റോയ് മാജിക്! സൂപ്പർ ലീഗ് കേരളയിൽ തൃശൂരിനെ തോൽപ്പിച്ച് മലപ്പുറം
text_fieldsമഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തൃശ്ശൂർ മാജിക്ക് എഫ്.സി-മലപ്പുറം എഫ്.സി മത്സരത്തിൽനിന്ന്
മഞ്ചേരി: തിടമ്പേറ്റി വന്ന തൃശൂർ കൊമ്പന്മാരെ മലർത്തിയടിച്ച് മലപ്പുറം. നിറഞ്ഞു കവിഞ്ഞ പയ്യനാട് സ്റ്റേഡിയത്തെ സാക്ഷിയാക്കി സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്.സിക്ക് ആദ്യ ജയം. ഹോം ഗ്രൗണ്ടിൽ തൃശൂർ മാജിക് എഫ്.സിയെ 1-0ന് പരാജയപ്പെടുത്തിയാണ് രണ്ടാം എഡിഷനിൽ മലപ്പുറം വരവറിയിച്ചത്. 71ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റോയ് കൃഷ്ണ വിജയ ഗോൾ കണ്ടെത്തി. രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച മലപ്പുറം അർഹിച്ച വിജയം നേടി.12 ന് കണ്ണൂർ വാരിയേഴ്സുമായാണ് മലപ്പുറത്തിന്റെ അടുത്ത മത്സരം.
ആദ്യപകുതിയിൽ ഒപ്പത്തിനൊപ്പം
മുന്നേറ്റത്തിൽ റോയ് കൃഷ്ണയെയും ഫസലുറഹ്മാനെയും അണിരത്തി 3 - 5 - 2 ശൈലിയിലാണ് മലപ്പുറം കോച്ച് മിഗ്വേൽ കോറൽ ടൊറൈറ ടീമിനെ വിന്യസിച്ചത്. മധ്യനിരയിൽ ഗനി അഹമ്മദ് നിഗം, പി.എ. അഭിജിത്ത്, സ്പാനിഷ് താരങ്ങളായ ഐറ്റർ അൽ ദാലൂർ, ഫക്കുണ്ടോ ബല്ലാർഡോ, മൊറോക്കോ താരം ബദർ എന്നിവർ മധ്യനിരയിലും അണിനിരന്നു. 4-4-2 ശൈലിയിലാണ് തൃശൂർ മാജിക് മലപ്പുറത്തെ നേരിട്ടത്. ഐ ലീഗ് താരം മാർക്കസ് ജോസഫിനായിരുന്നു തൃശൂരിന്റെ മുന്നേറ്റത്തിന്റെ ചുമതല. രണ്ടാം മിനിറ്റിൽതന്നെ മലപ്പുറത്തിന് ആദ്യ അവസരം. ബോക്സിന് പുറത്തുനിന്നും ലഭിച്ച ഫ്രീ കിക്ക് ഫക്കുൻഡോ ബല്ലാർഡോ എടുത്തെങ്കിലും
ലക്ഷ്യം കണ്ടില്ല. തുടരെ അവസരങ്ങൾ സൃഷ്ടിക്കാൻ ടീമിനായെങ്കിലും തൃശൂരിന്റെ പ്രതിരോധ മാജിക്കിന് മുന്നിൽ ഫലം കണ്ടില്ല. 35ാം മിനിറ്റിൽ മലപ്പുറത്തിന്റെ ഗോൾമുഖം ലക്ഷ്യമാക്കി മാർക്കോസ് ജോസഫിന്റെ മനോഹരമായ മുന്നേറ്റം ഉണ്ടായെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്. ആദ്യ ഇരുടീമുകളും ലക്ഷ്യം കാണാതെ പിരിഞ്ഞു.
റോയിലൂടെ മുന്നിലെത്തി മലപ്പുറം
രണ്ടാം പകുതിയിൽ ആതിഥേയർ ആക്രമണം കടുപ്പിച്ചു. 50ാം മിനിറ്റിൽ നിതിൻ മധുവിലൂടെ അഭിജിത്തും ഗനിയും അവസരം സൃഷ്ടിച്ചെങ്കിലും ഗോൾ അകന്നു.
61ാം മിനിറ്റിൽ തൃശൂർ സെർബിയൻ താരം ഇവാൻ മാർക്കോവിച്ച്, ഫൈസൽ അലി എന്നിവരെ പിൻവലിച്ച് സെന്തമിൽ, എസ്.കെ. ഫയാസ് എന്നിവരെ പകരക്കാരായി ഇറക്കി. തൊട്ടുപിന്നാലെ മലപ്പുറവും രണ്ടു മാറ്റങ്ങൾ വരുത്തി. ഫക്കുണ്ടോ ബല്ലാർഡോ, ഗനി എന്നിവരെ പിൻവലിച്ച് ജോൺ കെന്നഡി, അഖിൽ പ്രവീൺ എന്നിവർ കളത്തിലിറങ്ങി.
67ാം മിനിറ്റിൽ ഇടതു വിങ്ങിലൂടെ പന്തുമായി കുതിച്ച കെന്നഡി പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചെങ്കിലും തൃശൂർ കീപ്പർ കമാൽ രക്ഷപ്പെടുത്തി.
71ാം മിനിറ്റിൽ മലപ്പുറം കാത്തിരുന്ന നിമിഷം. ഗാലറിയെ ഇളക്കി മറിച്ച് എം.എഫ്.സി മുന്നിലെത്തി. പെനാൽറ്റി ബോക്സിൽ അബ്ദുൽ ഹക്കുവിനെ വീഴ്ത്തിയതോടെ ലഭിച്ച പെനാൽറ്റി റോയ് കൃഷ്ണ അനായാസം വലയിലെത്തിച്ചു. (1-0). 78ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി മത്സരത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള റോയ് കൃഷ്ണയുടെ ശ്രമം പാഴായി. തൊട്ടടുത്ത മിനിറ്റിൽ ജോൺ കെന്നഡിയും ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി പന്തടിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ സമനില ഗോൾ കണ്ടെത്താൻ തൃശൂർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും മലപ്പുറം പ്രതിരോധക്കോട്ട കെട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

