സ്ലോട്ടിന്റെ തലയുരുളുമോ? തോൽവിത്തുടർച്ചയിൽ തിരക്കിട്ട നടപടികൾക്ക് മാനേജ്മെന്റ്
text_fieldsആർനെ സ്ലോട്ട്
ലണ്ടൻ: തോൽവിത്തുടർച്ചയുടെ നിലയില്ലാ കയത്തിൽ മുങ്ങുന്ന ലിവർപൂളിൽ കോച്ച് ആർനെ സ്ലോട്ടിന് പണിപോകുമെന്ന് റിപ്പോർട്ടുകൾ. ഏറ്റവുമൊടുവിൽ സ്വന്തം കളിമുറ്റത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഡച്ച് ക്ലബായ പി.എസ്.വി ഐന്തോവനോട് ഒന്നിനെതിരെ നാലു ഗോളിന് ടീം തോറ്റമ്പിയതിന് പിന്നാലെയാണ് മാനേജ്മെന്റ് പകരക്കാനെ തേടി തിരച്ചിൽ തകൃതിയാക്കിയതെന്ന് സൂചന. ലിവർപൂൾ കളിച്ച അവസാന 12 കളികളിൽ ഒമ്പതിലും തോൽവിയായിരുന്നു ഫലം.
മുക്കാൽ നൂറ്റാണ്ടിനിടെ ആദ്യമായാണ് ഇത്രയും മോശം പ്രകടനം. മാസങ്ങൾ മുമ്പ് പ്രിമിയർ ലീഗിൽ കിരീടത്തിൽ മുത്തമിടുകയും അതിന്റെ ആവേശത്തിൽ യൂറോപിലെ ഏറ്റവും മികച്ചവരെ തന്നെ ചുവപ്പു ജഴ്സിയിലെത്തിക്കാൻ ശതകോടികൾ വാരിയെറിയുകയും ചെയ്തവർക്ക് തൊട്ടുപിറകെ ഇതെന്തുപറ്റിയെന്നാണ് ആരാധകരുടെ ചോദ്യം. വാൻഡൈകും കൊനാട്ടെയുമടക്കം വമ്പന്മാർ നയിക്കുന്ന പ്രതിരോധവും സലാഹും ഗാക്പോയും പിന്നെ ഇസാകും ചേരുന്ന മുന്നേറ്റവും വിർട്സിന്റെ കരുത്ത് ബൂട്ടുകെട്ടിയ മധ്യനിരയുമുണ്ടായിട്ടും ടോട്ടൽ ഫുട്ബാളിന്റെ ചാരുത കൈവിട്ട ടീം മൈതാനത്ത് ഉഴറുകയാണ്. ഏത് ടീമിന് മുന്നിൽ തോറ്റുപോകുമെന്ന ആധിയോടെയാണ് ആൻഫീൽഡിൽ പോലും ആരാധകർ കാഴ്ചക്കാരായെത്തുന്നത്. വെസ്റ്റ് ഹാം, സണ്ടർലാൻഡ്, ലീഡ്സ് ടീമുകൾക്കെതിരെയാണ് ലിവർപൂളിന് അടുത്ത കളികൾ, ആരും അത്ര അപകടകാരികളായേക്കില്ലെന്നത് താരങ്ങൾക്കും കോച്ചിനും ഒരുപോലെ ആശ്വാസം നൽകുന്നതാണ്.
എന്നാൽ, ഇവയിൽ ആദ്യ കളി ജയിക്കാനായില്ലെങ്കിൽ പോലും കോച്ച് സ്ലോട്ടിനെ കൂടുതൽ വെച്ചുപൊറുപ്പിക്കേണ്ടതില്ലെന്ന കടുത്ത തീരുമാനത്തിൽ മാനേജ്മെന്റ് എത്തുമെന്നുറപ്പ്. മുൻ പരിശീലകൻ യുർഗൻ ക്ലോപിനെയാണ് ടീം നോട്ടമിടുന്നത്. നിലവിൽ റെഡ് ബുളിനെ പരിശീലിപ്പിക്കുന്ന ക്ലോപ് ഇടക്കാല പരിശീലക കുപ്പായമണിയാൻ താൽപര്യപ്പെടുമോയെന്നാണ് കാത്തിരിക്കേണ്ടത്.
കടുത്ത സമ്മർദം നേരിടുന്ന ഡച്ചുകാരനായ പരിശീലകൻ ടീമിനെ കൈവിട്ട വിജയപാതയിലേക്ക് തിരികെ എത്തിക്കാനുള്ള ഊർജിത ശ്രമങ്ങളിലാണ്. 2024ലാണ് സ്ലോട്ട് ക്ലോപ്പിന്റെ പകരക്കാരനായി എത്തുന്നത്. താരങ്ങളെ എത്തിക്കാൻ 5,300 കോടി രൂപയിലേറെയാണ് പുതിയ സീസൺ ആരംഭത്തിൽ ടീം ചെലവിട്ടത്. ട്രെൻറ് അലക്സാണ്ടർ ആർണൾഡും ലൂയിസ് ഡയസുമടക്കം ടീം വിടുകയും ഡിയോഗോ ജോട്ട അപ്രതീക്ഷിതമായി അപകടത്തിൽ മരണം വരിക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു വൻ അഴിച്ചുപണി ലക്ഷ്യമിട്ട് ട്രാൻസ്ഫർ വിപണിയിലെ കൈവിട്ട ഇടപെടൽ. എന്നാൽ, പ്രിമിയർ ലീഗിൽ 12ാം സ്ഥാനത്ത് നിൽക്കുന്ന ടീം 12 കളികൾ പൂർത്തിയാക്കുമ്പോൾ ആറു ജയവും അത്രയും തോൽവിയുമാണ് സ്വന്തമാക്കിയത്. 36 ടീമുകളുള്ള ചാമ്പ്യൻസ് ലീഗിൽ 13ാമതുമാണ്. അത്രയെളുപ്പം കോച്ചിനെ പറഞ്ഞുവിടുന്നതല്ല ലിവർപൂളിന്റെ പാരമ്പര്യമെന്ന ആത്മവിശ്വാസത്തിലാണ് നിലവിൽ കോച്ച് സ്ലോട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

