പ്രീമിയർ ലീഗിൽ ഇഞ്ചുറി ടൈമിൽ ലിവർപൂളിന് തോൽവി; സ്ലോട്ടിന്റെ നില പരുങ്ങലിൽ
text_fieldsമാഞ്ചസ്റ്റർസിറ്റിക്ക് ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇഞ്ചുറി ടീമിന്റെ അവസാന സെക്കൻഡുകളിൽ വീണ ഗോളിൽ ലിവർപൂളിന് തോൽവി. ബോൺമൗത്തിനോടാണ് ഞെട്ടിക്കുന്ന തോൽവി റെഡ്സിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഇതോടെ ലിവർപൂൾ കോച്ച് ആർനെ സ്ലോട്ടിന്റെ ഭാവി തുലാസിലായി.
സമീപകാലത്ത് മികവുപുലർത്താനാകാത്ത ടീം മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബോൺമൗത്തിനെതിരെ ഇറങ്ങിയത്. എന്നാൽ ആദ്യ പകുതിയിൽ തന്നെ ബോൺമൗത്ത് രണ്ട് ഗോളുകൾ സ്കോർ ചെയ്തു. ഇവാനിൽസനും ജിമെനസുമായിരുന്നു സ്കോർ. ഇടവേളക്കു മുമ്പ് ക്യാപ്ടൻ വാൻ ഡൈക്കിലൂടെ ലിവർപൂൾ ഒരു ഗോൾ മടക്കി.
ഇടവേളക്കുശേഷം സമീപകാലത്ത് മിന്നും ഫോമിൽ കളിക്കുന്ന സോബോസ്ലായുടെ സൂപ്പർ ഫ്രീകിക്ക് ഗോളിൽ ലിവർപൂൾ ഒപ്പമെത്തുകയും ചെയ്തു. പിന്നീട് ഗോൾ നേടാൻ ലിവർപൂൾ കിണഞ്ഞു ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. കളി സമനിലയിലെന്ന് ഉറപ്പിച്ചിരിക്കേയാണ് ലിവർപൂൾ വലയിൽ ഗോളെത്തിയത്.
കൗണ്ടർ അറ്റാക്ക് പ്രതിരോധിച്ച ലിവർപൂൾ കോർണർ വഴങ്ങി. ഈ കോർണർ കിക്കാണ് ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിൽ ഗോളായത്. അമീൻ അദ്‍ലിയാണ് ഗോളടിച്ചത്.
നിലവിലെ ചാമ്പ്യന്മാരാണെങ്കിലും കളി മറന്ന ലിവർപൂളിൽ കോച്ചിന്റെ ഭാവി സുരക്ഷിതല്ല. ബോർഡിന്റെ പിന്തു നഷ്ടപ്പെട്ടുവെന്നാണ് സൂചന. തോൽവിയോടെ മാറ്റത്തിന് വഴിയൊരുങ്ങിയേക്കും. ആരാധകരിൽ ഒരു വിഭാഗവും സ്ലോട്ട് പുറത്തുപോകണമെന്ന നിലപാടിലാണ്.
സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും ഇവരെ ഒരു ടീമായി മാറ്റിയെടുക്കാൻ സാധിക്കുന്നില്ലെന്നതാണ് സ്ലോട്ടിനെതിരയുള്ള പ്രധാന വിമർശനം.
മറ്റു മത്സരങ്ങളിൽ വെസ്റ്റ് ഹാം ഒന്നിനെതിരെ മൂന്ന് ഗോളിന് സണ്ടർലാൻഡിനെയും ഫുൾഹാം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രൈട്ടനെയും മാഞ്ചസ്റ്റർസിറ്റി എതിരില്ലാത്ത രണ്ടു ഗോളിന് വോൾവ്സിനെയും തോൽപ്പിച്ചു. ബേൺലി-ടോട്ടൻഹാം മത്സരം രണ്ട് ഗോളുകൾവീതം നേടി സമനിലയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

