പെപ്പിന്‍റെ 1000 സുവർണ അങ്കങ്ങൾ
text_fieldsലണ്ടൻ: നിലവിലെ ചാമ്പ്യന്മാരും ആതിഥേയരായ മാഞ്ചസ്റ്റർ സിറ്റിയും മുഖാമുഖം നിന്ന കഴിഞ്ഞ ദിവസം ഇത്തിഹാദ് മൈതാനത്ത് കാൽ ഡസൻ ഗോൾ ജയത്തിന് ഇരട്ടി മധുരം പകർന്ന് മറ്റൊരു വിശേഷം കൂടിയുണ്ടായിരുന്നു. യൂറോപ്യൻ സോക്കറിലെ അതികായനായ പെപ് ഗാർഡിയോളക്ക് പരിശീലകക്കുപ്പായത്തിൽ 1000ാമത്തെ മത്സരമായിരുന്നു അന്ന്.
അവസാന വിസിൽ മുഴങ്ങുംമുമ്പേ ആഘോഷങ്ങളിലമർന്ന ഗാലറിയിൽ ഉറക്കെ ഉയർന്ന ഒറ്റവരി ഇതായിരുന്നു: ‘‘ഞങ്ങൾക്ക് കിട്ടി, ഗാർഡിയോള...’’ ടീം ഏഴാം പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ചുവടുകൾ വെച്ചുതുടങ്ങുമ്പോൾ പെപ്പിനും ആരാധകർക്കും ആഘോഷം കൊഴുപ്പിക്കാൻ ഇതിലേറെ മധുരമായൊരു മുഹൂർത്തം ഇനിയുണ്ടാകുമോ?
കഴിഞ്ഞ സീസണിൽ തുടർ തോൽവികളിൽ തളർന്ന് പരവശനായിരുന്നു പെപ്പും സിറ്റിയും. തുടർച്ചയായ നാലു കിരീടനേട്ടങ്ങൾക്ക് പിറകെ പരിക്കും പ്രശ്നങ്ങളും വലച്ച് ടീം ഉഴറിയ നാളുകൾ. പ്രധാന ട്രോഫികളൊന്നും പിടിക്കാതെ പോയതോടെ ഗാർഡിയോളയുടെ ഭാവി തന്നെ ചോദ്യം ചെയ്യപ്പെട്ട നാളുകൾ. അവസരം മുതലെടുത്ത് ഏറെയായി കപ്പിനും ചുണ്ടിനുമിടയിൽ നിന്ന കിരീടം ചെമ്പട ഓടിപ്പിടിക്കുകയും ചെയ്തു.
ഇത്തവണ പക്ഷേ, കാര്യങ്ങൾ സിറ്റിക്കൊപ്പമാണ്. 2016ൽ ബയേൺ മ്യൂണിക്കിൽനിന്ന് ഇത്തിഹാദിലെത്തിയ ഗാർഡിയോള നീണ്ട വർഷങ്ങൾക്കിടെ ഇംഗ്ലീഷ് ഫുട്ബാളിന്റെ മുഖവര തന്നെ മാറ്റിവരച്ചിരിക്കുന്നു. വന്ന് വർഷങ്ങളായിട്ടും കളിയൊന്നും മാറ്റിയിട്ടില്ല സിറ്റിയും അവരുടെ പരിശീലകനും. സെറ്റ് പീസുകളും നെടുനീളൻ ത്രോകളും കളം ഭരിക്കുന്ന കാലത്തും പെപ്പിനിഷ്ടം പരമ്പരാഗത പാസിങ് ഗെയിം തന്നെ. ഹാലൻഡിനു പാകത്തിൽ ചെറുതായൊന്ന് പരിഷ്‍കരിച്ച് ചിലപ്പോൾ ചെറു മാറ്റങ്ങൾ വരുത്തിയിട്ടുണ്ടാകാമെന്ന് മാത്രം.
