തുടർച്ചയായ 29ാം മത്സരത്തിലും തോൽവിയറിയാതെ അർജന്‍റീന; കൊളംബിയയെ തകർത്തത് ഏകപക്ഷീയമായ ഒരു ഗോളിന്
text_fieldsബ്വേനസ് ഐറിസ്: തുടർച്ചയായ 29ാം മത്സരത്തിലും തോൽവിയറിയാതെ അർജന്‍റീന. കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലും അർജന്‍റീന വിജയിച്ചു. 29ാം മിനിറ്റിൽ ലൗതാരോ മാർട്ടിനസ് നേടിയ ഏക ഗോളിനാണ് അർജന്‍റീനയുടെ ജയം.
ലാറ്റിനമേരിക്കയിൽ നിന്നുള്ള നാല് ടീമുകളാണ് നേരിട്ട് ഖത്തർ ലോകകപ്പിന് ടിക്കറ്റുറപ്പിക്കുക. ഇതിൽ ബ്രസീലും അർജന്‍റീനയും ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. 24 പോയിന്‍റുള്ള ഇക്വഡോറും ലോകകപ്പ് യോഗ്യത ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. അഞ്ചാം സ്ഥാനത്തെത്തുന്ന ടീം ഏഷ്യയിൽ നിന്നുള്ള ടീമുമായി പ്ലേ ഓഫ് കളിക്കും.
അർജന്‍റീനക്കെതിരായ മത്സരത്തിലെ തോൽവിയോടെ കൊളംബിയ യോഗ്യത പോരാട്ടത്തിൽ ഏഴാം സ്ഥാനത്തേക്ക് വീണു. ഉറുഗ്വോ, ചിലി, പെറു തുടങ്ങിയ ടീമുകൾക്ക് പിന്നിലാണ് ഇപ്പോൾ കൊളംബിയയുടെ സ്ഥാനം.മെസിയില്ലാതെ ഇറങ്ങിയ അർജന്‍റീനയുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഡി മരിയയും മാർട്ടിനസുമായിരുന്നു.