ചെൽസിയെ ഇനി ലിയാം റൊസീനിയർ പരിശീലിപ്പിക്കും, സർപ്രൈസ് എൻട്രി; ആറര വർഷത്തെ കരാർ
text_fieldsലണ്ടൻ: ചെൽസി ഫുട്ബാൾ ക്ലബിന്റെ മുഖ്യപരിശീലകനായി ലിയാം റൊസീനിയറിനെ നിയമിച്ചു. 2032 വരെ നീളുന്നതാണ് കരാറെന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് അറിയിച്ചു. എൻസോ മരെസ്കയുടെ പിൻഗാമിയാവാൻ ഫ്രഞ്ച് ക്ലബായ സ്ട്രാസ്ബർഗിൽനിന്നാണ് 41കാരൻ എത്തുന്നത്. ഫുൾഹാം, ബ്രൈറ്റൻ തുടങ്ങിയ ക്ലബുകളുടെ പ്രതിരോധ താരമായിരുന്ന റൊസീനിയർ ഇംഗ്ലണ്ടിന്റെ ദേശീയ യൂത്ത് ടീമുകൾക്കായും കളിച്ചിട്ടുണ്ട്.
ഡെർബി കൺട്രി ക്ലബിലായിരുന്നു പരിശീലകനായി തുടക്കം. "ചെൽസി ഫുട്ബോൾ ക്ലബിന്റെ മുഖ്യപരിശീലകനായി നിയമിതനായത് വലിയ ബഹുമതിയായി കാണുന്നു. അതുല്യ സ്പിരിറ്റും ട്രോഫികൾ നേടിയതിന്റെ അഭിമാനകരമായ ചരിത്രവുമുള്ള ക്ലബാണിത്. എന്റെ ജോലി ഐഡന്റിറ്റി സംരക്ഷിക്കുകയും ഓരോ കളിയിലും ട്രോഫികൾ നേടുന്നത് തുടരുമ്പോൾ ആ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ടീമിനെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്.
ഈ ജോലി ഏറ്റെടുക്കുന്നതിൽ നൽകിയ അവസരത്തിനും വിശ്വാസത്തിനും എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഈ ക്ലബ് അർഹിക്കുന്ന വിജയം കൊണ്ടുവരാൻ ഞാൻ എല്ലാം നൽകും. ടീം വർക്ക്, ഐക്യം, ഒരുമ, സഹവർത്തിത്വം എന്നിവയിൽ ഞാൻ ആഴത്തിൽ വിശ്വസിക്കുന്നു, ഞങ്ങൾ ചെയ്യുന്ന എല്ലാറ്റിന്റെയും കാതൽ ആ മൂല്യങ്ങളായിരിക്കും. അവ നമ്മുടെ വിജയത്തിന്റെ അടിത്തറയായിരിക്കും" -അദ്ദേഹം കൂട്ടിച്ചേർത്തു.
2022ൽ അമേരിക്കൻ ശതകോടീശ്വരൻ ഏറ്റെടുത്തതിനുശേഷമുള്ള ക്ലബിന്‍റെ അഞ്ചാമത്തെ സ്ഥിരം പരിശീലകനാണ്. ഫ്രാങ്ക് ലംപാർഡ്, തോമഷ് തുഷേൽ, ഗ്രഹാം പോട്ടർ എന്നിവരാണ് ടീമിനെ മുമ്പ് പരിശീലിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

