ബോൺമൗത്ത് ടെസ്റ്റ് പാസായി ലിവർപൂൾ
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയും ആഴ്സനലുമടക്കം വമ്പന്മാരെ ഞെട്ടിച്ച് അപ്രതീക്ഷിത കുതിപ്പുതുടർന്ന ബോൺമൗത്തിനെയും കീഴടക്കി ലിവർപൂൾ പടയോട്ടം. പ്രിമിയർ ലീഗിൽ കിരീടയാത്ര എന്നേ തുടങ്ങിക്കഴിഞ്ഞ ടീം എതിരാളികളുടെ തട്ടകത്തിൽ മുഹമ്മദ് സലാഹ് നേടിയ ഇരട്ട ഗോളുകളിലാണ് ജയംപിടിച്ചത്.
11 കളികളിലെ തോൽവിയില്ലാ കുതിപ്പ് തുടരാനിറങ്ങിയ ബോൺമൗത്ത് അവസരങ്ങളേറെ തുറന്ന കളിയിൽ പോസ്റ്റും ലിവർപൂൾ ഗോളി അലിസണും വന്മതിലായിനിന്നത് ചെമ്പടയ്ക്ക് വിജയം എളുപ്പമാക്കി. 23 കളികൾ പിന്നിട്ട ലിവർപൂൾ ഇതോടെ ഒന്നാം സ്ഥാനത്ത് ഒമ്പത് പോയന്റ് ലീഡുമായി ബഹുദൂരം മുന്നിലാണ്.
മറ്റു മത്സരങ്ങളിൽ എവർടൺ എതിരില്ലാത്ത നാലു ഗോളിന് ലെസ്റ്ററിനെയും സതാംപ്ടൺ 2-1ന് ഇപ്സ്വിച്ചിനെയും വുൾവ്സ് 2-0ന് ആസ്റ്റൺ വില്ലയെയും കീഴടക്കി.

