മെസ്സിയെ പാരിസ് എയർപോർട്ടിൽ കാത്ത് വൻ ജനക്കൂട്ടം; താരം ബാഴ്സലോണയിൽ തന്നെയെന്ന് വിവരം
text_fieldsപാരിസ്: അർജൈന്റൻ ഇതിഹാസം ലയണൽ മെസ്സി ഫ്രഞ്ച് ഫുട്ബാൾ ഭീമൻമാരായ പി.എസ്.ജിയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ പരന്നതോടെ ആകാംക്ഷയോടെ ആയിരങ്ങൾ. പാരിസിലെ ലെ ബോർെഗറ്റ് എയർപോർട്ടിൽ മെസ്സി വരുന്നുവെന്ന അഭ്യൂഹം കേട്ട് ആരാധകർ തടിച്ചുകൂടി.
പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടിന് മുന്നിലും ആരാധകർ എത്തിച്ചേർന്നിട്ടുണ്ട്. അതേ സമയം താരം ബാഴ്സലോണ നഗരം വിട്ടിട്ടില്ലെന്ന് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ താരം എത്തിച്ചേർന്നേക്കുമെന്നും വിവരമുണ്ട്.
താരത്തിന്റെ വീടിന് മുന്നിൽ പോകരുതെന്ന് അഭ്യർഥിച്ച് ബാഴ്സ ആരാധകർ എത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെസ്സിയെ നിലനിർത്താൻ വേണ്ട കാര്യങ്ങൾ ക്ലബ് ചെയ്തില്ലെന്ന വികാരമാണ് ബാഴ്സ ആരാധകർക്കുള്ളത്.
കുഞ്ഞുനാൾ മുതൽ പന്തുതട്ടിയ ബാഴ്സലോണയുമായുള്ള മെസ്സിയുടെ കരാർ അടുത്തിടെയാണ് അവസാനിച്ചത്. പി.എസ്.ജി ഉടമയായ ഖത്തർ അമീറിന്റെ സഹോദരൻ ഖാലിദ് ബിൻ ഹമദ് ബിൻ ഖലീഫ ആൽതാനി മെസ്സി ക്ലബിലെത്തുമെന്ന വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ചർച്ചകൾ പൂർത്തിയായെന്നും പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. പി.എസ്.ജിയുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി മെസ്സിയും വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

