‘അതൊരു മനോഹരമായ കായിക പോരാട്ടമായിരുന്നു...’; ക്രിസ്റ്റ്യാനോയുമായുള്ള ഫുട്ബാൾ ‘വൈര’ത്തിൽ മനസ്സ് തുറന്ന് മെസ്സി
text_fieldsസമകാലിക ഫുട്ബാളിലെ രണ്ടു ഇതിഹാസ താരങ്ങളാണ് അർജന്‍റീനയുടെ ലയണൽ മെസ്സിയും പോർചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഫുട്ബാൾ ചർച്ചകളിൽ ഒരിക്കലും പഴകാത്ത രണ്ടുപേരുകൾ.
ലോക ഫുട്ബാളിലേക്ക് പുതിയ പലപേരുകളും കടന്നുവന്നിട്ടും മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും തിളക്കത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ല. കരിയറിലെ സയാഹ്നത്തിൽ എത്തിയിട്ടും ഇരുവരും കളിക്കളത്തില്‍ തീര്‍ക്കുന്ന മായാജാലം തന്നെയാണ് അതിന് കാരണം. മെസ്സിയോ അതോ ക്രിസ്റ്റ്യാനോയോ? ആരാണ് മികച്ചതെന്ന ചോദ്യം ഇന്നും ആരാധകരെ രണ്ടു ചേരിയിലാക്കാറുണ്ട്. ഒരു കൂട്ടര്‍ മെസ്സിയെന്ന് പറയുമ്പോള്‍, ക്രിസ്റ്റ്യാനോയുടെ ആരാധകരും വിട്ടുകൊടുക്കാറില്ല. ഇങ്ങനെ ആരാധകര്‍ രണ്ടു തട്ടിലാകുന്നതുപോലെ മെസ്സിക്കും റോണോക്കും ഇടയിലുള്ള ബന്ധവും വലിയ ചർച്ചയാകാറുണ്ട്.
താനും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള മത്സരം കായികപരമാണെന്നും അതിനപ്പുറം വ്യക്തിപരമായ വിദ്വേഷങ്ങൾ ഒന്നുമില്ലെന്നുമാണ് മെസ്സി പറയുന്നത്. ഒരു ദശാബ്ദക്കാലത്തോളം ക്ലബ് ഫുട്ബാളിലെ ചിരവൈരികളായ ബാഴ്സലോണക്കും റയൽ മഡ്രിഡിനും വേണ്ടിയാണ് ഇരുവരും പന്തുതട്ടിയത്. അവിടെ കിരീടങ്ങൾക്കും വ്യക്തിഗത റെക്കോഡുകൾക്കുമായി ഇരുവരും നടത്തിയ പോരാട്ടം ഫുട്ബാൾ ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ഒന്നാണ്. ബാഴ്സയും റയൽ മാഡ്രിഡും തമ്മിലുള്ള തീവ്രമായ വൈരാഗ്യമാണ് തങ്ങളുടെ താരതമ്യങ്ങൾക്ക് ആക്കംകൂട്ടിയതെന്ന് ഒരു അഭിമുഖത്തിൽ മെസ്സി പറഞ്ഞു.
