ഈ കുപ്പായത്തോട് നന്ദി പറയാൻ മാത്രമേയുള്ളൂ, എന്റെ ഇഷ്ടപ്രകാരമായിരുന്നെങ്കിൽ ആയുസ്സ് മുഴുവൻ ഈ ജഴ്സിയിൽ തുടർന്നേനെ; വികാരാധീനനായി മെസ്സി
text_fieldsബ്യൂണസ് ഐറിസ്: ബെനിനെതിരെയുള്ള മത്സരശേഷമുള്ള വിടവാങ്ങൽ ചടങ്ങിൽ വൈകാരിക പ്രതികരണവുമായി ഫുട്ബാൾ ഇതിഹാലം ലയണൽ മെസ്സി. തന്റെ പിതാവ് ജോർജിയെ കുറിച്ച് സംസാരിച്ച് തുടങ്ങിയ മെസ്സി വിതുമ്പലോടെയാണ് ഓരോ കാര്യങ്ങളും പറഞ്ഞ് തീർത്തത്. "ഇന്ന് മനസ്സിൽ വാക്കുകളൊതുക്കാനാവാത്ത വിധം വികാരങ്ങൾ ഇരമ്പുകയാണ്. ഈ നിമിഷത്തിൽ ആദ്യം ഓർമ്മവരുന്നത് എന്റെ പിതാവിനെക്കുറിച്ചാണ്," മെസ്സി പറഞ്ഞു. അർജന്റീനയ്ക്കായി പന്തുതട്ടുക എന്നത് തന്റെ ജീവിതത്തിൽ എന്തുമാത്രം അർത്ഥവത്താണെന്ന് വാക്കുകളിൽ പ്രകടിപ്പിക്കാൻ മെസ്സി പാടുപെട്ടു. കഴിഞ്ഞ 20 വർഷമായി അർജന്‍റീനയുടെ ജഴ്സി അണിഞ്ഞ് കളിക്കളത്തിലിറങ്ങിയ അദ്ദേഹത്തിന്, ഇനി ഈ ടീമിന്റെ ഭാഗമാകാതിരിക്കുക എന്നത് വലിയ വേദനയാണ് സമ്മാനിക്കുന്നത്. തന്റെ കൈയിലാണ് കാര്യങ്ങളെങ്കിൽ ഒരിക്കലും ഈ ജഴ്സി അഴിച്ചുവെക്കില്ലായിരുന്നുവെന്ന് താരം തുറന്നുപറഞ്ഞു.
"ഈ കുപ്പായത്തോട് നന്ദി പറയാൻ മാത്രമേ ഇന്ന് എനിക്കുള്ളൂ. ഇരുപത് വർഷക്കാലം, ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളിലും ഞാൻ പോരാട്ടം തുടർന്നു; മുന്നേറാൻ എന്റെ സർവ്വസ്വവും നൽകി, ഇവിടെത്തന്നെ തുടരാൻ ആഗ്രഹിച്ചു. ഇനി അർജന്റീന ദേശീയ ടീമിനൊപ്പം ഉണ്ടാകില്ല എന്നതും ഇവിടെയെത്താൻ കഴിയില്ല എന്നതും എന്നെ വല്ലാതെ വേദനിപ്പിക്കും. എന്റെ ഇഷ്ടപ്രകാരമായിരുന്നെങ്കിൽ എന്റെ ആയുസ്സ് മുഴുവൻ ഞാൻ ഈ ജേഴ്സിയിൽ കളിക്കളത്തിൽ തുടർന്നേനെ. കാരണം, അർജന്റീനയ്ക്കായി കളിക്കുക എന്നത് ഈ ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ്. ഈ നിമിഷം ഇവിടെ അവസാനിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇന്ന് ഞാൻ എപ്പോഴത്തേക്കാളും കൂടുതൽ സംസാരിക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.
അർജന്റീനയ്ക്കൊപ്പമുള്ള തന്റെ വിജയങ്ങളെയും 2022 ലോകകപ്പ് നേട്ടത്തിലേക്ക് തന്നെ നയിച്ച സഹതാരങ്ങളെയും മെസ്സി സ്മരിച്ചു. ദേശീയ ടീമിനായി അവർ നൽകിയ സംഭാവനകൾക്ക് നന്ദി അറിയിച്ച അദ്ദേഹം, നിലവിലുള്ള യുവനിരയ്ക്കും ഭാവിയിൽ ടീമിലെത്തുന്നവർക്കും തന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് വ്യക്തമാക്കി. "നാം ലോകകപ്പും കോപ്പ അമേരിക്കയും ഫൈനലിസിമയും നേടി... ഈ നേട്ടങ്ങളിലെല്ലാം ഞാൻ അങ്ങേയറ്റം കൃതജ്ഞനാണ്. എന്നാൽ ഈ യാത്ര 2022-ലോ അവസാന ലോകകപ്പിലോ മാത്രം ഒതുങ്ങുന്നതല്ല. ലോകകപ്പ് ജേതാക്കളാകുന്നതിന് എത്രയോ വർഷങ്ങൾക്ക് മുമ്പ് നിരവധി സഹതാരങ്ങൾ എനിക്കൊപ്പം ഈ ജേഴ്സിക്ക് വേണ്ടി വിയർപ്പൊഴുക്കിയിട്ടുണ്ട്. അവർ ഓരോരുത്തരും അർജന്റീനയ്ക്ക് വേണ്ടി എത്രമാത്രം പോരാടിയെന്നും സർവ്വസ്വവും നൽകിയെന്നും ആരും സംശയിക്കേണ്ടതില്ല. ഞങ്ങൾ ഓരോ തവണ കളത്തിലിറങ്ങുമ്പോഴും ഏത് എതിരാളിയെയും നേരിടാൻ നമുക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ജീവൻ കൊടുത്തും പൊരുതാൻ തയ്യാറുള്ള പോരാളികളാണ് എനിക്കൊപ്പമുണ്ടായിരുന്നതെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചു. നിങ്ങളെ എല്ലാവരെയും ഞാൻ വല്ലാതെ മിസ്സ് ചെയ്യും. എന്നാൽ എപ്പോഴും ഞാൻ നിങ്ങൾക്കൊപ്പമുണ്ടാകും. ഈ കുട്ടികളെയും ഇനി വരാനിരിക്കുന്നവരെയും ഞാൻ എപ്പോഴും പിന്തുണയ്ക്കും," വികാരനിർഭരനായി മെസ്സി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

