ലയണൽ മെസ്സിക്ക് യാത്രയയപ്പ് അങ്കം; അർജന്റീന x ബെനിൻ മത്സരം ബുധനാഴ്ച പുലർച്ച 4.30ന്
text_fieldsബ്വേനസ് എയ്റിസ്: വിടപറയുംമുമ്പ് ഒരിക്കൽ കൂടി ലയണൽ മെസ്സി പ്രിയപ്പെട്ടവർക്കൊപ്പം ചേർന്നു. ലോകകപ്പ് ഫുട്ബാൾ ഫൈനലിനു പിന്നാലെ, ജീവിതത്തിൽ ചില പ്രധാന സംഭവങ്ങളും തീരുമാനങ്ങളും നിറഞ്ഞ കാലത്തിനുശേഷം, യാത്രപറയാനായി മെസ്സി വീണ്ടുമെത്തി. ബ്വേനസ് എയ്റിസിൽനിന്നും അധികം ദൂരെയല്ലാതെ എസീസ നഗരത്തിലാണ് ലയണൽ സ്കലോണിയുടെയും ടീമിന്റെയും പരിശീലന ക്യാമ്പ്. അവിടേക്ക്, കണ്ണഞ്ചിപ്പിക്കുന്ന ലുക്കിലായിരുന്നു മെസ്സിയുടെ വരവ്. ചാരനിറത്തിലെ ജീൻസും വെള്ള ടീഷർട്ടും പച്ചനിറത്തിലെ ഓവർകോട്ടും, ഒപ്പമൊരു കൂളിങ് ഗ്ലാസുമായി ബോളിവുഡ് താരപ്പകിട്ടിൽ ഇടവേളക്കുശേഷം ഇതിഹാസം പ്രത്യക്ഷപ്പെട്ടു.
പ്രിയപ്പെട്ട കൂട്ടുകാർക്കൊപ്പം വീണ്ടും പരിശീലനവും കളിയുമായി പടിയിറക്കം അവിസ്മരണീയമാക്കാനുള്ള വരവാണിത്. കാറിൽ നിന്നിറങ്ങി, ടീം ഹോട്ടലിലേക്കുള്ള രാജകീയ എൻട്രി ലോകമെങ്ങും ആരാധകരും ആഘോഷമാക്കി.
അർജന്റീനയുടെ പത്താം നമ്പർ ജഴ്സിയെ ലോകഫുട്ബാളിൽ ആഘോഷമാക്കി നിലനിർത്തിയ രണ്ടു പതിറ്റാണ്ടിനുശേഷം പടിയിറക്കം പ്രഖ്യാപിച്ച ലയണൽ മെസ്സി ഇത്തവണ അവസാന നൃത്തത്തിനുള്ള വരവാണ്. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ച 4.30ന് അർജന്റീന തങ്ങളുടെ ഏറ്റവും വലിയ പോരാട്ടത്തിന് ബ്വേനസ് ഐയ്റിസിലെ എസ്റ്റാഡിയോ മോണ്യൂമെന്റലിൽ ബൂട്ടുകെട്ടുമ്പോൾ ലോകം നിറഞ്ഞ കണ്ണുകളോടെയാവും കാത്തിരിക്കുന്നത്.
ജൂലൈ 19ന് നടന്ന ലോകകപ്പ് ഫൈനലിൽ സ്പെയിനിനു മുമ്പാകെ ദയനീയമായി തോറ്റ്, ലോകകിരീടം കൈവിട്ട് മടങ്ങിയ ലയണൽ മെസ്സി, പിതാവിന്റെ വേർപാടിനു പിന്നാലെ ആഗസ്റ്റ് 31നാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. രണ്ടു പതിറ്റാണ്ടുനീണ്ട ദേശീയ ടീം കരിയറിനുശേഷം സൂപ്പർതാരം നീലവരയൻ കുപ്പായമഴിച്ചുവെക്കാൻ നിശ്ചയിച്ചപ്പോൾ, ഏറ്റവും മനോഹരമായ യാത്രയയപ്പ് നൽകാനായിരുന്നു അർജന്റീനയുടെ തീരുമാനം.
ആ ദിവസമാണിത്. ബ്വേനസ് എയ്റിസ് വേദിയാവുന്ന മത്സരത്തിൽ ആഫ്രിക്കൻ ടീമായ ബെനിനാണ് അർജന്റീനയുടെ എതിരാളി. ലോകറാങ്കിങ്ങിൽ 93ാം സ്ഥാനക്കാരായ ബെനിനുമായുള്ള അർജന്റീനയുടെ പോരാട്ടം ചരിത്രത്തിൽ ഇടംപിടിക്കുന്നത് മെസ്സിയുടെ വിടവാങ്ങൽ അങ്കം എന്ന നിലയിൽ മാത്രമാവും.
ലാ അൽബിസെലസ്റ്റയുടെ പത്താം നമ്പർ ജഴ്സിയിൽ വീണ്ടും മെസ്സിയിറങ്ങുമ്പോൾ, 85,000 ഇരിപ്പിട ശേഷിയുള്ള ബ്വേനസ് എയ്റിസ് സ്റ്റേഡിയത്തിലെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

