Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right‘ഒമർ... നിങ്ങളില്ലാതെ...

‘ഒമർ... നിങ്ങളില്ലാതെ ഞങ്ങൾ ആരുമല്ല; ഒരിക്കലും മറക്കില്ല’; മെസ്സിക്ക് ദേശീയ ടീമിലേക്ക് വഴി തുറന്ന മാനേജർ ഓർമയായി; വിടവാങ്ങൽ സന്ദേശവുമായി ലിയോ

text_fields
bookmark_border
Lionel messi
cancel
camera_alt

ലയണൽ മെസ്സി ഒമർ സ്യൂട്ടോക്കൊപ്പം

ബ്വേനസ് ഐയ്റിസ്: ആ വിളിയാണ് ലയണൽ മെസ്സിയെന്ന 16 കാരനെ അർജന്റീനയുടെ കുപ്പായത്തിലെത്തിച്ചത്.

സഹസ്രാബ്ദത്തിലെ ആദ്യ വർഷം. ആരോഗ്യ പ്രശ്നങ്ങൾ കുഞ്ഞു പ്രതിഭയുടെ കളിയെയും ബാധിക്കുമോയെന്ന് സംശയിച്ചിരിക്കെ 13ാം വയസ്സിൽ ബാഴ്സലോണയിലേക്ക് പറന്ന്, ലാ മാസിയ അകാദമിയിൽ കളി തുടങ്ങിയ താരം ആ വിളിയും കാത്ത് സ്​പെയിനിലുണ്ടായിരുന്നു. മെസ്സി ബാഴ്സലോണയിൽ എത്തിയിട്ട് അപ്പോൾ മൂന്നു വർഷമേ ആയിരുന്നുള്ളൂ.

മാതാപിതാക്കൾക്കൊപ്പം താമസവും സ്കൂൾ പഠനവും അവിടെ തന്നെ. സ്പാനിഷ് പൗരത്വം കൂടി ലഭിച്ചതോടെ ദേശീയ ടീമിലും കളിക്കാൻ അവൻ യോഗ്യനായിരുന്നു. കാറ്റലോണിയയിൽ കുഞ്ഞു പ്രതിഭ പന്തുതട്ടി മിടുക്ക് തെളിയിക്കുന്നതായി അറിഞ്ഞ സ്പാനിഷ് ഫുട്ബാൾ അധികൃതർക്കും അവനെ ‘ലാ റോയ’യുടെ കുപ്പായത്തിലെത്തിക്കാൻ മോഹമുണ്ടായി. എന്നാൽ, നാട്ടിൽ നിന്നുള്ള വിളി തന്നെ തേടിയെത്തുമെന്നായിരുന്നു കുഞ്ഞു മെസ്സിയുടെ പ്രതീക്ഷ. എന്നാൽ, അതിനായി ആരെ ബന്ധപ്പെടുമെന്ന് അറിയില്ല. സ്​പെയിനിനായി കളിച്ച് തുടങ്ങിയാൽ, പ്രതിഭകൾ നിറഞ്ഞ അർജന്റീന കുപ്പായം അകന്നു തുടങ്ങുമെന്നും അറിയാമായിരുന്നു.

അതേസമയം, അങ്ങ് ബ്വേനസ് ഐയ്റിസിൽ ഒരാൾ മെസ്സിയുടെ പിതാവ് ജോർജ് മെസ്സിയെ ബന്ധപ്പെടാനുള്ള നമ്പറും തേടി അലയുന്നുണ്ട്. റൊസാരിയോക്കാരായ ഒരുപാട് സുഹൃത്തുക്കളുടെ നമ്പർ അദ്ദേഹത്തിന്റെ കൈയിലുണ്ട്. അവിടെ ന്യൂവെൽ ഓൾഡ് ബോയ്സിൽ പന്തുതട്ടി പ്രതിഭ തെളിയിച്ച ഒരു കുഞ്ഞുതാരം സ്​പെയിനിലേക്ക് പറന്നതായി അ​യാളും അറിഞ്ഞിരുന്നു. അങ്ങനെയാണ് അവന്റെ ബന്ധുക്കളെ തേടി ആ മനുഷ്യൻ വീണ്ടും റൊസാരിയോയിലെത്തുന്നത്. ​അവിടെയുള്ള മെസ്സിയുടെ മുത്തശ്ശിയിലേക്കാണ് അയാൾ എത്തുന്നത്. അമ്മാവനെ ബന്ധപ്പെടാനുള്ള വിവരങ്ങൾ മുത്തശ്ശി നൽകി. അമ്മാവൻ വഴി ബാഴ്സലോണയിലുള്ള മെസ്സിയുടെ പിതാവ്​ ജോർജിന്റെ നമ്പറും കിട്ടി.

