മലപ്പുറത്തിന്‍റെ ഫുട്‌ബാള്‍ പെരുമക്ക് കരുത്തേകിയ നിഷാദ് മാഷ് പടിയിറങ്ങി
text_fieldsഅഹമ്മദ് നിഷാദ്
മലപ്പുറം: ജില്ലയുടെ ഫുട്‌ബാള്‍ പെരുമക്ക് കരുത്തും കുതിപ്പുമേകിയ കായികാധ്യാപകന്‍ കെ.എം. അഹമ്മദ് നിഷാദ് പടിയിറങ്ങി. മലപ്പുറം പടിഞ്ഞാറ്റുമുറി ഫസ്ഫരി ഓര്‍ഫനേജ് യു.പി സ്കൂളിലെ കായികാധ്യാപകനും മുന്‍ ഫുട്‌ബാള്‍ താരവുമായ നിഷാദ് ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചു. എം.ഇ.എസ് മമ്പാട് കോളജിലും ഫാറൂഖ് കോളജിലും ഫുട്‌ബാള്‍ ടീം അംഗമായിരുന്ന നിഷാദ് ഫ്രണ്ട്‌സ് മമ്പാട്, സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, ജവഹര്‍ മാവൂര്‍, റെയിന്‍ബോ മൊറയൂര്‍ എന്നീ സെവന്‍സ് ടീമുകളിലെ പ്രധാന താരമായിരുന്നു. കായികാധ്യാപകനായി ജോലിയില്‍ പ്രവേശിച്ചതോടെ ഫുട്‌ബാള്‍ പരിശീലകനായി മാറി. നിഷാദിന് കീഴില്‍ കളി പഠിച്ചവര്‍ സന്തോഷ് ട്രോഫിയിലുള്‍പ്പെടെ കളിച്ച് പ്രമുഖ താരങ്ങളായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ താരം ആഷിഖ് കുരുണിയന്‍, ജിഷ്ണു ബാലകൃഷ്ണന്‍, അർജുന്‍ ജയരാജ്, അഭിജിത്, അഫ്ദല്‍ തുടങ്ങി നിഷാദ് മാഷിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന് ഒട്ടേറെ യുവ താരങ്ങളുണ്ട്.
2002 മുതല്‍ 2014 വരെ അഹമ്മദ് നിഷാദ് മലപ്പുറം ജില്ല ടീമിന്‍റെ പരിശീലകനായിരുന്നു. ഈ കാലയളവില്‍ 10 സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചുതവണയാണ് ജില്ല ജേതാക്കളായത്. മൂന്നുതവണ റണ്ണേഴ്‌സും ഒരുതവണ മൂന്നാം സ്ഥാനവും നേടി. 25 വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാന സബ്ജൂനിയര്‍ കിരീടം മലപ്പുറത്തേക്കെത്തിച്ചത് നിഷാദിന്റെ ശിക്ഷണത്തിലാണ്. കളി പരിശീലനത്തിലെ ഈ മികവുകള്‍ കണക്കിലെടുത്ത് നിഷാദിന് എ.എഫ്.സി.സി ലൈസന്‍സ് കോഴ്‌സിലേക്ക് പ്രവേശനം ലഭിച്ചു. ഫുട്‌ബാള്‍ പരിശീലനത്തിനുള്ള സി ലൈസന്‍സ് ലഭിച്ച് മലപ്പുറം ജില്ലയിലെ രണ്ട് പരിശീലകരില്‍ ഒരാള്‍ അഹമ്മദ് നിഷാദാണ്. അണ്ടര്‍ 16 സംസ്ഥാന ടീമിന്‍റെ പരിശീലകനായും ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. മലപ്പുറം പടിഞ്ഞാറ്റുമുറി ഓര്‍ഫനേജ് യു.പി സ്കൂളില്‍ 20 വര്‍ഷമായി ഫസ്ഫരി ഫുട്‌ബാള്‍ അക്കാദമിയും നിഷാദ് നടത്തുന്നുണ്ട്. മൊറയൂരിലെ മൊയ്തീന്‍ ബിന്‍ അഹമ്മദിന്റെയും സൈനബയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

