മെസ്സിയോ അതോ ക്രിസ്റ്റ്യാനോയോ? കരിയറിൽ ഏറ്റവും കൂടുതൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ താരത്തെ അറിയാം...
text_fieldsമേജർ സോക്കർ ലീഗിൽ (എം.എൽ.എസ്) കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സിയുടെ ഇന്റർമയാമിയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഷാർലെറ്റ് എഫ്.സി തരിപ്പണമാക്കിയത്. ഇദാൻ ടോക്ലൊമാറ്റിയാണ് ഷാർലെറ്റിന്‍റെ മൂന്നു ഗോളുകളും നേടിയത്.
മത്സരത്തിൽ മെസ്സി ഒരു പെനാൽറ്റി നഷ്ടപ്പെടുത്തി. പനേങ്ക ശൈലിയിൽ മെസ്സി തൊടുത്ത കിക്ക് മുൻകൂട്ടി മനസ്സിലാക്കിയ ഷാർലെറ്റിന്‍റെ ക്രൊയേഷ്യൻ ഗോൾ കീപ്പർ ക്രിസ്റ്റിജൻ കഹ്ലീന അനായാസം കൈയിലൊതുക്കി. 2002 ഫിഫ ലോകകപ്പിൽ പോളണ്ടിനെതിരായ മത്സരത്തിലാണ് ഇതിനു മുമ്പ് മെസ്സി ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയത്. മെസ്സി കരിയറിൽ നഷ്ടപ്പെടുത്തുന്ന 32ാമത്തെ പെനാൽറ്റിയായിരുന്നു അത്. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, മെസ്സി ആരാധകർ തമ്മിലുള്ള കൊമ്പുകോർക്കലും തുടങ്ങി.
ഇവരിൽ ആരാണ് കരിയറിൽ ഏറ്റവും കൂടുതൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതെന്നായിരുന്നു ചർച്ച. കഴിഞ്ഞ രണ്ടു ദശകങ്ങളായി ലോക ഫുട്ബാൾ കറങ്ങികൊണ്ടിരിക്കുന്നത് മെസ്സിക്കും ക്രിസ്റ്റ്യാനോക്കുമൊപ്പമാണ്. കരിയറിൽ ക്രിസ്റ്റ്യാനോ ഇതുവരെ 210 പെനാൽറ്റി കിക്കുകളെടുത്തിട്ടുണ്ട്. മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മഡ്രിഡ്, യുവന്‍റസ്, അൽ നസർ ക്ലബുകൾക്കുവേണ്ടിയും പോർചുഗൽ ദേശീയ ടീമിനുവേണ്ടിയുമാണ് ഇത്രയും കിക്കുകളെടുത്തത്. 177 എണ്ണം ലക്ഷ്യം കണ്ടപ്പോൾ 33 എണ്ണം നഷ്ടപ്പെടുത്തി. 84.29 ആണ് സക്സസ് റേറ്റ്.
ബ്രസീൽ താരം റൊണാൾഡിനോ ബാഴ്സലോണ വിട്ടതോടെ ക്ലബിനുവേണ്ടി പെനാൽറ്റി എടുക്കുന്ന ചുമതല മെസ്സിക്കായി. ഫ്രഞ്ച് ക്ലബ് പി.എസ്.ജി, ഇന്‍റർ മയാമി ക്ലബുകളിലേക്ക് ചേക്കേറിയെങ്കിലും അതിനു മാറ്റമുണ്ടായില്ല. അർജന്‍റീന ദേശീയ ടീമിനുവേണ്ടിയും നിരവധി തവണ പെനാൽറ്റിയെടുത്തു. കരിയറിൽ ഇതുവരെ 145 പെനാൽറ്റികളാണ് താരം എടുത്തത്. ഇതിൽ 113 എണ്ണം സ്കോർ ചെയ്തു. 32 എണ്ണം നഷ്ടപ്പെടുത്തി. 77.93 ആണ് സക്സസ് റേറ്റ്. ക്രിസ്റ്റ്യാനോയുമായി തട്ടിച്ചുനോക്കുമ്പോൾ അൽപം കുറവാണ്.
ഷാർലെറ്റിനെതിരായ മത്സരത്തിൽ പന്തടക്കത്തിൽ മുൻതൂക്കമുണ്ടായിട്ടും മയാമി നാണംകെട്ട തോൽവി വഴങ്ങുകയായിരുന്നു. 34ാം മിനിറ്റിലാണ് ടോക്ലോമാറ്റി ഷാർലെറ്റിന് ആദ്യ ലീഡ് നേടികൊടുക്കുന്നത്. രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റിനുള്ളിൽ ടോക്ലോമാറ്റി വീണ്ടും വലകുലുക്കിയതോടെ മയാമി ബാക്ക്ഫൂട്ടിലായി. 79ാം മിനിറ്റിൽ തോമസ് അവിലെസ് രണ്ടാം മഞ്ഞക്കാർഡും വാങ്ങി പുറത്തായതോടെ മയാമി 10 പേരിലേക്ക് ചുരുങ്ങി. അഞ്ച് മിനിറ്റിനുശേഷം ടോക്ലോമാറ്റി പെനാൽട്ടിയിലൂടെ ഹാട്രിക്കും ടീമിന്‍റെ മൂന്നാം ഗോളും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

