പരിശീലകക്കുപ്പായത്തിൽ ഗാർഡിയോളക്ക് 500ാം വിജയം; വിജയക്കുതിപ്പ് തുടർന്ന് സിറ്റി
text_fieldsമാഞ്ചസ്റ്റർ: പരിശീലകക്കുപ്പായത്തിൽ 500ാം വിജയവുമായി പെപ് ഗാർഡിയോള. ശനിയാഴ്ച മാഞ്ചസ്റ്റർ സിറ്റി 1-0ത്തിന് ഷെഫീൽഡ് യുനൈറ്റഡിനെ തോൽപിച്ചതോടെയാണ് ഗാർഡിയോള നാഴികക്കല്ല് പിന്നിട്ടത്.
2008ൽ ബാഴ്സലോണയുടെ മാനേജരായി പരിശീലക കരിയർ തുടങ്ങിയ ഗാർഡിയോള ഇതുവരെ 29 മേജർ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 673 മത്സരങ്ങളിൽ നിന്നായാണ് ഗാർഡിയോളയുടെ 500ാം വിജയം.
നൂകാംപിൽ 179 വിജയങ്ങൾ കുറിച്ച ഗാർഡിയോള ശേഷം ജർമനിയിൽ ബയേൺ മ്യൂണിക്കിനൊപ്പം 124 വിജയത്തിൽ പങ്കാളിയായി. ശേഷം ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമെത്തിയ ഗാർഡിയോള 197 വിജയങ്ങളുമായി കുതിപ്പ് തുടരുകയാണ്.
ഷെഫീൽഡിനെതിരായ മത്സരത്തിൽ ഗബ്രിയേൽ ജീസസാണ് സിറ്റിയുടെ വിജയ ഗോൾ സ്കോർ ചെയ്തത്. ഇതോടെ സിറ്റി അവരുടെ വിജയക്കുതിപ്പ് 12 മത്സരങ്ങളാക്കി ഉയർത്തി. ജനുവരിയിൽ കളിച്ച ഒമ്പത് മത്സരങ്ങളും വിജയിച്ചാണ് സിറ്റി മുന്നേറുന്നത്.
മറ്റൊരു മത്സരത്തിൽ ആഴ്സനലും മാഞ്ചസ്റ്റർ യുനൈറ്റഡും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
20 മത്സരങ്ങളിൽ നിന്ന് 44 പോയന്റുമായി സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. 21 മത്സരങ്ങളിൽ നിന്നും 41 പോയന്റുമായി മാഞ്ചസ്റ്റർ യുനൈറ്റഡാണ് രണ്ടാമത്. 20 മത്സരങ്ങളിൽ നിന്ന് 39 പോയന്റുമായി ലെസ്റ്റർ സിറ്റി മൂന്നാമതും 37 പോയന്റുമായി ലിവർപൂൾ നാലാം സ്ഥാനത്തുമാണ്.

