പി.എസ്.ജി വിട്ട് സൗദി ലീഗിലേക്ക്? അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ മെസ്സിയുടെ പിതാവ് സൗദിയിൽ
text_fieldsപി.എസ്.ജിയുമായി രണ്ടു വർഷത്തെ കരാർ സീസൺ അവസാനത്തോടെ പൂർത്തിയാകാനിരിക്കെ സൂപർ താരം ലയണൽ മെസ്സിയെ ചൊല്ലി അഭ്യൂഹങ്ങൾ പറന്നുനടക്കുന്നു. മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിലെത്തിയ അതേ വഴി പിന്തുടർന്ന് മെസ്സിയും യൂറോപ് വിട്ടേക്കുമെന്ന പ്രചാരണം ശ്കതമാണ്. താരത്തിന്റെ ഏജന്റ് കൂടിയായ പിതാവ് കഴിഞ്ഞ ദിവസം സൗദിയിലെത്തിയതാണ് ഏറ്റവും പുതിയ വാർത്ത.
അർജന്റീനയെ വീണ്ടും ലോകകിരീടത്തിലെത്തിച്ച് കരിയറിലെ ഏറ്റവും മഹത്തായ നേട്ടം സ്വന്തമാക്കിയ മെസ്സി പി.എസ്.ജിക്കൊപ്പം കരാർ പ്രകാരം അവസാന മാസങ്ങളിലാണ്. സീസൺ അവസാനിക്കുന്ന മുറക്ക് പുതിയ കരാറിൽ എത്തിയില്ലെങ്കിൽ താരം മറ്റു താവളങ്ങൾ തേടേണ്ടിവരും. കരാർ പുതുക്കുമെന്ന് ലോകകപ്പിനുടൻ വാർത്തയുണ്ടായിരുന്നെങ്കിലും മൂന്നു മാസം പൂർത്തിയായിട്ടും ഇതേ കുറിച്ച സ്ഥിരീകരണമില്ല. പി.എസ്.ജിയിൽ തന്നെ തുടരാനാണ് ഇഷ്ടമെന്ന് അടുത്തിടെ മെസ്സി സൂചന നൽകിയിരുന്നു.
കുഞ്ഞുനാൾ മുതൽ പന്തുതട്ടിയ ബാഴ്സയിലേക്ക് തിരികെ പോകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും നിലവിൽ സാധ്യത കുറവാണ്. കറ്റാലന്മാരെ കുരുക്കി കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ തുടരുന്നതാണ് കുരുക്കാകുന്നത്.
ഇതിനു പിന്നാലെയാണ് താരത്തിന്റെ പിതാവ് ജോർജ് മെസ്സി സൗദിയിലെത്തിയത്. സൗദി പ്രോലീഗിലെ അൽഇത്തിഹാദ് ക്ലബുമായി ജോർജ് ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകളെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഫ്രീ ട്രാൻസ്ഫറിൽ പുതിയ മേച്ചിൽപുറങ്ങൾ തേടുന്നുവെങ്കിൽ നേരത്തെ ക്രിസ്റ്റ്യാനോക്ക് നൽകിയ തുക നൽകാൻ സൗദി ക്ലബുകൾ തയാറാണ്. സൗദി ലീഗുകൾക്ക് സമാനമായി പണമൊഴുകുന്ന അമേരിക്കൻ ലീഗും മെസ്സിയിൽ താൽപര്യമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്റർ മിയാമിയാണ് വൻതുക നൽകാൻ സന്നദ്ധത അറിയിച്ചത്.
നിലവിൽ വൻതുക വാഗ്ദാനം ചെയ്യാൻ പി.എസ്.ജിക്ക് യുവേഫ സാമ്പത്തിക നിയന്ത്രണം അനുവദിക്കുന്നില്ല. ചട്ടം മറികടന്ന് വൻതുക നൽകിയതിന് നേരത്തെ ക്ലബിന് വൻതുക പിഴ ഒടുക്കേണ്ടിവന്നിരുന്നു. എന്നാൽ, തുക കുറഞ്ഞാലും പാരിസിൽ തന്നെ തങ്ങുമെന്നാണ് ഏറ്റവും ഒടുവിലെ സൂചന. സൗദിയിലേക്ക് പോകുന്നതിന് പകരം ക്രിസ്റ്റഫ് ഗാൽറ്റിയെക്കൊപ്പം പി.എസ്.ജിയിൽ തുടരുന്നതിന് താരം സമ്മതം മൂളിയതായും റിപ്പോർട്ടുകൾ പറയുന്നു.
കിലിയൻ എംബാപ്പെക്കൊപ്പം ഏറ്റവും മികച്ച ഫോമിൽ തുടരുന്ന മെസ്സി ലീഗ് വണ്ണിലെ സുവർണ താരങ്ങളിൽ മുൻനിരയിലാണിപ്പോഴും.