‘ഫുട്ബാൾ ലോകത്ത് ഇത്തരം താരതമ്യങ്ങളും മത്സരങ്ങളും സ്വാഭാവികമാണ്. ക്ലബുകൾ തമ്മിലോ ദേശീയ ടീമുകൾ തമ്മിലോ ഇത് സംഭവിക്കാറുണ്ട്. എന്നാൽ ഞങ്ങളുടെ കാര്യത്തിൽ അത് ഒരിക്കലും കായികപരമായ കാര്യങ്ങൾക്കപ്പുറത്തേക്ക് പോയിട്ടില്ല’ -മെസ്സി പറഞ്ഞു. താൻ ബാഴ്സയിലും ക്രിസ്റ്റ്യാനോ റയൽ മാഡ്രിഡിലുമായിരുന്നു. എൽ ക്ലാസിക്കോ മത്സരങ്ങളിൽ ഏറ്റുമുട്ടി. ടീമിനുവേണ്ടിയും വ്യക്തിഗത നേട്ടങ്ങൾക്കുവേണ്ടിയും പോരാടി. അതുകൊണ്ടു തന്നെ ആരാണ് മികച്ചതെന്ന താരതമ്യവും പതിവായിരുന്നു. ഓരോ നേട്ടങ്ങളും ആ വൈരത്തിന് ആക്കംകൂട്ടി. മത്സരങ്ങൾക്കിടയിലോ അവാർഡ് ചടങ്ങുകളിലോ മാത്രമേ പരസ്പരം കണ്ടുമുട്ടാറുള്ളൂ. അപ്പോഴൊക്കെ നല്ല ബന്ധത്തിലായിരുന്നു. അതൊരു മനോഹരമായ കായിക പോരാട്ടമായിരുന്നുവെന്നും മെസ്സി കൂട്ടിച്ചേർത്തു.
ബാഴ്സക്കും റയലിനുമായി കളിക്കുമ്പോൾ ഇരുവരും ഫുട്ബാൾ ലോകം ഭരിക്കുന്നതാണ് കണ്ടത്. ലാ ലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ (474) നേടിയ താരം മെസ്സിയാണ്. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ (140) നേടിയ റെക്കോർഡ് ക്രിസ്റ്റ്യാനോയുടെ പേരിലും. 2008 മുതൽ 2017 വരെ ബാലൺ ഡി ഓർ പുരസ്കാരം ഇരുവരും പങ്കിട്ടെടുക്കുകയായിരുന്നു. നിലവിൽ മെസ്സി അമേരിക്കൻ മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്കും റൊണാൾഡോ സൗദി ക്ലബായ അൽ നസറിനും വേണ്ടിയാണ് കളിക്കുന്നത്. കരിയറിൽ 1000 അന്തരാഷ്ട്ര ഗോളുകളെന്ന ചരിത്ര ലക്ഷ്യത്തിനടുത്താണ് ക്രിസ്റ്റ്യാനോ. 1320 മത്സരങ്ങളിൽനിന്ന് 978 ഗോളുകളാണ് താരത്തിന്‍റെ സമ്പാദ്യം. മെസ്സി 1151 മത്സരങ്ങളിൽനിന്ന് നേടിയത് 906 ഗോളുകളും.
ഇരുവരുടെയും അവസാന ലോകകപ്പെന്ന നിലയിൽ ഇത്തവണ അർജന്റീനയും പോർചുഗലും തമ്മിലൊരു മത്സരമുണ്ടായാൽ, ഫുട്ബാൾ ചരിത്രത്തിലെ അവിസ്മരണീയ പോരാട്ടങ്ങളിലൊന്നായി അതു മാറും. കഴിഞ്ഞ അഞ്ചു ലോകകപ്പുകളിൽ ഒരിക്കൽ പോലും ഇരുവർക്കും നേർക്കുനേർ കളിക്കാൻ അവസരമുണ്ടായിട്ടില്ല. എന്നാൽ, ഇത്തവണ അർജന്റീനയും പോർചുഗലും തങ്ങളുടെ ഗ്രൂപ്പുകളിൽ ഒന്നാമതെത്തുകയാണെങ്കിൽ ക്വാർട്ടർ ഫൈനലിൽ ഈ ഇതിഹാസങ്ങൾ ഒരിക്കൽ കൂടി നേർക്കുനേർ വരാൻ സാധ്യതയുണ്ട്. ദേശീയ ടീമുകൾക്കു വേണ്ടി മെസ്സിയും ക്രിസ്റ്റ്യാനോയും രണ്ടുവട്ടമേ ഇതുവരെ പരസ്പരം കളിച്ചിട്ടുള്ളൂ. സൗഹൃദ മത്സരങ്ങളായിരുന്നു രണ്ടും. 2011ൽ അർജന്റീന 2–1നു ജയിച്ചപ്പോൾ 2014ൽ 1–0നു ജയം പോർചുഗലിനൊപ്പം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

