ഫലസ്തീൻ പതാക വിലക്കി റയൽ മഡ്രിഡ്; ഐക്യദാർഢ്യം ആഘോഷമാക്കി ബിൽബാവോ; അവസാനം വരെ ഫലസ്തീനൊപ്പമെന്ന സന്ദേശവുമായി ബാനറുകൾ -video
text_fields1 -റയൽ മത്സരത്തിന് മുമ്പായി ആരാധകരിൽ നിന്നും ഫലസ്തീൻ പതാക പിടിച്ചെടുത്ത് ബിന്നിൽ നിക്ഷേപിക്കുന്നു. 2 - ബിൽബാവോ മത്സര വേദിയിൽ ഫലസ്തീൻ പതാക
മഡ്രിഡ്: ഇസ്രായേലിന്റെ നിഷ്ഠൂരമായ വംശഹത്യക്കിരയാവുന്ന ഫലസ്തീനുമായി ലോകമെങ്ങും ഐക്യപ്പെടുമ്പോൾ വിലക്കുമായി സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ്.
കഴിഞ്ഞയാഴ്ച നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മഡ്രിഡും ഫ്രഞ്ച് ക്ലബായ മാഴ്സെയും തമ്മിലെ മത്സരത്തിന് മുമ്പായിരുന്നു ഫലസ്തീൻ പതാകകൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്. ഫലസ്തീൻ പതാകയുമായി സാന്റിയാഗോ ബെർണബ്യു സ്റ്റേഡിയത്തിലെത്തിയ മാഴ്സെ ആരാധകരെ സുരക്ഷാ സേനകൾ തടഞ്ഞത് സംഘർഷത്തിന് വഴിവെച്ചു. സ്റ്റേഡിയം പ്രവേശന കവാടത്തിൽ വെച്ച്, ആരാധകരിൽ നിന്നും പതാക പിടിച്ചു വാങ്ങി ട്രാഷ് ബിന്നിൽ നിക്ഷേപിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. സ്റ്റേഡിയത്തിൽ രാഷ്ട്രീയ ചിഹ്നങ്ങളോ, പതാകകളോ, ബാനറോ അനുവദിക്കില്ലെന്ന യുവേഫയുടെ ചട്ടങ്ങളുടെ ഭാഗമായാണ് ഫലസ്തീൻ പതാകകക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് റയലിന്റെ അവകാശവാദം.
ദേശീയ പതാക വിലക്കിനെ ചോദ്യം ചെയ്ത് പ്രതിഷേധിച്ച മാഴ്സെ ആരാധകരും ഫ്രഞ്ച് സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത് സംഘർഷത്തിനും വഴിവെച്ചു. ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 65,000ത്തിൽ ഏറെ പേരെ കൊന്നൊടുക്കി ഇസ്രായേൽ തുടരുന്ന വംശഹത്യയുടെ പേരിൽ ദേശീയ ടീമിനെ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും ഫിഫയും യുവേഫയും വിലക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സ്റ്റേഡിയത്തിൽ ഐക്യദാർഢ്യ നീക്കങ്ങളെ റയൽ മഡ്രിഡ് തടഞ്ഞത്.
അതേസമയം, തന്നെ സ്പെയിനിലെ മറ്റൊരു ചാമ്പ്യൻസ് ലീഗ് വേദിയെ ഗസ്സ ഐക്യദാർഢ്യത്തിന്റെ സദസ്സാക്കി മാറ്റുന്നതിനും സാക്ഷ്യം വഹിച്ചു. അത്‍ലറ്റിക് ബിൽബാവോയും ഇംഗ്ലീഷ് ക്ലബ് ആഴ്സനലും തമ്മിലെ മത്സര വേദിയിൽ ഗസ്സക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചുള്ള കൂറ്റൻ ബാനറുകളും, ഫലസ്തീൻ ദേശീയ പതാകകളും നിറഞ്ഞു. ‘ഇന്നു മുതൽ അവസാന ദിവസം വരെ നിങ്ങൾക്കൊപ്പം’ -എന്ന ഉറച്ച വാക്കുകൾ ബാസ്ക് ഭാഷയിൽ കുറിച്ചായിരുന്നു അത്‍ലറ്റിക് ബിൽബാവോയുടെ ഐക്യദാർഢ്യം.
ചാമ്പ്യൻസ് ലീഗിലെ ഉദ്ഘാടന മത്സരം കൂടിയായ ബിൽബാവോ-ആഴ്സനൽ മത്സരത്തിനിടെ ഫലസ്തീൻ പതാകയുമായി ആരാധകർ എത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്നതും ശ്രദ്ധേയമാണ്. മാനുഷിക ഐക്യദാർഢ്യത്തിന്റെ പ്രതീകമായിരുന്നു അത്‍ലറ്റിക് ബിൽബാവോയുടെ നടപടിയെന്ന് സാമൂഹിക മാധ്യമങ്ങൾ പ്രതികരിച്ചു. അതേസമയം, റയൽ മഡ്രിഡിന്റെ നീക്കത്തെ ഇസ്രായേൽ മാധ്യമങ്ങൾ പ്രശംസിച്ചപ്പോൾ, ഫലസ്തീൻ പിന്തുണക്കുന്നവർ വിമർശനവുമായി രംഗത്തെത്തി.
ഫലസ്തീൻ പതാകകക്ക് വിലക്കില്ല -ലാ ലിഗ
സ്പാനിഷ് ഫുട്ബാൾ ലീഗ് മത്സരങ്ങളുടെ വേദികളിൽ ഫലസ്തീൻ പതാകകൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന വിശദീകരണവുമായി ലാ ലിഗ പ്രസിഡന്റ് യാവിയർ ടെബാസ് രംഗത്തെത്തി. സാന്റിയാഗോ ബെർണബ്യൂവിലെ ഫലസ്തീൻ പാതക വിലക്കിനെ ചോദ്യം ചെയ്ത് ആരാധകർ രംഗത്തെത്തിയതോടെയാണ് പ്രസിഡന്റിന്റെ വിശദീകരണം.
‘ലാ ലിഗയിൽ ഫലസ്തീൻ പതാകകൾ നിരോധിക്കില്ല. കായിക വിനോദങ്ങൾ തടസ്സപ്പെടാതെ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്ന് ഐക്യദാർഢ്യപ്പെടുന്നതിന് കുഴപ്പമില്ല. ഗസ്സയിലെ സംഭവങ്ങൾ കഠിനവും വളരെ നിരാശപ്പെടുത്തുന്നതുമാണ് -മാധ്യമങ്ങളോടായി യാവിയർ ടെബാസ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

