ഹാലണ്ടിന് ഇരട്ടഗോൾ, വരവറിയിച്ച് റെയിൻഡേഴ്സ്; നാലടിയിൽ വോൾവ്സിനെ തകർത്ത് സിറ്റി
text_fieldsഗോൾ വേട്ടക്കാരൻ എർലിങ് ഹാലണ്ടും പുതുമുഖ താരം ടിജ്ജാനി റെയിൻഡേഴ്സും മിന്നുംപ്രകടനം കാഴ്ചവെച്ചപ്പോൾ, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. വോൾവ്‌സിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സിറ്റി തരിപ്പണമാക്കിയത്.
നോർവീജിയൻ സ്ട്രൈക്കർ ഹാലണ്ട് ഇരട്ടഗോളുകൾ നേടി. ഡച്ച് മധ്യനിര താരം റെയിൻഡേഴ്സ് പ്രീമിയർ ലീഗ് അരങ്ങേറ്റം അവിസ്മരണീയമാക്കി. ഒരു ഗോളടിക്കുകയും മറ്റു രണ്ടു ഗോളുകളിൽ പങ്കാളിയാകുകയു ചെയ്തു. ഈ സമ്മറിൽ എ.സി മിലാനിൽനിന്നാണ് റെയിൻഡേഴ്സിനെ സിറ്റി സ്വന്തമാക്കിയത്. കഴിഞ്ഞവർഷം പെപ് ഗ്വാർഡിയോളക്കും സംഘത്തിനും കിരീടങ്ങളൊന്നും നേടാനായിരുന്നില്ല, എട്ടു വർഷത്തിനിടയിലെ ഏറ്റവും മോശം സീസൺ. നവാഗതനായ റയാൻ ചെർക്കിയാണ് ടീമിന്‍റെ നാലാം ഗോൾ നേടിയത്.
മത്സരത്തിൽ സിറ്റിയുടെ സമ്പൂർണ ആധിപത്യമായിരുന്നു. 34ാം മിനിറ്റിൽ ഹാലണ്ടാണ് ഗോൾ വേട്ടക്ക് തുടക്കമിട്ടത്. റിക്കോ ലൂയിസ് ബോക്സിന്‍റെ വലതു പർശ്വത്തിൽനിന്ന് നൽകിയ ക്രോസ് വലയിലേക്ക് തിരിച്ചുവിടേണ്ട പണി മാത്രമേ ഹാലണ്ടിനുണ്ടായിരുന്നുള്ളു. റെയിൻഡേഴ്സ് തുടങ്ങിവെച്ച നീക്കമാണ് ഗോളിലെത്തിയത്. മൂന്നു മിനിറ്റിനുള്ളിൽ റെയിൻഡേഴ്സ് ലീഡ് വർധിപ്പിച്ചു. യുവ താരം ഓസ്കാർ ബോബാണ് ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയിൽ 61ാം മിനിറ്റിൽ ഹാലണ്ട് രണ്ടാം ഗോൾ നേടി. റെയിൻഡേഴ്സ് നൽകിയ പാസിൽ നിന്നും താരമെടുത്ത ബുള്ളറ്റ് ഷോട്ട് വോൾവ്‌സ് വല തുളച്ചു. പകരക്കാരനായി ഇറങ്ങിയ ചെർക്കി കൂടി ഗോൾ നേടിയതോടെ മത്സരം സിറ്റി കൈപിടിയിലാക്കി.
എഡേഴ്സന്‍റെ അഭാവത്തിൽ സിറ്റിക്കായി അരങ്ങേറ്റം കുറിച്ച ജെയിംസ് ട്രാഫോർഡ് തകർപ്പൻ പ്രകടനം നടത്തി. പ്രധാന താരങ്ങളെ പുറത്തിരുത്തിയാണ് ഗ്വാർഡിയോള വോൾവ്സിന്‍റെ തട്ടകമായ മോളിനക്സിൽ ടീമിനെ കളത്തിലിറക്കിയത്. തുടക്കത്തിൽ താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും പതിയെ സിറ്റി നിയന്ത്രണം ഏറ്റെടുത്തു. ഫിൽ ഫോഡൻ, റോഡ്രി എന്നിവർക്കെല്ലാം വിശ്രമം നൽകി.
ലീഗിലെ മറ്റു മത്സരങ്ങളിൽ ടോട്ടനം ഹോട്‌സ്പര്‍ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ബേണ്‍ലിയെ തകർത്തെറിഞ്ഞു. ബ്രസീലിയന്‍ വിങ്ങര്‍ റിച്ചാര്‍ലിസന്റെ ഇരട്ടഗോളുകളാണ് ടോട്ടനത്തിന്‍റെ തുടക്കം മിന്നിച്ചത്. ബ്രണ്ണന്‍ ജോണ്‍സണാണ് മൂന്നാം ഗോൾ നേടിയത്. സീസണില്‍ പ്രീമിയര്‍ ലീഗിലേക്ക് യോഗ്യതനേടിയ സണ്ടര്‍ലാന്‍ഡ് ഏവരെയും ഞെട്ടിച്ച് ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്ക് വെസ്റ്റ്ഹാമിനെ കീഴടക്കി.
എട്ടുവര്‍ഷത്തിന് ശേഷമാണ് ടീം ഒരു പ്രീമിയര്‍ ലീഗ് മത്സരം ജയിക്കുന്നത്. എലിസര്‍ മയെന്‍ഡ, ഡാനിയല്‍ ബല്ലാര്‍ഡ്, വില്‍സണ്‍ ഇസിഡോര്‍ എന്നിവരാണ് വലകുലുക്കിയത്. ബ്രൈറ്റണ്‍-ഫുള്‍ഹാം മത്സരം സമനിലയില്‍ കലാശിച്ചു. ആസ്റ്റണ്‍ വില്ല-ന്യൂകാസില്‍ യുനൈറ്റഡ് മത്സരം ഗോള്‍രഹിതസമനിലയില്‍ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

