിയർ ലീഗിനു മുമ്പ് ടോട്ടൻഹാം താരം ​ൈക്ലവ് അലൻ 49 ഗോളുകൾ നേടിയിരുന്നു. സീസൺ ഇനിയേറെ ബാക്കിനിൽക്കെ ആ ചരിത്രവും ഹാലൻഡിനു മുന്നിൽ വഴിമാറുമെന്ന് ആരാധകർ കണക്കുകൂട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bayern MunichManchester CityMalayalam Sports NewsErling Haaland
News Summary - Manchester City overpower Bayern Munich in Champions League Quarte-finals
Next Story