ഹോളണ്ടിന്റെ നിർഭാഗ്യത്തിന് ഖത്തറിൽ അന്ത്യം കുറിക്കട്ടെ
text_fieldsസ്വദേശമായ കോഴിക്കോട് ചാലിയം അങ്ങാടിയിൽ 1988ൽ പ്രാദേശിക സ്പോർട്സ് ക്ലബിന്റെ പരസ്യത്തിൽ റൂഡ് ഗുള്ളിറ്റിന്റെ കട്ടൗട്ട് സ്ഥാപിച്ചിരുന്നു. അന്നാണ് ആദ്യമായി ഗുള്ളിറ്റിന്റെ ചുരുണ്ട് നീണ്ടമുടിയുള്ള രൂപം കാണുന്നത്. പിന്നെ 1988ൽ യൂറോ കപ്പ് ഫൈനലിൽ സോവിയറ്റ് യൂനിയനുമായുള്ള ഹോളണ്ടിന്റെ കളി ആദ്യമായി കണ്ടു. അന്ന് ഹോളണ്ട് ടീം കപ്പടിച്ചതോടെ ഞാൻ ടീമിന്റെ കടുത്ത ആരാധകനായി. തുടർന്ന് ഹോളണ്ടിന്റെ ഒട്ടുമിക്ക കളികളും ടി.വിയിൽ കണ്ടിരിക്കൽ പതിവായി. ഇഷ്ടടീമിന്റെ ജയങ്ങളും തോൽവികളും പലകുറി കണ്ടു. ഖത്തറിൽ ലോകകപ്പിന് ആരവമുയരുമ്പോൾ ഇഷ്ടടീമായ നെതർലൻഡ്‌സ് എന്ന ഹോളണ്ട് കപ്പടിക്കുമെന്ന സ്വപ്നത്തിലാണിപ്പോൾ.
നിർഭാഗ്യംകൊണ്ട് പലകുറി കിരീടനേട്ടം നഷ്ടപ്പെട്ട ടീമാണ് ഹോളണ്ട്. ടോട്ടൽ ഫുട്ബാളിന്റെ ആശാന്മാർ 1974, 1978, 2010 എന്നീ വർഷങ്ങളിൽ കപ്പിനോട് അടുത്തുവരെയെത്തി പരാജയപ്പെട്ടു. യൊഹാൻ ക്രൈഫെന്ന ഇതിഹാസ താരത്തിന്റെ നേതൃത്വത്തിൽ 1974ലും ക്രൈഫ് കളിക്കാതിരുന്നിട്ടും 1978ൽ ഫൈനൽ വരെയും ഹോളണ്ടിന് എത്താൻ കഴിഞ്ഞു. രണ്ട് അവസരങ്ങളിലും ആതിഥേയരായ വെസ്റ്റ് ജർമനിയോടും അർജന്റീനയോടുമാണ് ഹോളണ്ട് പരാജയപ്പെട്ടത്. റൂഡ് ഗുള്ളിറ്റ്, മാർക്കോ വാൻബാസ്റ്റൻ, ഫ്രാങ്ക് റൈക്കാർഡ് എന്നിവർ ചേർന്ന് 1988ൽ യൂറോ കപ്പ് നേടിയതാണ് ഏറ്റവും സുപ്രധാന നേട്ടം.
2010ൽ റോബിൻ വാൻപേഴ്‌സി, ആര്യൻ റോബൻ, വെസ്‌നി സ്‌നൈഡർ എന്നീ കൂട്ടുകെട്ടിൽ സൗത്ത് ആഫ്രിക്കയിൽ നടന്ന വേൾഡ് കപ്പിൽ ഫൈനൽ വരെ എത്തി. സ്പെയിനുമായുള്ള ഫൈനലിൽ അവസാനനിമിഷം ഗോളെന്ന് ഉറപ്പിച്ച ആര്യൻ റോബന്റെ കിക്ക് സ്പെയിൻ ഗോൾ കീപ്പർ കാസിലസ് കാലുകൊണ്ട് രക്ഷപ്പെടുത്തുകയായിരുന്നു. ഫുട്ബാളിന്റെ ഏറ്റവും നിർഭാഗ്യമായ കാഴ്ചയായി അതിനെ ഹോളണ്ടും ആരാധകരും കരുതുന്നു. 2014ൽ ബ്രസീലിൽ നടന്ന വേൾഡ് കപ്പിൽ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.
പരിശീലകനായ വാൻഗാലിന്റെ കീഴിൽ വലിയ പ്രതീക്ഷയുമായാണ് ഹോളണ്ട് ഖത്തറിലെത്തുന്നത്. ബാഴ്‌സലോണയിൽ കളിക്കുന്ന ഫ്രാങ്ക് ഡി ജോങ്ക്, മെംഫിസ് ഡിപ്പായ്, ലിവർപൂൾ ഡിഫൻഡർ വിർജിൻ വാൻ ഡൈക്, മാഞ്ചസ്റ്റർ സിറ്റി താരം നാഥൻ അകെ, ബയേൺ മ്യൂണിക് താരങ്ങളായ ഡി ലൈറ്റ്, ഗ്രാവൻ ബെർഛ്, അയാക്സ് ആംസ്റ്റർഡാം താരങ്ങളായ ഡാവി ക്ലാസ്സെൻ, ജുറൈൻ ടിംബർ, സ്റ്റീവൻ ബെർജവിൻ, ബുർഗിസ്, ഇന്റർ മിലാൻ താരങ്ങളായ സ്റ്റെഫാൻ ഡി. വിർജ്, ഡാനിയേൽ ഡെംഫ്രിസ്, അറ്റ്ലാന്റയുടെ മാർട്ടിൻ ഡി റൂം, കൂപ് മേനേഴ്‌സ്, വിയ്യ റയലിന്റെ ഡാൻജുമ, പി.സ്.വിയുടെ ഗോളടി യന്ത്രം കോഡി ഗോക്പോ, ഗുസ്റ്റിൽ, സാവി സൈമോണ്ട്സ്, മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മലസിയ എന്നിവരടക്കം ലോക ക്ലബ് ഫുട്ബാളിൽ മുൻനിരയിൽ കളിക്കുന്നവരാണ് എല്ലാ ഹോളണ്ട് കളിക്കാരും.
വമ്പന്മാർ അടങ്ങുന്ന വൻനിരയെ മറികടന്നേ ഹോളണ്ടിന് കിരീടനേട്ടത്തിലേക്ക് ചുവടുവെക്കാനാകൂ. പ്രതിസന്ധികളെയെല്ലാം മറികടന്ന് ഹോളണ്ട് ഇത്തവണ കിരീടം കൈയെത്തിപ്പിടിക്കുമെന്നുതന്നെ ആരാധകർ വിശ്വസിക്കുന്നു.
നിങ്ങൾക്കും ലോകകപ്പിലെ ഇഷ്ട ടീം, കളിക്കാരൻ എന്നിവ പങ്കുവെക്കാം mail: kuwait@gulfmadhyamam.net
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

