ഫുട്ബാളിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുത്ത് ലയണൽ മെസ്സി
text_fieldsലയണൽ മെസ്സി
ബ്യൂണസ് ഐറിസ്: ഫുട്ബാൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് കളിയിൽ നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടുനിൽക്കാൻ തീരുമാനിച്ച് അർജന്റീന ഇതിഹാസം ലയണൽ മെസ്സി. പിതാവ് ഹോർഹെ മെസ്സിയുടെ വിയോഗത്തെ തുടർന്നുള്ള കനത്ത വ്യക്തിപരമായ നഷ്ടത്തിൽ നിന്നുള്ള ആഘാതത്തിലാണ് താരം ഈ നിർണായക തീരുമാനമെടുത്തത്. പിതാവിന്റെ വിയോഗം മെസ്സിയുടെ ജീവിതത്തിലുണ്ടാക്കിയ വലിയ ശൂന്യതയാണ് ഫുട്ബാളിൽ നിന്നുള്ള ഈ പിന്മാറ്റത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അസുഖത്തെ തുടർന്ന് റൊസാരിയോയിലെ ക്ലിനിക്കിൽ ചികിത്സയിലിരിക്കെയായിരുന്നു 68 കാരനായ ഹോർഹെ മെസ്സിയുടെ അന്ത്യം. ലയണൽ മെസ്സിയുടെ ജീവിതത്തിലും കരിയറിലും ഒരിക്കലും പകരം വെക്കാനാവാത്ത വ്യക്തിയായിരുന്നു ഹോർഹെ മെസ്സി. സ്റ്റീൽ ഫാക്ടറി സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന അദ്ദേഹം, മകന്റെ കരിയർ വളർച്ചയോടെ അദ്ദേഹത്തിന്റെ ഏജന്റും തന്ത്രപരമായ ഉപദേഷ്ടാവുമായി മാറുകയായിരുന്നു.
മെസ്സിക്ക് 13 വയസ്സുള്ളപ്പോൾ വളർച്ചാ ഹോർമോൺ കുറവെന്ന രോഗാവസ്ഥയെ അതിജീവിച്ച് ബാഴ്സലോണയുടെ യൂത്ത് അക്കാദമിയിൽ എത്തിക്കുന്നതിൽ പിതാവ് നിർണായക പങ്കുവഹിച്ചു. കരിയറിലെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം മകന് താങ്ങും തണലുമായി നിന്ന പിതാവിന്റെ വിയോഗം മെസ്സിക്ക് താങ്ങാനാവാത്ത ആഘാതമാണ് സമ്മാനിച്ചിരിക്കുന്നത്.
ഫ്രഞ്ച് മാധ്യമമായ 'ഫൂട്ട് മെർക്കാട്ടോ' ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, കുടുംബത്തോടൊപ്പം ഈ ദുഃഖത്തിൽ ഒപ്പം നിൽക്കുന്നതിനായി എട്ടുതവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി തന്റെ പ്രൊഫഷണൽ കരിയറിലെ എല്ലാ തിരക്കുകളിൽ നിന്നും പൂർണ്ണമായി പിന്മാറിയിരിക്കുകയാണ്. ഇന്റർ മയാമിയിലേക്കുള്ള തന്റെ തിരിച്ചുവരവ് എപ്പോഴായിരിക്കുമെന്ന് താരം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഫുട്ബാളിനെക്കാൾ കുടുംബത്തിന് പ്രഥമ പരിഗണന നൽകുന്ന മെസ്സിയുടെ ഈ തീരുമാനത്തെ ആരാധകരും കായിക ലോകവും ഏറെ വേദനയോടെയാണ് നോക്കിക്കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

