ചെമ്പട കംബാക്ക്! സലാഹ് ഇല്ലാതെ ഇന്‍ററിനെ കീഴടക്കി ലിവർപൂൾ, ബാഴ്സക്കും ബയേണിനും തകർപ്പൻ ജയം; ചെൽസിയെ ഞെട്ടിച്ച് അറ്റ്ലാന്‍റ
text_fieldsലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പന്മാരായ ലിവർപൂളും ബാഴ്സലോണയും ബയേൺ മ്യൂണിക്കും ജയിച്ചുകയറിയപ്പോൾ ചെൽസിക്ക് തോൽവി.
ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാഹില്ലാതെ കളത്തിലിറങ്ങിയ ചെമ്പട ഇറ്റാലിയൻ ക്ലബ് ഇന്‍റർ മിലാനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വീഴ്ത്തിയത്. തുടർ തോൽവികളിൽ വലഞ്ഞിരുന്ന ലിവർപൂളിന് ഇന്‍ററിന്‍റെ തട്ടകത്തിൽ നേടിയ വിജയം വലിയ ആത്മവിശ്വാസം നൽകുന്നതാണ്. ടീമിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ സലാഹുമായുള്ള ബന്ധം വഷളാവുകകയും തുടർച്ചയായ തോൽവികളും കാരണം പരിശീലക സ്ഥാനം ചോദ്യചിഹ്നമായ ആർനെ സ്ലോട്ടിന്, ടൂർണമെന്‍റിലെ മികച്ച ടീമിനെതിരെ ജയിക്കാനായതിൽ തൽക്കാലത്തേക്കെങ്കിലും ആശ്വസിക്കാം. പ്രീമിയർ ലീഗിൽ ഉൾപ്പെടെ കഴിഞ്ഞ ആറു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ടീമിന് ജയിക്കാനായത്.
മത്സരത്തിന്‍റെ 88ാം മിനിറ്റിൽ ഹംഗേറിയൻ താരം ഡൊമിനിക് സൊബോസ്ലായി പെനാൽറ്റിയിലൂടെയാണ് ടീമിന്‍റെ വിജയഗോൾ നേടിയത്. ജയത്തോടെ പോയന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് കയറി. ആദ്യ എട്ടിനുള്ളിൽ എത്തുന്ന ടീമുകൾക്ക് നേരിട്ട് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടാനാകും. 31ാം മിനിറ്റിൽ പ്രതിരോധ താരം ഇബ്രാഹിമ കൊനാട്ടെ ഹെഡ്ഡറിലൂടെ ടീമിന് ലീഡ് നേടികൊടുത്തെന്ന് തോന്നിച്ചെങ്കിലും വാർ പരിശോധനയിൽ റഫറി ഹാൻഡ് ബാൾ വിളിച്ചു. അലെസാന്ദ്രോ ബസ്തോണി ബോക്സിനുള്ളിൽ ഫ്ലോറിയാൻ വിർട്സിന്‍റെ ജഴ്സി പിടിച്ച് വീഴ്ത്തിയതിനാണ് പെനാൽറ്റി വിധിച്ചത്. സലാഹിന്‍റെ അഭാവത്തിൽ കിക്കെടുത്ത സോബോസ്ലായി പന്ത് വലയിലാക്കി.
പ്രീമിയർ ലീഗിൽ തുടർച്ചയായി മൂന്നു മത്സരങ്ങളിൽ പുറത്തിരുത്തിയതോടെ സലാഹ് പരസ്യ വിമർശനവുമായി സ്ലോട്ടിനെതിരെ രംഗത്തുവന്നിരുന്നു. പിന്നാലെയാണ് ഈജിപ്ഷ്യൻ താരമില്ലാത്ത സ്ക്വാഡുമായി സ്ലോട്ടും സംഘവും മിലാനിലേക്ക് പറന്നത്. താരം ജനുവരി വിൻഡോയിൽ പുതിയ ക്ലബിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാണ്. മറ്റൊരു മത്സരത്തിൽ ബാഴ്സലോണ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജർമൻ ക്ലബ് ഐയ്ൻട്രാഷ് ഫ്രാങ്ക്ഫർട്ടിന് കീഴടക്കി. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിൽ പോയ ബാഴ്സ, രണ്ടാം പകുതിയിൽ ജൂൾസ് കുണ്ടെയുടെ ഇരട്ട ഗോളിലൂടെ തിരിച്ചടിക്കുകയായിരുന്നു. 50ാം മിനിറ്റിലെ ഗോളിന് മാർകസ് റാഷ്ഫോർഡും 53ാം മിനിറ്റിലെ ഗോളിന് കൗമാരതാരം ലമീൻ യമാലുമാണ് വഴിയൊരുക്കിയത്.
ക്യാമ്പ് നൗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 21ാം മിനിറ്റിൽ അൻസഗർ നോഫാണ് സന്ദർശകർക്കായി ആശ്വാസ ഗോൾ നേടിയത്. ഇതോടെ ചാമ്പ്യൻസ് ലീഗിൽ 19 വയസ്സിനുള്ളിൽ ഏഴു ഗോളും ഏഴു അസിസ്റ്റും നേടുന്ന താരമായി യമാൽ. ജർമൻ ചാമ്പ്യന്മാരായ ബയേൺ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സ്പോർട്ടിങ് ലിസ്ബണെ പരാജയപ്പെടുത്തിയത്. ജയത്തോടെ ബയേൺ പോയന്‍റ് പട്ടികയിൽ രണ്ടാമതെത്തി. ആഴ്സനലാണ് ഒന്നിൽ. സെർജി നാബ്രി (65ാം മിനിറ്റിൽ), ലെന്നാർട്ട് കാൾ (69), ജൊനാഥൻ താ (77) എന്നിവരാണ് ബയേണിനായി വലകുലുക്കിയത്. ജോഷ്വ കിമ്മിച്ചിന്‍റെ ഓൺ ഗോളാണ് ലിസ്ബണിന്‍റെ ആശ്വാസ ഗോൾ.
ഒരു ഗോളിന്‍റെ ലീഡ് നേടിയ ശേഷമാണ് ചെൽസി ഇറ്റാലിയൻ ക്ലബ് അറ്റ്ലാന്‍റയോട് അടിയറവ് പറഞ്ഞത്. ജാവോ പെഡ്രോയിലൂടെ 25ാം മിനിറ്റിൽ ചെൽസിയാണ് ആദ്യം ലീഡെടുത്തത്. 55ാം മിനിറ്റിൽ ജിയാൻലൂക സ്കമാക്കയിലൂടെ അറ്റ്ലാന്‍റ ഒപ്പമെത്തി. 83ാം മിനിറ്റിൽ ചാൾസ് ഡെ കെറ്റലേരെ ടീമിന്‍റെ വിജയ ഗോളും നേടി. നാലാം ജയവുമായി അറ്റ്ലാന്‍റ മൂന്നാം സ്ഥാനത്തെത്തി. മറ്റു മത്സരങ്ങളിൽ മൊണാക്കോ 1-0ത്തിന് ഗലറ്റ്സാരെയെയും അത്ലറ്റികോ മഡ്രിഡ് 3-2ന് പി.എസ്.വി ഐന്തോവനെയും ടോട്ടൻഹാം 3-0ത്തിന് സ്ലാവിയ പ്രാഗിനെയും മാഴ്സിലെ 3-2ന് യൂനിയൻ സെന്‍റ് ഗില്ലോഴ്സിനെയും പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

