സെവിയ്യ: ഒരു കാലത്ത് ലോക ഫുട്ബാളിനെ ഭരിച്ച സംഘമെന്ന വലിയ വിലാസം ഇനിയും സഹായിക്കില്ലെന്ന് ഒരിക്കലൂടെ തെളിയിച്ച് യൂറോകപ്പിലെ രണ്ടാം മത്സരം. ഗ്രൂപ് 'ഇ'യിൽ അവസരങ്ങൾ കണക്കിലെടുത്താൽ ജയിക്കാമായിരുന്ന സ്പെയ്നിനെ പോളണ്ടാണ് 1-1ന് തളച്ചത്.
പതിവു പോലെ പാസിങ്ങിലും പന്തടക്കത്തിലും മുൻ ലോകചാമ്പ്യന്മാർ ഏറെ മുന്നിൽ നിന്നെങ്കിലും അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കുന്നതിൽ ദയനീയമായി പിഴച്ചു. പെനാൽറ്റി പോലും കളഞ്ഞുകുളിച്ചവർ സമനിലയുമായി മടങ്ങിയത് തന്നെ ഭാഗ്യമായി കരുതണം. ആദ്യ കളിയിൽ െസ്ലാവാക്യക്കെതിരെ ഗോൾരഹിത സമനിലയിൽ കുരുങ്ങിയ സ്പെയിനിന് കൂടുതൽ കരുത്തരായ എതിരാളികളായിരുന്നു പോളണ്ട്. എന്നിട്ടും പന്ത് പോളണ്ടിന്‍റെ പകുതിയിൽ നിർത്തി മൈതാനത്ത് അവർ ആധിപത്യമറിയിക്കുകയും ചെയ്തു. െസ്ലാവാക്യക്കെതിരെ 85 ശതമാനം കളിയും നിയന്ത്രിച്ചവർ ഇന്നലെ 76 ശതമാനം സമയവും പന്ത് സ്വന്തം കാലുകളിൽ നിർത്തി. പക്ഷേ, നിർഭാഗ്യം വില്ലനാകുകയായിരുന്നുവെന്ന് സ്പാനിഷ് ഫുൾബാക്ക് ജോർഡി ആൽബ പറയുന്നു.
25ാം മിനിറ്റിൽ ജെറാഡ് മോറിനോയുടെ പാസിൽ അൽവാരോ മൊറാറ്റ സ്പെയിനിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിക്ക് പിന്നാലെ 54ാം മിനിറ്റിൽ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി ഹെഡറിലൂടെ ഗോൾ നേടിയാണ് പോളണ്ട് സമനില പിടിക്കുന്നത്. തൊട്ടുപിന്നാലെ സ്പെയ്നിന് പെനാൽറ്റി ലഭിച്ചെങ്കിലും ജെറാഡ് മോറിനോ തുലച്ചു. പോസ്റ്റിൽ തട്ടി തിരിച്ചുവന്ന പന്ത് മൊറാറ്റക്കും ഗോളാക്കി മാറ്റാനായില്ല. മൊറീനോയെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിനായിരുന്നു റഫറി പെനാൽറ്റി അനുവദിച്ചത്.. രണ്ടാം മത്സരവും സമനിലയിലായതോടെ ഗ്രൂപിൽ സ്പെയ്നിന്റെ നില പരുങ്ങലിലായി.
ഒരു പതിറ്റാണ്ട് മുമ്പുവരെ ലോകത്തെ ഏറ്റവും ഭയക്കുന്ന ടീമുകളിെലാന്നായിരുന്നു സ്പാനിഷ് അർമഡ. ടികി ടാക ശൈലിയുമായി മൈതാനം നിറഞ്ഞവർ 2008, 2012 യൂറോ ചാമ്പ്യൻഷിപ്പും 2010ലെ ലോകകപ്പും സ്വന്തം പേരിൽ കുറിച്ചു. ആ ടീമിനു പഷേ, പ്രശ്നങ്ങളേറെ. മധ്യനിര തളർന്നതും മിടുക്കനായ സ്ട്രൈക്കറുടെ അഭാവവും പരിഹരിക്കാൻ ആരു വരുമെന്നാണ് ഒന്നാം ചോദ്യം. ഇന്നലെ ഗോൾ നേടിയ മൊറാറ്റ സ്വീഡനെതിരെ രണ്ട് തുറന്ന അവസരങ്ങളാണ് വെറുതെ കളഞ്ഞത്.
മറുവശത്ത്, പോളണ്ട് നിരയിൽ കരുത്തനായ ലെവൻഡോവ്സ്കി ഒറ്റയാനായി കളംനിറഞ്ഞു.