ആവേശത്തോടെ ബ്വേനസ് ഐയ്റിസിൽ തിരിച്ചെത്തിയ അദ്ദേഹം ഒട്ടും താമസിക്കാതെ സ്​പെയിനിലേക്ക് വിളിച്ചു...‘ഞാൻ നേരിട്ട് ആ നമ്പറിലേക്ക് വിളിച്ചു. മറുതലക്കൽ മെസ്സിയുടെ പിതാവ് ജോർജ്. എന്നെ പരിചയപ്പെടുത്തി. മെസ്സിയെ ദേശീയ ടീമിനായി ​കരാർ ചെയ്യണമെന്ന് നേരിട്ടു തന്നെ പറഞ്ഞു. എന്റെ മനസ്സിലുള്ള അവന്റെ പേര് തെറ്റായിരുന്നുവെന്ന് അന്ന് ഞാനറിഞ്ഞു. ലിയോ എന്നത്, സാധാരണ ‘ലിയോനാർഡോ’ എന്നതിന്റെ ചുരുക്കമാണ്. എന്നാൽ, അവന്റെ പേര് ലയണൽ ആണെന്ന് ജോർജ് എന്നെ തിരുത്തി. അവർ കാത്തിരിക്കുകയായിരുന്നു ഈ വിളിക്കെന്നും പറഞ്ഞു’ -ഏരിയൽ സെനോസിയെൻ എന്ന അർജന്റീന ഫുട്ബാൾ ജേണലിസ്റ്റിന്റെ ‘മെസ്സി ദി കംപ്ലീറ്റ് ജീനിയസ്’ എന്ന പുസ്തകത്തിൽ ഒമർ സ്യൂട്ടോ 2003ലെ ആ സംഭവങ്ങൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ഇത് മെസ്സിയെന്ന ലോകതാരത്തെ അർജന്റീന ദേശീയ ടീമിൽ പന്തു തട്ടാനായി ക്ഷണിച്ച ആദ്യ മനുഷ്യൻ ഒമർ സ്യൂട്ടോ. ഭൂമിയിൽ താൻ ഏറെ കടപ്പെട്ടവനെന്ന് മെസ്സി പലതവണ സാക്ഷ്യപ്പെടുത്തിയ അർജന്റീന ദേശീയ ടീം മാനേജർ.

ലോകതാരമായി വളർന്ന മെസ്സി എക്കാലവും ഹൃദയത്തിൽ സൂക്ഷിച്ച ഫുട്ബാൾ സംഘടകനായ ഒമർ സ്യൂട്ടോ കഴിഞ്ഞ ദിവസം ഓർമയായി. രണ്ടു പതിറ്റാണ്ടിലേറെ കാലം അർജന്റീന ദേശീയ ടീം മാനേജറായി പ്രവർത്തിച്ച സ്യൂട്ടോ ത​െന്റ 73ാം വയസ്സിലായിരുന്നു അന്തരിച്ചത്.

സാമൂഹിക മാധ്യമ പേജിൽ സ്യൂട്ടോക്ക് ഹൃദ്യമായ വിടവാങ്ങൽ സന്ദേശം കുറിച്ചുകൊണ്ട് മെസ്സി തന്റെ തലവര മാറ്റിയെഴുതിയ സ്യുട്ടോയെ കണ്ണീരോടെ തന്നെ അനുസ്മരിച്ചു.

