ലിവർപൂൾ Vs റയൽ, പി.എസ്.ജി Vs ബയേൺ
text_fieldsനിയോൺ (സ്വിറ്റ്സർലൻഡ്): ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനൽ റൗണ്ടിന്റെയും യൂറോപ ലീഗ് പ്രിലിമിനറി നോക്കൗട്ട് (പ്ലേഓഫ്) റൗണ്ടിന്റെയും നറുക്കെടുപ്പ് പൂർത്തിയായപ്പോൾ ഫുട്ബാൾപ്രേമികളെ കാത്തിരിക്കുന്നത് കരുത്തരുടെ നേരങ്കങ്ങൾ. കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ ലിവർപൂളും റയൽ മഡ്രിഡും ഇക്കുറി പ്രീക്വാർട്ടറിൽത്തന്നെ മുഖാമുഖമെത്തി. പി.എസ്.ജിക്ക് ബയേൺ മ്യൂണിക്കാണ് എതിരാളികൾ. രണ്ടു പാദങ്ങളിലായി അരങ്ങേറുന്ന മത്സരങ്ങൾ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് നടക്കുക. ഇടക്ക് ലോകകപ്പ് വന്നതിലാണ് ഗ്രൂപ് റൗണ്ടിനുശേഷം അവാസന 16ലെ പോരാട്ടങ്ങൾക്ക് ഇത്രയും വലിയ ഇടവേള.
അതേസമയം, യൂറോപ ലീഗ് പ്രിലിമിനറി നോക്കൗട്ട് റൗണ്ടിൽ ബാഴ്സലോണക്ക് മാഞ്ചസ്റ്റർ യുനൈറ്റഡാണ് എതിരാളികൾ. 16 ടീമുകളാണ് പ്ലേഓഫിലുള്ളത്.
യൂറോപ ലീഗ് ഗ്രൂപ് റൗണ്ടിലെ റണ്ണറപ്പുകളായ എട്ടു ടീമുകൾ ചെയ്യപ്പെട്ടവരാണ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിലെ എട്ടു മൂന്നാം സ്ഥാനക്കാർ സീഡ് ചെയ്യപ്പെടാതെയും എത്തി. ഇവർ പ്ലേഓഫിൽ നേർക്കുനേർ പോരാടി വിജയികളാവുന്ന എട്ടെണ്ണം പ്രീക്വാർട്ടർ റൗണ്ടിലെത്തും. യൂറോപ് ലീഗ് ഗ്രൂപ് റൗണ്ട് ജേതാക്കളായി നേരിട്ട് എട്ടു ടീമുകൾ ഇതിനകം പ്രീ ക്വാർട്ടറിൽ എത്തിയിട്ടുണ്ട്. ഫെബ്രുവരിയിലാണ് പ്ലേഓഫ് മത്സരങ്ങൾ.