Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോളടിക്കാൻ മറന്ന്...

ഗോളടിക്കാൻ മറന്ന് മെസ്സിയും നെയ്മറും; എംബാപ്പെയില്ലാത്ത പി.എസ്.ജിക്ക് ഫ്രഞ്ച് കപ്പിൽ തോറ്റുമടക്കം

text_fields
bookmark_border
ഗോളടിക്കാൻ മറന്ന് മെസ്സിയും നെയ്മറും; എംബാപ്പെയില്ലാത്ത പി.എസ്.ജിക്ക് ഫ്രഞ്ച് കപ്പിൽ തോറ്റുമടക്കം
cancel

പ്രതിരോധത്തിന്റെ ജോലി കൂടി ഗോളി ഡോണറുമ്മ ഒറ്റക്ക് ഏറ്റെടുത്തിട്ടും ഫ്രഞ്ച് കപ്പിൽ തോറ്റുമടങ്ങി പി.എസ്.ജി. ഒളിമ്പിക് മാഴ്സെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഫ്രഞ്ച് കരുത്തരെ വീഴ്ത്തിയത്. പ്രതിരോധം പാളുകയും മുന്നേറ്റം ലക്ഷ്യം മറക്കുകയും ചെയ്ത് മെസ്സിക്കൂട്ടം നിഴലായിപ്പോയ മൈതാനത്ത് ആദ്യാവസാനം കളി നയിച്ചായിരുന്നു മാ​ഴ്സെ പടയോട്ടം. തുടക്കംമുതൽ പലവട്ടം ഗോളിനരികെയെത്തി വരവറിയിച്ച ആതിഥേയർ എണ്ണംപറഞ്ഞ ഗോളുകളുമായാണ് ജയം പിടിച്ചത്.

ചോരാത്ത കൈകളുമായി പറന്നുനടന്ന പി.എസ്.ജി ഗോളി ഡോണറുമ്മയെ തോൽപിച്ച് അലക്സിസ് സാഞ്ചസ് ആയിരുന്നു ആദ്യ സ്കോറർ. ഇടവേള കഴിഞ്ഞയുടൻ വീണ ഗോൾ വൈകാതെ സെർജിയോ റാമോസിലൂടെ പി.എസ്.ജി മടക്കിയെങ്കിലും യുക്രെയ്ൻ താരം മലിനോവ്സ്കി തകർപ്പൻ വോളിയിലൂടെ നേടിയ ഗോൾ കളിയുടെ ഗതി നിർണയിച്ചു. ഒരിക്കൽ മെസ്സിയും മറ്റൊരിക്കൽ നെയ്മറും ഗോളിനരികെയെത്തിയതൊഴിച്ചാൽ മാഴ്സെയായിരുന്നു മൈതാനം നിറഞ്ഞത്.

കിലിയൻ എംബാപ്പെ പുറത്തിരുന്ന കളിയിൽ മു​ൻനിര ഭരിച്ച് മെസ്സിയും നെയ്മറും അണിനിരന്നിട്ടും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ ടീം മറന്നു. മറുവശത്ത്, പി.എസ്.ജി പ്രതിരോധം അതിദുർബലമാണെന്ന് പലവട്ടം തെളിയിച്ച് മാഴ്സെ എണ്ണമറ്റ അവസരങ്ങൾ ഒരുക്കുകയും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞ് ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ ബുണ്ടസ് ലിഗ ചാമ്പ്യന്മാരായ ബയേണുമായി മുഖാമുഖം നിൽക്കാനിരിക്കെ പി.എസ്.ജിക്ക് തോൽവി കനത്ത ആഘാതമാകും. ഫെബ്രുവരി 14നാണ് ഇരുവരും തമ്മിലെ ആദ്യപാദ മത്സരം.

ടീം മുന്നേറ്റത്തിൽ കാര്യമായി ഒന്നും ചെയ്യാനില്ലാതെ ഉഴറിനടന്ന സൂപർതാരങ്ങൾക്കെതിരെ കളിക്കൊടുവിൽ സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നതും ശ്രദ്ധേയമായി. മെസ്സി, നെയ്മർ ദ്വയത്തിന് ഒന്നും ചെയ്യാനാകുന്നില്ലെന്നും ഇരുവരെയും മാറ്റുന്നത് പരിഗണിക്കണമെന്നുമായിരുന്നു ആരാധകരുടെ ആവശ്യം. എംബാപെക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള ഇലവനാകണം കളി നയിക്കുന്നതെന്നും ഇവർ ആവശ്യപ്പെട്ടു. നിലവിൽ ഫ്രഞ്ച് താരം പരിക്കുമായി പുറത്താണ്.

അതേ സമയം, വമ്പന്മാരെ അട്ടിമറിച്ചതോടെ ഫ്രഞ്ച് കപ്പിൽ കിരീടമുയർത്താൻ സാധ്യതയുള്ള ടീമായി മാഴ്സെ മാറി. ലിഗ് വണ്ണിൽ പക്ഷേ, പി.എസ്.ജി തന്നെയാണ് മുന്നിൽ. ഇരു ടീമുകളും തമ്മിൽ പോയിന്റ് വ്യത്യാസം എട്ടാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSGLionel MessiFrench Cup
News Summary - Lionel Messi's PSG Crash Out Of French Cup After Losing To Marseille
Next Story