ഇരട്ടഗോളുമായി മെസ്സി; മൂന്ന് ഗോൾ ജയവുമായി ബാഴ്സ മൂന്നാമത്
text_fieldsബാഴ്സലോണ: സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇരട്ടഗോൾ മികവിൽ എൽക്കെയെ 3-0ത്തിന് തോൽപിച്ച് ബാഴ്സലോണ ലാലിഗയിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. കോവിഡ് മഹാമാരിയെത്തുടർന്ന് മാറ്റിവെച്ച ഒന്നാം റൗണ്ട് മത്സരത്തിലായിരുന്നു മെസ്സിയുടെ മാസ്മരിക പ്രകടനം. ജോർഡി ആൽബയുടെ വകയായിരുന്നു ശേഷിക്കുന്ന ഗോൾ.
അഞ്ച് പോയന്റ് ലീഡുമായി അത്ലറ്റിക്കോ മഡ്രിഡ് (23 മത്സരത്തിൽ നിന്ന് 55 പോയന്റ്) ആണ് പോയന്റ് പട്ടികയിൽ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള റയൽ മഡ്രിഡുമായുള്ള (52 പോയന്റ്) പോയന്റ് വ്യത്യാസം ബാഴ്സ (50 പോയന്റ്) രണ്ടാക്കി കുറച്ചു.
ചാമ്പ്യൻസ് ലീഗിൽ സ്വന്തം മൈതാനത്തിൽ പി.എസ്.ജിയോട് 4-1ന് തോറ്റ ബാഴ്സ ശേഷം ലീഗ് മത്സരത്തിൽ കാഡിസിനോട് 1-1ന് സമനിലയിൽ കുരുങ്ങിയിരുന്നു.
ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. 48ാം മിനിറ്റിൽ ബ്രാത്ത്വെയ്റ്റിന്റെ സഹായത്തോടെ വലകുലുക്കിയ മെസ്സി ഗോൾവേട്ട തുടങ്ങി. 68ാം മിനിറ്റിൽ ഡി ജോങ്ങിന്റെ അത്യുഗ്രൻ മുന്നേറ്റം ഗോളാക്കി മാറ്റിയ മെസ്സി ലീഡ് ഉയർത്തി. 73ാം മിനിറ്റിൽ മെസ്സിയും ബ്രാത്ത്വെയ്റ്റും ചേർന്ന് നൽകിയ പന്ത് ലക്ഷ്യത്തിലെത്തിച്ച് ആൽബ പട്ടിക പൂർത്തിയാക്കി.
ഇരട്ടഗോൾ നേട്ടത്തോടെ മെസ്സിയുടെ സീസണിലെ ഗോളുകളുടെ എണ്ണം 18 ആയി ഉയർന്നു. 16 ഗോളുകളുമായി ബാഴ്സയിലെ മുൻസഹതാരം ലൂയി സുവാരസാണ് രണ്ടാമത്. എല്ലാ ടൂർണമെന്റുകളിലുമായി അവസാനം കളിച്ച 12മത്സരങ്ങളിൽ നിന്നും മെസ്സി 13 ഗോളുകൾ സ്കോർ ചെയ്തു. ശനിയാഴ്ച സെവിയ്യക്കെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.

