ഗ്രാഷ്യാസ് ലിയോ; പിതാവിന്റെ വിടവാങ്ങലിനു പിന്നാലെ ലയണൽ മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനം
text_fieldsബ്വേനസ് ഐയ്റിസ്: രണ്ടു പതിറ്റാണ്ടുകാലം ലോകമെങ്ങും കാൽപന്തു കളിയുടെ ലഹരിയെ വൈദ്യുതി പോലെ പ്രസരിപ്പിച്ച ഫുട്ബാളിന്റെ ഇതിഹാസം ആ ആകാശ നീല വരയൻ കുപ്പായമഴിച്ച് മടങ്ങുന്നു. ഇന്നല്ലെങ്കിൽ നാളെയായി ആരാധക ലോകം പ്രതീക്ഷിച്ചതായിരുന്നു ആ വാർത്ത. നൂറ്റി ഇരുപത് വാരയിലെ പച്ചപ്പുൽ മൈതാനത്ത്, ഒരു പന്തിൽ തീർക്കാവുന്ന മായാജാലങ്ങളെല്ലാം പൂർത്തിയാക്കി, വെട്ടിപ്പിടിക്കാവുന്ന സിംഹാസനങ്ങളെല്ലാം തന്റേതാക്കി രാജവാഴ്ചയുടെ രണ്ടു പതിറ്റാണ്ടു കാലം തികച്ച് അയാൾ പടിയിറങ്ങി.
ഫുൾടൈമും, എക്സ്ട്രാ ടൈമും കണ്ട ഒരു ത്രസിപ്പിക്കുന്ന ഫുട്ബാൾ മാച്ചിന്റെ അവിശ്വസനീയതപോലെ നിറഞ്ഞാടിയ കരിയർ അസ്തമിച്ചു. ഇതിനിടയിൽ നേടാനുള്ളതെല്ലാം അയാൾ സ്വന്തമാക്കി കഴിഞ്ഞു. ലോകമെങ്ങുമുള്ള കോടാനുകോടി ആരാധകരുടെ മോഹം പോലെ ലോകകപ്പ് ഫുട്ബാളിന്റെ സുവർണ കിരീടത്തിൽ മുത്തമിട്ടത് നാലു വർഷം മുമ്പായിരുന്നു. 2014ൽ തലനാരിഴക്ക് നഷ്ടമായ കിരീടം, 2022ൽ ഖത്തറിന്റെ മണ്ണിൽ സ്വന്തമാക്കിയപ്പോൾ അർഹിച്ച നേട്ടമെന്ന് വിശേഷിപ്പിച്ചു. രണ്ടു വട്ടം കോപ അമേരിക്കയിലും ആ സുവർണ നായകൻ മുത്തമിട്ടു.
2016 കോപ ഫൈനലിലെ തോൽവിക്കു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് അജ്ഞാതവാസത്തിലേക്ക് പോയ മെസ്സി, ആരാധകരുടെയും ഇഷ്ടക്കാരുടെയും നിർബന്ധത്തിനു വഴങ്ങിയാണ് രണ്ടു മാസത്തിനു ശേഷം തിരികെയെത്തിയത്. 2026ൽ വീണ്ടുമൊരു ലോകകിരീടമെന്ന സ്വപ്നവുമായി കൂട്ടുകാർക്കൊപ്പം അമേരിക്കൻ മണ്ണിലെത്തി ഉജ്വലമായി പോരാടിയെങ്കിലും, ഫൈനലിലെ സ്പെയിനിനു മുന്നിലേറ്റ നഷ്ടത്തിന്റെ കണ്ണീരുമായാണ് മെസ്സിയുടെ പടിയിറക്കം.
ആശുപത്രിക്കിടക്കയിൽ പിതാവ് രോഗവുമായി പോരടിക്കുമ്പോഴായിരുന്നു മെസ്സി അമേരിക്കയിൽ ബൂട്ടുകെട്ടാനിറങ്ങിയത്. ഓരോ ഗോളിനും വിജയത്തിനും പിന്നാലെ പിതാവിനെയോർത്ത് അയാൾ കണ്ണീർ വാർത്തു. ഒടുവിൽ, ഫൈനലിൽ ടീമിന്റെ തോൽവിയുടെ വാർത്ത അറിയാതെ ഏതാനും ദിവസത്തിനുള്ളിൽ പിതാവ് മരണപ്പെട്ടതോടെ മെസ്സിയുടെ വിരമിക്കൽ ഉടനുണ്ടാവുമെന്നും വാർത്തകളുണ്ടായിരുന്നു.
ഫൈനലിന്റെ രണ്ടാം ദിവസം മൂന്ന് വെള്ളപേപ്പറിൽ സ്പാനിഷിൽ എഴുതി തയ്യാറാക്കിയ കുറിപ്പുകൾ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചുകൊണ്ടായിരുന്നു കാൽപന്ത് ആരാധകർക്ക് ഹൃദയ വേദനയായ ആ തീരുമാനം മെസ്സി പ്രഖ്യാപിച്ചത്. 2005ൽ തുടങ്ങി, 21 വർഷം നീണ്ട അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചുവെങ്കിലും ക്ലബ് ഫുട്ബാളിൽ ആ മായാജാലം തുടരുമെന്നതാണ് ആശ്വാസം. ഇന്റർ മയാമി കുപ്പായത്തിൽ നാല് ഗോളുകൾ അടിച്ചുകൂട്ടിയതിന്റെ ആഘോഷത്തിനിടയിലാണ് മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനമെന്നതും യാദൃശ്ചികം.
ലയണൽ മെസ്സി @ അർജന്റീന
- വയസ്സ്: 39
- ആകെ മത്സരങ്ങൾ: 207,
- ഗോളുകൾ 125, അസിസ്റ്റ് 65
ഫിഫ ലോകകപ്പ്
- 34 കളിയിൽ 21 ഗോളുകൾ, 12 അസിസ്റ്റ്
- ലോകകപ്പ് യോഗ്യത: 36 ഗോളുകൾ
- കോപ അമേരിക്ക: 14 ഗോളുകൾ
- സൗഹൃദ മത്സരങ്ങൾ: 54 ഗോളുകൾ
നേട്ടങ്ങൾ
- ഫിഫ ലോകകിരീടം- 2022
- കോപ അമേരിക്ക (2) 2021, 2024
- ഫൈനലിസിമ (1) 2022
യൂത്ത് കിരീടങ്ങൾ
- ഒളിമ്പിക് സ്വർണം: 2008 ബെയ്ജിങ്
- അണ്ടർ 20 ലോകകപ്പ്: 2005
അരങ്ങേറ്റം
- 2005 ആഗസ്റ്റ് 17; ഹംഗറിക്കെതിരെ (18 വയസ്സ്, കളിയുടെ 63ാം മിനിറ്റിൽ പകരക്കാരനായി തുടക്കം. പന്തു തട്ടി 47ാം സെക്കൻഡിൽ റെഡ് കാർഡുമായി പുറത്ത്)
- ഫസ്റ്റ് ഗോൾ: 2006 മാർച്ച് ഒന്ന്, ക്രൊയേഷ്യക്കെതിരെ.
- ലോകകപ്പ് അരങ്ങേറ്റം: 2006 ജൂൺ 16, സെർബിയക്കെതിരായ മത്സരത്തിൽ പകരക്കാരനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