പ്രീമിയർ ലീഗിൽ ഈ സീസണിൽ മൈതാനത്ത് ഏറ്റവും കൂടുതൽ ദൂരം പിന്നിട്ട ടീം സിറ്റിയാണ്- 1268.7 കിലോമീറ്റർ. ഒരു കളിയിൽ ശരാശരി 115.3 കിലോമീറ്റർ. എന്നുവെച്ചാൽ, ആക്രമണത്തിലും പ്രതിരോധത്തിലും ടീം ബഹുദൂരം മുന്നിൽ. സീസണിൽ ബ്രൈറ്റൺ, വില്ല, ടോട്ടൻഹാം ടീമുകൾക്കെതിരെ തോൽവിയറിഞ്ഞിട്ടും സിറ്റിയുടെ അവസാന കണക്കുകൾ എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്.
അവസാനം കളിച്ച 14 കളികളിൽ ഒരു തോൽവി മാത്രമാണ് വഴങ്ങിയത്. ഹാലൻഡ് തന്നെ പെപ്പിന്റെ കളിസങ്കൽപങ്ങളിലെ ഒന്നാമൻ. സീസണിൽ താരം ഇതിനകം 18 കളികളിൽ 28 ഗോളുകൾ കുറിച്ചുകഴിഞ്ഞു. ഹാലൻഡിനൊപ്പം ഓരോ താരവും അവരുടെ ഇടങ്ങളിൽ കൂടുതൽ മികവോടെ പന്തുതട്ടുന്നത് ടീമിന്റെ കണക്കുകൂട്ടലുകൾക്ക് കൃത്യത നൽകുന്നു.
2007ൽ ബാഴ്സലോണ ബി ടീമിലായിരുന്നു പരിശീലകനായി പെപ്പിന്റെ അരങ്ങേറ്റം. അതിവേഗം സീനിയർ ടീമുകളിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ശേഷം പരിശീലിപ്പിച്ച ടീമുകളത്രയും അതത് ലീഗുകളിലെ വമ്പന്മാർ. ബാഴ്സലോണയിലും പിന്നീട് ബയേൺ മ്യൂണിക്കിലും അത്ഭുതങ്ങൾ കാട്ടിയായിരുന്നു ഒടുവിൽ പ്രീമിയർ ലീഗിൽ ചുവടുവെക്കുന്നത്.
40 ട്രോഫികൾ ഗാർഡിയോളക്കു കീഴിൽ ടീമുകൾ നേടിയിട്ടുണ്ട്. ബാഴ്സ ബിക്കൊപ്പം കന്നി സീസണിൽ ടെർസെറ ഡിവിഷൻ കിരീടവുമായാണ് തുടക്കം. ലാ ലിഗയിൽ നാലും ബുണ്ടസ് ലിഗയിൽ മൂന്നുമടക്കം 16 സീസണുകളിലായി 12 ലീഗ് കിരീടങ്ങൾ. പ്രീമിയർ ലീഗിൽ ഒമ്പത് സീസൺ പിന്നിടുമ്പോൾ ആറെണ്ണം നേടിക്കഴിഞ്ഞു. ഫെർഗുസൻ മാത്രമാണ് പ്രീമിയർ ലീഗ് കിരീടങ്ങളിൽ മുന്നിലുള്ളത്. പെപ്പ് മൂന്നുതവണ ചാമ്പ്യൻസ് ലീഗ് നേടിയപ്പോൾ രണ്ടുവട്ടവും ബാഴ്സലോണയിലായിരുന്നു. ഫിഫ ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവയും സ്വന്തമാക്കി.
മറ്റ് പരിശീലക ഇതിഹാസങ്ങളായ ആഞ്ചലോട്ടി 31 കിരീടങ്ങളും മൊറീഞ്ഞോ 26ഉം ക്ലോപ്പ് 13ഉം നേടിയത് ചേർത്തുവെക്കുമ്പോഴാണ് പെപ്പ് വേറിട്ടുനിൽക്കുന്നത്. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ എല്ലാമെല്ലായിരുന്ന ഫെർഗുസൻ പക്ഷേ, 39 വർഷം നീണ്ട കരിയറിൽ 49 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 1000 കളികളിൽ 716 ജയമെന്നതും റെക്കോഡാണ് -71.6 ശതമാനം. ഇത്രയും കളികളിൽ തന്റെ ടീമുകൾ നേടിയത് 2445 ഗോളുകളാണ്. മാഞ്ചസ്റ്റർ സിറ്റി 100 പോയന്റ് നേടി ലീഗ് കിരീടം സ്വന്തമാക്കിയതും റെക്കോഡാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