‘നിങ്ങൾ എപ്പോഴും കൂടെയുണ്ടായിരുന്നു. അർജന്റീന ഫുട്ബാൾ ​അസോസിയേഷനിലേക്ക് എനിക്ക് വഴിയൊരുക്കിയ വ്യക്തിയായിരുന്നു നിങ്ങൾ. ദേശീയ ടീമിലൂടെ കടന്നുപോകാൻ ഭാഗ്യം ലഭിച്ചവർക്കെല്ലാം മറക്കാൻ കഴിയാത്ത വലിയ മനുഷ്യൻ. നിങ്ങളുടെ പാദമുദ്ര എന്നെന്നും നിലനിൽക്കും. ഒമർ, ഞങ്ങൾ നിങ്ങളെ മറക്കില്ല. നിത്യശാന്തി ലഭിക്കട്ടെ’ -ലയണൽ മെസ്സി കുറിച്ചു.

ലോകകപ്പ് ട്രോഫിയും, 2022 ഫൈനലിസിമ ട്രോഫിയും പിടിച്ച് ഒമർ സ്യൂട്ടോക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു ത​ന്റെ ജീവിതത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ മനുഷ്യന് മെസ്സി യാത്രയയപ്പ് നൽകിയത്.

2003ൽ ​അർജന്റീന ദേശീയ ടീമുമായി കരാറിൽ ഒപ്പുവെച്ച മെസ്സി, യൂത്ത് ടീമിൽ അരങ്ങേറ്റം കുറിക്കുകയും 2005 അണ്ടർ 20 ലോകകപ്പിൽ ടീമിനെ കിരീട വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. പിന്നീട് കാൽപന്തു ലോകം കണ്ടത് അതിശയകരമായ അത്ഭുതങ്ങൾ.

മെസ്സിയെ മാത്രമല്ല, കഴിഞ്ഞ മൂന്നു പതിറ്റാണ്ടായുള്ള സേവനത്തിനിടയിൽ നിരവധി താരങ്ങളുടെ റിക്രൂട്ട്മെന്റിലും, മെൻറർ ഷിപ്പിലും ഒമർ സ്യൂട്ടോക്ക് പങ്കുണ്ടായിരുന്നു. ലോകകത്തിന്റെ വിവിധ ഭാഗങ്ങളിലായി കളിക്കുന്ന അർജന്റീന താരങ്ങളെ തിരിച്ചറിയുകയും, അവരുടെ കളി നിരീക്ഷിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകുകയും, ദേശീയ ടീമിലേക്ക് നിർദേശിക്കുകയും ചെയ്യൽ അദ്ദേഹം പതിവാക്കി.

ആഴ്സനലിൽ പകരക്കാരുടെ ബെഞ്ചിലിരുന്ന് മടുത്ത എമിലിയാനോ മാർടിനസിനെ വഴിതിരിക്കുന്നതും, ഗോളിയെന്ന നിലയിൽ ഫോം പ്രകടിപ്പിക്കാനും ആവശ്യപ്പെട്ടതും ഒമറായിരുന്നു. പിന്നാലെ ദേശീയ ടീമിലേക്കുള്ള ടിക്കറ്റും നൽകി.

30 വർഷം ദേശീയ ടീം മാനേജറായിരുന്ന ഒമറിന് ലോജിസ്റ്റിക് ഡ്യൂട്ടി, ​െപ്ലയർ റിലേഷൻ, അങ്ങനെ പലവിധ റോളുകളായിരുന്നു നിർവഹിച്ചത്.

കളിക്കാരും, മാനേജ്മെന്റുമായി അടുത്ത ബന്ധമുള്ള ഇദ്ദേഹത്തിന്റെ നിര്യാണത്തിൽ

ഹൂലിയൻ അൽവാരെസ്, റോഡ്രിഗോ ഡി പോൾ, പരേഡ്സ് തുടങ്ങിയ നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു.

അർജന്റീന ഫുട്ബാൾ അസോസിയേഷൻ മൂന്നു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ച് ആദരവർപ്പിച്ചു. എല്ലാ മത്സരങ്ങൾക്കും മുമ്പായി ഒരു മിനിറ്റ് മൗനവും ആചരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiArgentina Football TeamBarcelonaArgentina Football
News Summary - Lionel Messi bids farewell to Omar Souto
Next Story