'ക്രിസ്റ്റ്യാനോ എന്ന് പേരിട്ടതിന് എന്റെ അമ്മയോട് ക്ഷമിക്കൂ': മെസ്സിയോട് ക്ഷമ ചോദിച്ച് 11 കാരനായ ആരാധകൻ
text_fieldsബ്വേനസ് ഐറിസ്: ഫുട്ബാൾ ഗ്രൗണ്ടിൽ തന്റെ കാല് കൊണ്ട് മായാജാലം തീർക്കുന്ന അർജന്റീന നായകൻ ലയണൽ മെസ്സി കളത്തിന് പുറത്ത് തന്റെ ആരാധകരോട് കാണിക്കുന്ന സ്നേഹം ശ്രദ്ധേയമാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കളിക്കാൻ ചെന്ന മെസ്സി ഒരിക്കൽ പോലും തന്നെ കാണാൻ വരുന്ന വൻ ആരാധകക്കൂട്ടത്തെ നിരാശരാക്കിയിട്ടില്ല. മെസ്സിയോട് ജഴ്സി, ഓട്ടോഗ്രാഫ്, സെൽഫി എന്നിവ ആവശ്യപ്പെടുന്ന ആരാധകരെ നാം കണ്ടിട്ടുണ്ട്. എന്നാൽ സൂപ്പർ താരത്തോട് ക്ഷമ ചോദിക്കുന്ന ഒരു കുഞ്ഞു ആരാധകനാണ് ഇപ്പോൾ അർജന്റീനയിൽ ശ്രദ്ധിക്കപ്പെടുന്നത്.
തനിക്ക് വേറൊരു ഫുട്ബാൾ സൂപ്പർ താരത്തിന്റെ പേര് നൽകാൻ തന്റെ അമ്മ തീരുമാനിച്ചതിലാണ് 11കാരനായ ആരാധകൻ മെസ്സിയോട് ക്ഷമ ചോദിച്ചത്. ടി.വൈസി സ്പോർട്സിലെ മാധ്യമപ്രവർത്തകനായ ഗാസ്റ്റൺ എഡുൽ ആണ് 11കാരന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. മറ്റാരുമല്ല മെസ്സിയുടെ മുഖ്യ എതിരാളിയായ പോർചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റെണാൾഡോയുടെ പേരായിരുന്നു 11കാരന് സ്വന്തം അമ്മ ഇട്ടത്.
റേസിങ് ക്ലബ് അക്കാദമിയുടെ കളിക്കാരനാണെങ്കിലും എതിരാളികളായ റിവർപ്ലേറ്റിനെയാണ് ക്രിസ്റ്റ്യാനോ പിന്തുണക്കുന്നത്. അമ്മ ക്രിസ്റ്റ്യാനോ എന്ന് പേര് നൽകിയെങ്കിലും അവന്റെ ഇഷ്ടം മെസ്സിയോടായിരുന്നു. ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിന്റെ പരിശീലനത്തിനായി എസൈസയിലെത്തിയ മെസ്സിയെയും സംഘത്തെയും കാണാനായി ക്രിസ്റ്റ്യാനോ പിതാവിനൊപ്പം പുറപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. കോവിഡ് ചട്ടങ്ങളെ ആരാധകരെ കാണാൻ കളിക്കാർക്ക് അനുമതിയില്ല.
പെറുവിനെതിരായ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ അർജന്റീന 1-0ത്തിന് വിജയിച്ചിരുന്നു. 43ാം മിനിറ്റിൽ ലോതാരോ മാർടിനസാണ് കോപ്പ അമേരിക്ക ജേതാക്കൾക്കായി വിജയഗോൾ നേടിയത്.

