കെവിൻ ഡിബ്രൂയിന്‍റെ പകരക്കാരനെ സിറ്റി കണ്ടെത്തി, വെല്ലുവിളിയായി റയലും ബയേണും...
text_fieldsലണ്ടൻ: ബെൽജിയത്തിന്‍റെ സൂപ്പർ പ്ലേമേക്കർ കെവിൻ ഡിബ്രൂയിന്‍റെ പകരക്കാരനെ തേടിയുള്ള അന്വേഷണത്തിലായിരുന്നു മാഞ്ചസ്റ്റർ സിറ്റി. ക്ലബിന്‍റെ കിരീട നേട്ടങ്ങളിലെല്ലാം അസിസ്റ്റുകളുടെ രാജകുമാരന് നിർണായക പങ്കുണ്ടായിരുന്നു.
ഡിബ്രൂയിനുമായുള്ള സിറ്റിയുടെ കരാർ ഈ ജൂണിൽ അവസാനിക്കും. 34 വയസ്സ് പൂർത്തിയാകുന്ന താരവുമായി സിറ്റി കരാർ പുതുക്കുമോ എന്നതിൽ ഉറപ്പില്ല. താരത്തിന് പകരക്കാരനായി ജർമൻ യുവതാരം ഫ്ലോറിയാൻ വിർട്സിനെയാണ് സിറ്റി ലക്ഷ്യമിടുന്നത്. ജർമൻ ബുണ്ടസ് ലീഗിൽ ബയർ ലെവർകുസന്‍റെ കുതിപ്പിനു പിന്നിലെ പ്രധാന ചാലകശക്തി ഈ 21കാരനാണ്. 2023-24 സീസണിൽ ക്ലബിന്‍റെ കിരീട നേട്ടത്തിൽ താരത്തിന് നിർണായക പങ്കുണ്ടായിരുന്നു. സീസണിൽ ഇതുവരെ ക്ലബിനായി അറ്റാക്കിങ് മിഡ്ഫീൽഡർ 21 ഗോളുകളാണ് അടിച്ചുകൂട്ടിയത്. വിർട്സിനായി സ്പാനിഷ് വമ്പന്മാരായ റയലും ജർമൻ ക്ലബ് ബയേൺ മ്യൂണിക്കും ചരടുവലിക്കുന്നതാണ് സിറ്റിക്ക് വെല്ലുവിളിയാകുന്നത്.
ലോകത്തിലെ ഇതിഹാസ പ്ലേമേക്കർമാരോടാണ് വിർട്സിനെ ഫുട്ബാൾ ലോകം പലപ്പോഴും വിശേഷിപ്പിക്കുന്നത്. ലെവർകുസനായി ഇതുവരെ 187 മത്സരങ്ങളിൽനിന്ന് 56 ഗോളുകൾ നേടുകയും 62 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. സീസണിൽ വലിയ തിരിച്ചടികൾ നേരിടുന്ന സിറ്റിയിലേക്ക് പുതിയ താരങ്ങളെ എത്തിക്കാനുള്ള നീക്കമാണ് പരിശീലകൻ പെപ് ഗ്വാർഡിയോള നടത്തുന്നത്. വിർട്സ് തന്നെയാണ് ക്ലബിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
ഡിബ്രൂയിനെ പോലൊരു താരത്തിന്‍റെ ഭാവി അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ അഭാവം നികത്തുന്നൊരു കളിക്കാരനെ തന്നെ ടീമിലെത്തിക്കാനാണ് പെപ്പിന്‍റെ ആലോചന. ടോണി ക്രൂസ് കളി നിർത്തുകയും ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ച് കരിയറിന്‍റെ സായാഹ്നത്തിൽ എത്തി നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ റയലും മികച്ചൊരു പ്ലേമേക്കറെ തേടുകയാണ്. നിലവിൽ വിർട്സ് തന്നെയാണ് സ്പാനിഷ് ക്ലബിന്‍റെ റഡാറിലുള്ളത്. ബയേണും വിർട്സിനായി ചരടുവലിക്കുന്നുണ്ട്. 85 മില്യൺ യൂറോക്കു മുകളിലാണ് നിലവിൽ ലെവർകുസൻ വിർട്സിന് നൽകുന്ന മൂല്യം.
അതുകൊണ്ടു തന്നെ വിർട്സിനായുള്ള കരാറിന് ക്ലബുകൾ വലിയ തുക തന്നെ നൽകേണ്ടിവരും. നേരത്തെ, ഡിബ്രൂയിൻ സൗദി ക്ലബിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. 2015ൽ വൂൾഫ്സ്ബർഗിൽനിന്നാണ് ഡിബ്രൂയിൻ സിറ്റിയിലെത്തുന്നത്. ഇതിനിടെ ആറ് പ്രീമിയർ ലീഗ് കിരീടങ്ങളിലും ഒരു ചാമ്പ്യൻസ് ലീഗ് കിരീടത്തിലും ഉൾപ്പെടെ 15 പ്രധാന കിരീട നേട്ടങ്ങളിൽ ക്ലബിന്‍റെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

