ആൻഫീൽഡിൽ അറ്റ് ലാന്റയോട് നാണംകെട്ട് ലിവർപൂൾ
text_fieldsസ്വന്തം തട്ടകമായ ആൻഫീൽഡിൽ യൂറോപ്പ ലീഗിന്റെ ആദ്യപാദ ക്വാർട്ടർ പോരാട്ടത്തിനിറങ്ങിയ ലിവർപൂളിന് നാണംകെട്ട തോൽവി. എതിരില്ലാത്ത മൂന്ന് ഗോളിന് ഇറ്റാലിയൻ ടീം അറ്റ്ലാന്റയാണ് ചെമ്പടയെ തകർത്തുവിട്ടത്. സൂപ്പർ താരം മുഹമ്മദ് സലാഹിനെ ബെഞ്ചിലിരുത്തി ഇറങ്ങിയ കളിയിൽ സമ്പൂർണ ആധിപത്യം പുലർത്തിയിട്ടും ഗോളടിക്കുന്നതിൽ പരാജയപ്പെട്ടതാണ് യുർഗൻ ക്ലോപ്പിന്റെ സംഘത്തിന് തിരിച്ചടിയായത്.
മൂന്നാം മിനിറ്റിൽ തന്നെ അറ്റ്ലാന്റക്ക് ഓപൺ ചാൻസ് ലഭിച്ചെങ്കിലും താരത്തിന്റെ ശ്രമം ഡൈവ് ചെയ്ത ലിവർപൂൾ ഗോൾകീപ്പർ കെല്ലഹറുടെ മുഖത്ത് തട്ടിത്തെറിച്ചു. പിന്നാലെ ലിവർപൂളിനും സുവർണാവസരം ലഭിച്ചെങ്കിലും ഗോളി മാത്രം മുന്നിൽ നിൽക്കെ ഡാർവിൻ നൂനസ് പുറത്തേക്കടിച്ചു. വൈകാതെ ഹാർവി എലിയട്ടിന്റെ ഷോട്ട് ക്രോസ് ബാറിലും പോസ്റ്റിലുമായി തട്ടിത്തെറിച്ചതും ആതിഥേയർക്ക് തിരിച്ചടിയായി. 38ാം മിനിറ്റിൽ അറ്റ്ലാന്റ ആദ്യ ഗോളടിച്ചു. വലതുവിങ്ങിൽനിന്ന് സപകോസ്റ്റ നൽകിയ ക്രോസ് ജിയാൻലൂക്ക സ്കമാക്ക പോസ്റ്റിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ അറ്റ്ലാന്റ താരം കൂപ്മീനേഴ്സിന് ലീഡ് വർധിപ്പിക്കാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും കെല്ലഹർ മുന്നോട്ടോടി പരാജയപ്പെടുത്തി.
രണ്ടാം പകുതിയിൽ പകരക്കാരനായെത്തിയ മുഹമ്മദ് സലാഹിന്റെ ഷോട്ട് അറ്റ്ലാന്റ ഗോൾകീപ്പർ യുവാൻ മസ്സൊ തട്ടിയകറ്റിയതും ഒരു ഗോൾ ഓഫ്സൈഡിൽ കുരുങ്ങിയതും സമനിലക്കുള്ള അവസരം നഷ്ടപ്പെടുത്തി. തൊട്ടുപിന്നാലെ നൂനസും അവസരം പാഴാക്കി. എന്നാൽ, 60ാം മിനിറ്റിൽ സ്കമാക്കയിലൂടെ തന്നെ അറ്റ്ലാന്റ ലീഡുയർത്തി. ഡി കെറ്റലേറെ വലതുവിങ്ങിൽനിന്ന് നൽകിയ സൂപ്പർ ക്രോസിന് കാൽവെച്ച് കൊടുക്കേണ്ട ദൗത്യമേ സ്കമാക്കക്ക് ഉണ്ടായിരുന്നുള്ളൂ.
നിശ്ചിത സമയം അവസാനിക്കാൻ ഏഴ് മിനിറ്റ് ശേഷിക്കെ ലിവപൂൾ താരം സൊബോസ്ലായിയുടെ പിഴവാണ് മൂന്നാം ഗോളിലേക്ക് വഴിതുറന്നത്. പന്ത് പിടിച്ചെടുത്ത അറ്റ്ലാന്റ താരത്തിന്റെ ആദ്യശ്രമം കെല്ലഹർ തടഞ്ഞിട്ടെങ്കിലും റീബൗണ്ടിൽ പന്ത് ലഭിച്ച മാരിയോ പസാലിച്ചിന് പിഴച്ചില്ല. അവസാന മിനിറ്റുകളിൽ ലിവർപൂളിന്റെ രണ്ട് ഗോൾശ്രമങ്ങൾ അറ്റ്ലാന്റ ഗോൾകീപ്പർക്ക് മുന്നിൽ നിഷ്പ്രഭമായതോടെ സ്വന്തം മണ്ണിൽ തോൽവിയോടെ ലിവർപൂൾ മടങ്ങി. വ്യാഴാഴ്ച ബെർഗാമോയിലാണ് രണ്ടാംപാദ മത്സരം.
മറ്റു മത്സരങ്ങളിൽ ബെൻഫിക്ക 2-1ന് മാഴ്സെലെയെയും റോമ 1-0ത്തിന് എ.സി മിലാനെയും ബയേർ ലെവർകുസൻ 2-0ത്തിന് വെസ്റ്റ്ഹാമിനെയും വീഴ്ത്തി.

